കുഞ്ചാക്കോ ബോബന്റെ തമിഴ് എന്‍ട്രി; ഉദ്വേഗം നിറച്ച് ‘രണ്ടഗം’, എത്തുന്നത് അരവിന്ദ് സ്വാമിക്കൊപ്പം

കുഞ്ചാക്കോ ബോബന്‍ തമിഴില്‍ ആദ്യമായി എത്തുന്ന ‘രണ്ടഗം’ ടീസര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമൊരുക്കുന്നത് ടി.പി ഫെല്ലിനിയാണ്. തമിഴ്-മലയാളം ഭാഷകളില്‍ ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ‘ഒറ്റ്’ എന്ന പേരിലാണ് മലയാളത്തില്‍ എത്തുക. തമിഴ് ടീസറാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തിലാണ് എത്തുന്നത് എന്നതാണ് ടീസര്‍ നല്‍കുന്ന സൂചന. ഇരുഭാഷകളിലും ഒരുകാലത്ത് റൊമാന്റിക് ഹീറോകള്‍ എന്ന വിശേഷണമുണ്ടായിരുന്ന താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന് പ്രഖ്യാപന ഘട്ടം മുതല്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

കുഞ്ചാക്കോ ബോബന്‍ ആദ്യമായി തമിഴിലെത്തുന്നതിനോടൊപ്പം അരവിന്ദ് സ്വാമി 25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 1996ല്‍ ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗമാണ് അരവിന്ദ് സ്വാമിയുടേതായി ഒടുവിലെത്തിയ മലയാളം ചിത്രം.

ത്രില്ലര്‍ എന്റര്‍ടൈനറായാണ് ചിത്രമെത്തുക. ഓരോ സീക്വന്‍സും തമിഴിലും മലയാളത്തിലുമായി മാറിമാറിയെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് ഫെല്ലിനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘തീവണ്ടി’ക്ക് ശേഷം ഫെല്ലിനിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം കൂടിയാണിത്. എസ് സഞ്ജീവിന്റേതാണ് തിരക്കഥ.

തെലുങ്ക് നടി ഈഷ റബ്ബെയാണ് മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം ജാക്കി ഷറോഫും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോവ, മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. എ.എച്ച് കാശിഫാണ് സംഗീതസംവിധാനം. ഗൗതം ശങ്കര്‍ ഛായാഗ്രഹണവും അപ്പു ഭട്ടത്തിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ആര്യയും ചേര്‍ന്നാണ് നിര്‍മ്മാണം.

UPDATES
STORIES