‘തിയേറ്ററുടമകള്‍ സാഹചര്യം മനസിലാക്കണം’; തിയേറ്ററുകള്‍ അടച്ചിടുന്നതില്‍ സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി

കൊവിഡ് മൂന്നാം തംരഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഞായറാഴ്ചയും തിരുവനന്തപുരത്ത് എല്ലാ ദിവസവും തിയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ ഫിയോക് സമര്‍പ്പിച്ച ഹരജിയില്‍ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. നിലവിലത്തെ സാഹചര്യം തിയേറ്ററുടമകള്‍ മനസിലാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മാളുകള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ചിട്ടും തിയേറ്ററുകളുടെ പ്രവര്‍ത്തനം മാത്രം തടഞ്ഞത് ചോദ്യം ചെയ്താണ് ഫിയോക്ക് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജില്ലയില്‍ തിയേറ്ററുകള്‍ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ഫിയോക് ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു പഠനവും കൂടാതെയാണ് തീരുമാനമെടുത്തതെന്നാണ് തിയേറ്ററുടമകളുടെ വാദം. വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിലവിലെ നിയന്ത്രണമെന്ന മറുവാദം സര്‍ക്കാരും ഉയര്‍ത്തിയിട്ടുണ്ട്.

അമ്പത് ശതമാനം സീറ്റുകളില്‍ മാത്രം പ്രവേശനം നല്‍കുന്ന വിധത്തില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഫിയോക്കിന്റെ ആവശ്യം. തിരുവനന്തപുരത്ത് കൊവിഡ് കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടണമെന്ന ഉത്തരവിറക്കിയത്. നീതീകരിക്കാനാവാത്ത തീരുമാനമാണ് ഇതെന്നും മാളുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വൈറസ് തിയേറ്ററില്‍ മാത്രമായി കയറും എന്നതിന് എന്ന യുക്തിയാണുള്ളതെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ ചോദിച്ചു.

UPDATES
STORIES