കൊങ്കണയും മോഹിതും വീണ്ടും; ‘മുംബൈ ഡയറീസ്’ രണ്ടാം സീസൺ ഒരുങ്ങുന്നു

ആമസോണ്‍ പ്രൈമിന്‌റെ സൂപ്പര്‍ഹിറ്റ് സീരീസ് ആയ ‘മുംബൈ ഡയറീസ് 26/11’ സെക്കന്‍ഡ് സീസണ്‍ ഒരുങ്ങുന്നു. കൊങ്കണ സെന്‍ ശര്‍മ, മോഹിത് റെയ്‌ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖില്‍ അദ്വാനി ഒരുക്കിയ മെഡിക്കല്‍ ഡ്രാമയുടെ രണ്ടാം ഭാഗത്തിന്‌റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ആദ്യ സീസണിലെ അഭിനേതാക്കളായ ടീന ദേശായ്, ശ്രേയ ധന്വന്തരി, സത്യജിത് ദുബേ, നടാഷ ഭരദ്വാജ്, മൃണ്‍മയി ദേശ്പാണ്ഡെ, മിഷാല്‍ രഹേജ എന്നിവര്‍ തന്നെയായിരിക്കും രണ്ടാം സീസണിലും എത്തുക. എന്നാല്‍ കഥ പുതിയതായിരിക്കും. ഇക്കുറി ബോംബെ ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ നേരിടുന്നത് പുതിയൊരു വെല്ലുവിളിയായിരിക്കും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

എട്ട് എപ്പിസോഡുകളായി ഒരുങ്ങുന്ന രണ്ടാം സീസണ്‍ മോഹിത് അവതരിപ്പിക്കുന്ന ഡോക്ടര്‍ കൗശിക് ഒബ്‌റോയിയുടേയും കൊങ്കണയുടെ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ചിത്ര ദാസിന്‌റേയും വ്യക്തി ജീവിതത്തിലേക്ക് കൂടി ക്യാമറ തരിക്കും. പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ആളുകളെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് വിവരം.

കൊങ്കണയുടെ ആദ്യ വെബ്‌സീരിസ് കൂടിയായിരുന്നു മുംബൈ ഡയറീസ്. നിരവധി സ്‌ക്രിപ്റ്റുകള്‍ കേട്ടിരുന്നെങ്കിലും, താന്‍ കാണുമ്പോള്‍ ആസ്വദിക്കാന്‍ പാകത്തില്‍ ഒരു കഥയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത് എന്ന് നേരത്തേ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൊങ്കണ പറഞ്ഞിരുന്നു.

ആമസോണ്‍ പ്രൈം വീഡിയോ സീരീസ് മുംബൈ ഡയറീസ് 26/11 ഒരു ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ ഒരുക്കിയ ഒരു മെഡിക്കല്‍ ത്രില്ലറാണ്. ഒരു വലിയ ദുരന്തത്തെ നേരിടുന്നതില്‍ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫും മുംബൈയ്ക്ക് ചുറ്റുമുള്ള മറ്റുള്ളവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ആദ്യ സീസണ്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചത്. ജീവന്‍ രക്ഷിക്കാനും മറ്റുള്ളവരെ സുഖപ്പെടുത്താനുമുള്ള ഈ ശ്രമത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ നേരിട്ട ആശുപത്രി ജീവനക്കാരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയായിരുന്നു സീരീസ്.

UPDATES
STORIES