ഉദയയുടെ ‘അറിയിപ്പ്’; വീണ്ടും കുഞ്ചാക്കോ ബോബന്‍ – മഹേഷ് നാരായണന്‍ കോമ്പോ

‘ടേക്ക് ഓഫി’ന് ശേഷം മഹേഷ് നാരായണണനും കുഞ്ചാക്കോ ബോബനും വീണ്ടുമൊന്നിക്കുന്ന ‘അറിയിപ്പി’ന്റെ ചിത്രവുമായി കുഞ്ചാക്കോ ബോബന്‍. ‘അറിയിപ്പ്’ തിരക്കഥയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയുമൊരുക്കുന്നത്. ‘മാലിക്ക്’, ‘ആര്‍ക്കറിയാം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സനു ജോണ്‍ വര്‍ഗ്ഗീസാണ് അറിയിപ്പിന്റെയും സിനിമാട്ടോഗ്രാഫര്‍ എന്നാണ് വിവരം. ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും മഹേഷ് നാരായണന്‍, ഷെബിന്‍ ബക്കര്‍ എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉദയ പിക്‌ചേഴ്‌സിന്റെ തിരിച്ചുവരവിലെ രണ്ടാമത്തെ ചിത്രമായി അറിയിപ്പ് എത്തുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയിലോ’ ആയിരുന്നു ഉദയയുടെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം.

‘ഭീമന്റെ വഴി’യാണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രം പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അജയ് വാസുദേവിന്റെ ‘പകലും പാതിരാവു’മാണ് ഇനി പുറത്തിറങ്ങാനുള്ളത്. കുഞ്ചാക്കോ ബോബനും രജിഷ വിജയനുമാണ് പകലും പാതിരാവിലു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി മാസ് വേഷങ്ങളിലെത്തിയ ‘രാജാധി രാജ’, ‘മാസ്റ്റര്‍ പീസ്’, ‘ഷൈലോക്ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

UPDATES
STORIES