‘ചുരുളി റിപ്പോര്‍ട്ടില്‍ മുന്‍തൂക്കം കലാകാരന്റെ സൃഷ്ടിസ്വാതന്ത്ര്യത്തിന്’; എഡിജിപി പദ്മകുമാര്‍

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’യില്‍ സഭ്യേതരമായ ഭാഷാ പ്രയോഗങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ നിയമിച്ച സമിതി ആദ്യ യോഗം ചേര്‍ന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം ചിത്രത്തില്‍ നിയമപരമല്ലാത്ത ഭാഷ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുകയെന്ന് സമിതിക്ക് നേതൃത്വം കൊടുക്കുന്ന എഡിജിപി കെ പദ്മകുമാര്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതിയാണ് അന്തിമ തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാവും ചുരുളി സിനിമ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക. നിയമപരമല്ലാത്ത ഭാഷാ പ്രയോഗങ്ങളുണ്ടോയെന്ന് പരിശോധിക്കും. സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല’, എഡിജിപിയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

സിനിമ കണ്ട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപി സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വില കല്‍പിച്ചുകൊണ്ടുതന്നെ പ്രദര്‍ശന യോഗ്യമല്ലാത്ത ഭാഷാപ്രയോഗങ്ങളോ ദൃശ്യങ്ങളോ ചിത്രത്തിലുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. എഡിഡിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ നസീമ എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതല.

ചുരുളിയില്‍ സഭ്യമല്ലാത്ത ഭാഷയാണുപയോഗിച്ചതെന്ന് എന്നാരോപിച്ച് പെഗ്ഗി ഫെന്‍ എന്ന വ്യക്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിക്കൊണ്ട് സെന്‍സര്‍ബോര്‍ഡ് തന്നെ നിയമലംഘനം നടത്തിയെന്നും ഇത്തരം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ത്യന്‍ പീനല്‍ കോഡിന്റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ഹരജി പരിഗണിക്കവെയായിരുന്നു കേസില്‍ ഡിജിപിയെ കക്ഷിചേര്‍ത്തുകൊണ്ട് സമിതി രൂപീകരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചത്.

‘ചുരുളി’ പ്രഥമദൃഷ്ട്യാ നിയമ ലംഘനം നടത്തിയിട്ടില്ലെന്നാണ് ഹെക്കോടതി കേസ് പരിഗണിക്കവേ വ്യക്തമാക്കിയത്. സംവിധായകനോട് വള്ളുവനാടന്‍, കണ്ണൂര്‍ ഭാഷാ ശൈലികളില്‍ മാത്രം ചിത്രമെടുക്കാന്‍ പറയാന്‍ കോടതിക്ക് കഴിയില്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്താനാവില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്. സെര്‍സര്‍ ചെയ്യാത്ത പതിപ്പാത്ത ഒടിടിയിലേതെന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. ഒടിടി റിലീസുകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ബാധകമല്ല.

UPDATES
STORIES