‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പ’ന് ശേഷം രതീഷ് പൊതുവാള് സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ സഹനിര്‍മാതാവായി കുഞ്ചാക്കോ ബോബന്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. സൂപ്പര്‍ ഡീലക്സ് ഫെയിം ഗായത്രി ശങ്കറും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംവിധായകന് രതീഷ് പൊതുവാള് തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്. ബേസില്‍, ഉണ്ണിമായ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രീകരണം കാസര്‍ഗോഡ് പൂര്‍ത്തിയായി.
ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷന്‍ ജോലികളാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവര്‍ത്തകരും നിര്‍മ്മാണ കമ്പനിയും നടത്തിയത്. കാസര്‍ഗോഡന്‍ ഗ്രാമങ്ങളുടെ പശ്ചാത്തലത്തില്‍ വികസിയ്ക്കുന്ന ഈ സിനിമയ്ക്കായ് വന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. നിരവധി കലാകാരന്മാരെ ഈ പ്രദേശങ്ങളില്‍ നിന്ന് കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തെരെഞ്ഞെടുക്കുകയും ചെയ്തിരുന്നു. ശേഷം ഈ കലാകാരന്മാരെ വെച്ച് മാത്രം സിനിമയുടെ ഒരു ചെറു രൂപം, യഥാര്‍ത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുമ്പായ് ഷൂട്ട് ചെയ്തു. ഫിനിഷിംഗ് സ്കൂളുകള്‍ക്ക് സമാനമായ പ്രക്രിയയിലൂടെ കടന്നുവന്നവര്‍ സിനിമയില്‍ അവസരം നേടി.
കാസര്‍ഗോട്ടെ അഞ്ച് ഗ്രാമങ്ങളില്‍ നിന്നായ് പത്തോളം ലൊക്കേഷനുകളിയായിരുന്നു അറുപത് ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിംഗ് നടന്നത്.
എസ്. ടി. കെ ഫ്രേംസിനൊപ്പം മലയാള സിനിമാ ചരിത്രത്തിലെ അതി പ്രശസ്ത ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉദയാ പിക്ചേഴ്സും, കുഞ്ചാക്കോ ബോബന് പ്രോഡക്ഷന്‍സും ഈ സിനിമയ്ക്കായ് കൈ കോര്‍ക്കുന്നത് വലിയ പ്രത്യേകതയാണ് .
ബോളിവുഡ് ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസാണ് (ഷേര്‍ണി ഫെയിം) ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റിങ്ങും ഡോണ്‍ വിന്‍സെന്റ് സംഗീതവും നിര്‍വഹിക്കുന്നു. ചിത്രം ജൂലൈ ആദ്യവാരം തീയറ്ററുകളില്‍ റിലീസ് ചെയ്യും.