‘ഫന്റാസ്റ്റിക്! എന്റെ എല്ലാ സിനിമയിലും നിങ്ങള്‍ ഉണ്ടായേക്കും’; അന്ന് സംവിധായകന്‍ പറഞ്ഞതോര്‍ത്ത് ഉറങ്ങാന്‍ പോലുമായില്ലെന്ന് ‘കുവൈറ്റ് വിജയന്‍’

സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയ’ത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായിരിക്കുകയാണ് ചിത്രത്തില്‍ കുവൈറ്റ് വിജയനെ അവതരിപ്പിച്ച മനോജ് കെ.യു. മകളുടെ വിവാഹ നിശ്ചയം നടത്തുന്ന നാട്ടിന്‍പുറത്തുകാരനായ, കാര്‍ക്കശ്യക്കാരനായ അച്ഛന്റെ റോളില്‍ മനോജ് തിളങ്ങി. കാസ്റ്റിങ് കോള്‍ കണ്ട് ഫോട്ടോ അയച്ചുകൊടുത്ത് ചിത്രത്തിലേക്കെത്തിയ കഥ പറയുകയാണ് അദ്ദേഹം. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്.

കാസ്റ്റിങ് കോള്‍ കണ്ട് താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഫോട്ടോ അയച്ചുകൊടുത്തെങ്കിലും തന്നെ വേണ്ടെന്നായിരുന്നു സംവിധായകന്റെ ആദ്യ പ്രതികരണമെന്ന് മനോജ് പറയുന്നു. ‘ഷേവൊക്കെ ചെയ്ത് നരയൊക്കെ കറുപ്പിച്ച് നല്ല കുട്ടപ്പനായിട്ടുള്ള ഫോട്ടോയാണ് അയച്ചത്. ഇയാള്‍ പറ്റില്ലെന്നായിരുന്നു സെന്ന ഹെഗ്‌ഡെ കാസ്റ്റിങ് ഡയറക്ടര്‍ രാജേഷ് മാധവനോട് പറഞ്ഞത്. പിന്നീട് ഹെഗ്‌ഡെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ കണ്ടു. അതില്‍ ആദ്യത്തെ സീനുകളില്‍ ഞാനുണ്ട്. അതുകണ്ടതോടെ കുവൈത്ത് വിജയന്‍ ഞാനാണെന്ന് സംവിധായകന്‍ ഉറപ്പിച്ചുവെന്നാണ് പിന്നീട് അറിഞ്ഞത്’.

സിനിമയുടെ അവസാന ഘട്ടത്തില്‍ പണം കാണാതാവുന്ന രംഗം ഷൂട്ട് ചെയ്തതിനെക്കുറിച്ചും അതിന് സംവിധായകന്‍ നല്‍കിയ മികച്ച അഭിനന്ദനത്തെക്കുറിച്ചും മനോജ് അഭിമുഖത്തില്‍ വിവരിക്കുന്നു. ‘ആ രംഗം ഷൂട്ട് തുടങ്ങി മൂന്നാം ദിവസം എടുത്തതാണ്. അന്ന് എനിക്ക് സിനിമയുടെ ഒരു കഥയും അറിയില്ല. ഇതാണ് സീനെന്ന് ബ്രീഫ് ചെയ്ത് തന്നു. ഞാന്‍ അലമാരയില്‍ പൈസ തപ്പുകയാണ്. ബാക്കി സിനിമയില്‍ നിങ്ങള്‍ കാണുന്നത് മോന്‍ പൈസ എടുത്തിട്ടുണ്ടാവുമോ എന്ന് ആലോചിക്കുന്ന കുവൈറ്റ് വിജയനെയാണ്. പക്ഷേ, അന്ന് ശരിക്കും ചെയ്യാന്‍ പറഞ്ഞ രംഗം കഴിഞ്ഞിട്ടും ഇവരെന്താ കട്ട് പറയാത്തതെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. കുറച്ചുനേരം ആലോചിച്ച് നിന്നതിന് ശേഷം ഞാന്‍ മുന്നോട്ടുനടന്നു. അതോടെ കട്ട് പറഞ്ഞു. പിന്നെ ഒരു കയ്യടിയാണ് ഞാന്‍ കേള്‍ക്കുന്നത്. സംവിധായകന്‍ ഓടിവന്ന പറഞ്ഞു, ‘ഫന്റാസ്റ്റിക്, അമേസിങ്… ഒരുപക്ഷേ എന്റെ എല്ലാ സിനിമയിലും നിങ്ങള്‍ ഉണ്ടായേക്കാം…’ സന്തോഷം കൊണ്ട് എനിക്ക് അന്ന് ശരിക്കും ഉറങ്ങാന്‍ പോലും പറ്റിയില്ല’.

ചിത്രത്തിലെ ഒരു രംഗം

ചെറുപ്പംമുതല്‍ അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നെന്നും നാടകസംഘങ്ങളോട് ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങളെന്നും മനോജ് പറഞ്ഞു. വെയിറ്റിങ് ഫോര്‍ ഗോദോ, ഖസാക്കിന്റെ ഇതിഹാസം തുടങ്ങിയ നാടകങ്ങളിലും മനോജ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇലക്ട്രിക്, പ്ലംബിങ് ജോലികളാണ് ചെയ്തിരുന്നതെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൂര്‍ണമായും അഭിനയത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കപ്പേള, ഓട്ടര്‍ഷ എന്നീ ചിത്രങ്ങളിലും മനോജ് അഭിനയിച്ചിട്ടുണ്ട്.

സെന്ന ഹെഗ്ഡേയുടെ കോമഡി ഡ്രാമ മികച്ച പ്രതികരണങ്ങള്‍ നേടി സോണി ലൈവില്‍ സ്ട്രീമിങ്ങ് തുടരുകയാണ്. കാഞ്ഞങ്ങാട് പശ്ചാത്തലമായൊരുക്കിയ ചിത്രത്തിലെ മിക്ക അഭിനേതാക്കളും പുതുമുഖങ്ങളും കാസര്‍കോടുകാരുമാണ്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തിങ്കളാഴ്ച്ച നിശ്ചയം നേടിയിരുന്നു. ഏറ്റവും മികച്ച കഥയ്ക്കുള്ള അവാര്‍ഡും സംവിധായകന്‍ സെന്ന ഹെഗ്ഡേയ്ക്ക് ലഭിച്ചു.

UPDATES
STORIES