തിരക്കഥ, സംവിധാനം അനുരാഗ് കശ്യപ്; കൃതി സാനനെ ‘ദ ബ്രൈഡ്’ ആക്കി ‘കില്‍ ബില്‍’ റീമേക്ക് ഒരുങ്ങുന്നു

അനുരാഗ് കശ്യപിന്റെ അടുത്ത വരവ് ഹോളിവുഡ് ചിത്രം ‘കില്‍ ബില്‍’ റീമേക്കുമായാണെന്ന് സൂചനകള്‍. നടനും നിര്‍മ്മാതാവുമായ നിഖില്‍ ദ്വിവേദിയുടെ നിര്‍മ്മാണത്തില്‍ കൃതി സാനനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ചിത്രമൊരുക്കുന്ന വിവരം അനുരാഗ് കശ്യപ് തന്നെയാണ് പുറത്തുവിട്ടത്. പുലര്‍ച്ചെ തിരക്കഥാ രചനയില്‍ മുഴുകിയിരിക്കുന്ന തന്റെ ചിത്രം എകെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ‘മറ്റൊരു തിരക്കഥ കൂടി. ഉടന്‍ തുടങ്ങുന്നു.’ എന്ന ക്യാപ്ഷനൊപ്പം നിഖില്‍ ദ്വിവേദിയേയും കൃതി സാനനേയും സംവിധായകന്‍ ടാഗ് ചെയ്തിട്ടുണ്ട്. കണ്ണിറുക്ക്, സ്‌മൈലി, തീ ഇമോജികളുമായി നിഖില്‍ ദ്വിവേദി കമന്റ് ബോക്‌സിലെത്തി.

ഉമ തര്‍മന്‍, ക്വന്റിന്‍ ടറന്റിനോ എന്നിവര്‍ ‘കില്‍ ബില്‍’ ചിത്രീകരണത്തിനിടെ

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ക്വന്റിന്‍ ടറന്റിനോയുടെ വിഖ്യാത ചിത്രമായ ‘കില്‍ ബില്‍’ ആണ് അനുരാഗിന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങുന്നതെന്ന വാര്‍ത്ത ബോളിവുഡ് ലൈഫാണ് പുറത്തുവിട്ടത്. ഉമ തര്‍മന്‍ അവതരിപ്പിച്ച ബ്രൈഡ് കഥാപാത്രമായി കൃതി സാനന്‍ എത്തുമെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കില്‍ ബില്‍ റീമേക്ക് ചെയ്യാനുള്ള തന്റെ ആഗ്രഹം നിഖില്‍ ദ്വിവേദി മുന്‍പ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

കില്‍ ബില്‍ റീമേക്ക് ചെയ്യണമെന്ന് ഞാന്‍ പറയില്ല. റീമേക്ക് എന്നതിലുപരി ആ ചിത്രത്തോടുള്ള ഒരു ആദരപ്രകടനമായിരിക്കും അത്.

നിഖില്‍ ദ്വിവേദി

അതിന് വേണ്ടിയുള്ള ജോലികള്‍ തീര്‍ച്ചയായും തുടരുന്നുണ്ട്. അനുരാഗ് കശ്യപ് അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്. ആദ്യഘട്ടത്തിലേക്ക് കടക്കുകയാണെന്നും നിര്‍മ്മാതാവ് പ്രതികരിച്ചിരുന്നു. ചിത്രത്തേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടായേക്കും. ‘രാവിലെ നാല് മണിക്ക് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല’ എന്ന് നിഖില്‍ ദ്വിവേദി അനുരാഗിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചിട്ടുണ്ട്.

‘ദേവ് ഡി’, ‘ഗാങ്‌സ് ഓഫ് വസേയ്പൂര്‍’ എന്നീ ക്ലാസിക് ചിത്രങ്ങളൊരുക്കിയ അനുരാഗിന്റെ ‘ബ്രൈഡിനെ’ കാണാന്‍ ചലച്ചിത്രപ്രേമികള്‍ കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു. അടിമുടി സ്റ്റൈലന്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ കില്‍ ബില്‍ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് മാറ്റുന്നതെങ്ങനെയാകും എന്ന കൗതുകമാണ് മിക്കവര്‍ക്കുമുള്ളത്. റീമേക്ക് എന്നതിലുപരിയായി ഒരു അനുരാഗ് കശ്യപ് സിഗ്നേച്ചര്‍ ഐറ്റം തന്നെയാണ് ഒരുങ്ങുന്നതെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.

UPDATES
STORIES