രണ്ടാഴ്ചകൊണ്ട് 1000 കോടി കടന്ന് ‘കെജിഎഫ് 2’ ബോക്‌സ് ഓഫീസ് കളക്ഷന്‍; ബോളിവുഡ് റെക്കോര്‍ഡുകളെ തകര്‍ത്ത് ഉജ്വല മുന്നേറ്റം

ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ തീര്‍ത്ത് യഷ് നായകനായെത്തിയ ‘കെജിഎഫ് ചാപ്ടര്‍ 2’. പ്രദര്‍ശനത്തിനെത്തി 14 ദിവസങ്ങള്‍ക്കകം ചിത്രം ആഗോള തലത്തില്‍ 1000 കോടി കളക്ഷന്‍ പിന്നിട്ടെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവുമധികം ചലനങ്ങളുണ്ടാക്കിയ ‘ആര്‍ആര്‍ആര്‍’, ‘ദങ്കല്‍’, ‘ബാഹുബലി-2’ എന്നിവയ്ക്ക് തൊട്ടുപിന്നിലായി കെജിഎഫ് ഇടംപിടിച്ചുകഴിഞ്ഞു.

ഏപ്രില്‍ 14ന് ആഗോള റിലീസായെത്തിയ ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്നുമാത്രം 134.50 കോടി സ്വന്തമാക്കിയിരുന്നു. 100 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പും റെക്കോര്‍ഡ് നേട്ടമോടെയാണ് മുന്നേറുന്നത്. ‘പികെ’, ‘സഞ്ജു’, ‘ടൈഗര്‍ സിന്ദാ ഹേയ്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് മുന്നില്‍ തകര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ബോളിവുഡില്‍ ഒരു കന്നഡ ചിത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതും ശ്രദ്ധേയമാണ്. ‘ബാഹുബലി രണ്ടിന് ശേഷം ആദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചിത്രത്തിന് ബോളിവുഡില്‍ ഇത്രയധികം ജനപ്രീതിയുണ്ടാവുന്നത്.

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 2018-ലാണ് കെജിഎഫിന്റെ ആദ്യഭാഗമെത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പുതന്ന വലിയ പ്രതീക്ഷകളുയര്‍ത്തിയിരുന്നു. ഹൊംബാള ഫിലിംസിന്റം ബാനറില്‍ വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മ്മിച്ചത്. പിരീഡ് ഡ്രാമാ ഗ്യാങ്സ്റ്റര്‍ വിഭാഗത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

കേരളത്തിലും ചിത്രം വലിയ മാര്‍ക്കറ്റ് പിടിച്ചടക്കിക്കഴിഞ്ഞു. അന്യഭാഷാ ചിത്രങ്ങളില്‍ ഏറ്റവും മികച്ച റിലീസ് ദിന കളക്ഷനും കേരളത്തില്‍നിന്നും കെജിഎഫ് നേടി. കേരളത്തില്‍ ആദ്യമായാണ് ഒരുചിത്രം ഇത്രയധികം ഓപ്പണിങ് കളക്ഷന്‍ നേടുന്നത്. 7.48 കോടിയാണ് കെജിഎഫിന് കേരളത്തില്‍നിന്നുണ്ടായ ആദ്യ ദിന കളക്ഷന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം സംസ്ഥാനത്ത് വിതരണം ചെയ്തത്.

യഷിനോടൊപ്പം ശ്രീനിധി ഷെട്ടി, പ്രകാശ് രാജ് രവീണ ടണ്ഡന്‍, മാളവിക അവിനാശ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ. ചിത്രസംയോജനം ഉജ്വല്‍ കുല്‍ക്കര്‍ണി. ചന്ദ്രമൗലി എം, ഡോ സൂരിട, പ്രശാന്ത് നീല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഭാഷണമൊരുക്കിയത്.

UPDATES
STORIES