ശങ്കറിന്റെ ബ്ലോക്ക്ബസ്റ്റര്‍ ‘ജെന്റില്‍മാന്’ രണ്ടാംഭാഗമൊരുങ്ങുന്നു; കെ.ടി കുഞ്ഞുമോന്റെ മടങ്ങിവരവില്‍ കീരവാണിയും

‘ജെന്റില്‍മാന്‍’, ‘കാതലന്‍’, ‘വസന്തകാല പാര്‍വൈ’, ‘സൂര്യന്‍’ തുടങ്ങിയ ബിഗ്ബജറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച കെ.ടി കുഞ്ഞുമോന്‍ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നു. ജെന്റില്‍മാന്റെ രണ്ടാം ഭാഗത്തിലൂടെയാണ് മടങ്ങിവരവ്. ‘ബാഹുബലി’യുടെയും ‘ആര്‍ആര്‍ആറി’ന്റെയും സംഗീതസംവിധായകനായിരുന്ന എം.എം കീരവാണിയാണ് ‘ജെന്റില്‍മാന്‍ 2’-നും സംഗീതമൊരുക്കുന്നത്.

മികച്ച പ്രൊമോഷന്‍ തന്ത്രങ്ങളോടെയാണ് കുഞ്ഞുമോന്‍ തിരിച്ചുവരവറിയിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ സംഗീത സംവിധായകനാരെന്ന് പ്രവചിക്കുന്നവര്‍ക്ക് സ്വര്‍ണനാണയം വാഗ്ദാനം ചെയ്ത് സോഷ്യല്‍മീഡിയയില്‍ ഒരു ഇളക്കമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1998ല്‍ ‘കൊണ്ടാട്ടം’ എന്ന ചിത്രത്തിന് ശേഷം കീരവാണി തമിഴില്‍ ചെയ്യുന്ന ആദ്യ ചിത്രം കൂടിയാവുമിത്.

‘ജെന്റില്‍മാന്‍ എന്ന ചിത്രം ഒരു ബിഗ് ബജറ്റ് ഫിലിംമേക്കര്‍ എന്ന നിലയിലേക്ക് ശങ്കറിന്റെ പേര് കുറിച്ചിടുക മാത്രമല്ല ചെയ്തത്. എ.ആര്‍ റഹ്‌മാന്‍ എന്ന സംഗീത മാന്ത്രികന്റെ വരവറിയിക്കുന്നതു കൂടിയായിരുന്നു ചിത്രം. പുതിയ പ്രൊജക്ടിലും റഹ്‌മാന്‍ വേണമെന്ന ആശയമായിരുന്നു കുഞ്ഞുമോന്‍ ആദ്യം മുന്നോട്ടുവെച്ചത്. പിന്നീടാണ് രാജമൗലി ചിത്രങ്ങള്‍ക്ക് എല്ലായിപ്പോഴും സംഗീതം ചെയ്യുന്ന മരഗതമണിയെന്ന കീര്‍വാണി മതിയെന്ന തീരുമാനത്തിലേക്കെത്തിയത്. ഇരുവരും പുതിയ ചിത്രത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചുകഴിഞ്ഞു’, ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചിത്രം ആര് സംവിധാനം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. ഒരു ബിഗ് ബജറ്റ് ചിത്രം ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധായകനെയാണ് കുഞ്ഞുമോന്‍ തേടുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവര്‍ പറയുന്നു. സംവിധായകനെ തീരുമാനിച്ച ശേഷമായും അഭിനേതാക്കളായി ആരൊക്കെയെത്തുമെന്ന കാര്യത്തില്‍ ധാരണയാവുക.

ശങ്കര്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ജെന്റില്‍മാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് 1993-ലായിരുന്നു റിലീസ് ചെയ്തത്. കുഞ്ഞുമോന്‍ തന്നെയായിരുന്നു നിര്‍മ്മാണം. തമിഴ് സൂപ്പര്‍ താരങ്ങളായിരുന്ന ഗൗതമിയും അര്‍ജുനും മധുബാലയും മനോരമയും ശുഭശ്രീയുമൊക്കെ വിവിധ വേഷങ്ങളിലെത്തിയ ചിത്രം 175 ദിവസം തിയേറ്ററുകള്‍ അടക്കിവാണ് ബോക്‌സ് ഓഫീസ് കുലുക്കി. സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ജെന്റില്‍മാന്‍ സ്വന്തമാക്കിയിരുന്നു.

ഈ തണലില്‍ ഇത്തിരി നേരം, ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, ഇവിടെ എല്ലാവര്‍ക്കും സുഖം, ഊഴം, അധോലോകം, മൃത്യുഞ്ജയം, സൈമണ്‍ പീറ്റര്‍ നിനക്കുവേണ്ടി, അധര്‍വം, പൊന്നരഞ്ഞാണം, ആകാശകോട്ടയിലെ സുല്‍ത്താന്‍, മിസ്റ്റര്‍ ആന്റ് മിസിസ് തുടങ്ങിയവയാണ് കെ.ടി കുഞ്ഞുമോന്‍ നിര്‍മ്മിച്ച മലയാള ചിത്രങ്ങള്‍.

UPDATES
STORIES