കെ.പി.എ.സി. ലളിത അന്തരിച്ചു

ചലച്ചിത്ര നടി കെ.പി.എ.സി ലളിത അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായിരുന്നു.

നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയുടെ ആദ്യ ചിത്രം കെ.എസ് സേതുമാതവന്റെ കൂട്ടുകുടുംബം ആണ്. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ലാണ് കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയത്. 550 ലധികം സിനിമകളുടെ ഭാ​ഗമായ കെ.പി.എ.സി ലളിതയ്ക്ക് രണ്ട് തവണ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ശാന്തം, അമരം എന്നീ ചിത്രങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.

അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥും ശ്രീക്കുട്ടിയുമാണ് മക്കൾ.

കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. പത്താംവയസ്സില്‍ ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. തുടർന്നാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ കെ.പി.എ.സി ലളിത ശ്രദ്ധനേടി.

സിനിമയിൽ എത്തിയതിന് ശേഷം 1978 ൽ പ്രമുഖ സംവിധായകൻ ഭരതനെ വിവാഹം ചെയ്തു. പിന്നീട് ഒരു ഇടവേളക്കു ശേഷം 1983 ൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിൽ അഭിനയിച്ചു. 1998 ജൂലൈ 29 ന് ഭർത്താവായ ഭരതൻ മരിക്കുകയും സിനിമയിൽ നിന്ന് വീണ്ടും ഒരു ഇടവേള ആവർത്തിച്ചു. പക്ഷേ 1999 ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമായി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു.

സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു. സി.പി.എം സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

UPDATES
STORIES