‘ഉദയ എന്ന പേര് വെറുത്തിരുന്ന പയ്യനില്‍നിന്ന് രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കുന്നവനിലേക്ക്…’; കുഞ്ചാക്കോ ബോബന്‍

ബോബന്‍ കുഞ്ചാക്കോയ്ക്ക് പിറന്നാള്‍ ആശംസകളുമായി മകന്‍ കുഞ്ചാക്കോ ബോബന്‍. അച്ഛനില്‍നിന്നും തന്നിലേക്കെത്തിയ സിനിമാ ഭ്രമവും ഉദയാ സ്റ്റുഡിയോസിനെ സ്‌നേഹിക്കുന്ന തലത്തിലേക്കുള്ള വളര്‍ച്ചുമെല്ലാം പരാമര്‍ശിച്ചുള്ള കുറിപ്പിനൊപ്പമാണ് ആശംസ. അച്ഛനോടൊത്തുള്ള ചിത്രവും കുഞ്ചാക്കോ പങ്കുവെച്ചിട്ടുണ്ട്.

‘ഹാപ്പി ബര്‍ത്ത്‌ഡേ അപ്പാ… ഈ വര്‍ഷത്തെ ആശംസയ്ക്ക് ചില പ്രത്യേകതകളുണ്ട്. ഒരു തരത്തിലും സിനിമയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലാതിരുന്ന ആണ്‍കുട്ടി സിനിമയോടുള്ള അഭിനിവേശത്താല്‍ അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയില്ലാത്ത മനുഷ്യനിലേക്ക് വളര്‍ന്നു… സിനിമയില്‍ ഒരു വര്‍ഷം പോലും തികയ്ക്കാന്‍ കഴിയില്ലെന്ന് കരുതിയ ആണ്‍കുട്ടിയില്‍നിന്നും അവിടെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളിലേക്ക്… ഉദയ എന്ന പേര് വെറുത്തിരുന്ന ആണ്‍കുട്ടിയില്‍നിന്ന് ആ ബാനറില്‍ രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കുന്ന മനുഷ്യനിലേക്ക്…’

‘അപ്പാ… അഭിനയത്തോടും സിനിമയോടും ഉള്ള സ്‌നേഹവും അഭിനിവേശവും ഞാന്‍ പോലും അറിയാതെ് നിങ്ങള്‍ എന്നിലേക്ക് പകര്‍ന്നു തന്നു. നിങ്ങള്‍ പഠിപ്പിച്ചുതന്ന അടിസ്ഥാന പാഠങ്ങളില്‍നിന്നാണ് ഞാന്‍ പഠിച്ചതും സമ്പാദിച്ചതുമെല്ലാം. പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളില്‍ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാന്‍ ഇപ്പോഴും നിങ്ങളില്‍ നിന്ന് പഠിക്കുന്നു!’

‘ഇരുട്ടില്‍ എനിക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാന്‍ എന്നെ അനുഗ്രഹിക്കുകയും ചെയ്യുക. നിറയെ സ്‌നേഹം… ഉമ്മ’, കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ടേക്ക് ഓഫി’ന് ശേഷം മഹേഷ് നാരായണന്‍- കുഞ്ചാക്കോ ബോബന്‍ കോമ്പോയിലൊരുങ്ങുന്ന ‘അറിയിപ്പാ’ണ് ഉദയാ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം. മഹേഷ് നാരായണന്‍ തന്നെയാണ് തിരക്കഥയുമൊരുക്കുന്നത്. ഉദയയുടെ തിരിച്ചുവരവിലെ രണ്ടാമത്തെ ചിത്രമായി അറിയിപ്പ് എത്തുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയിലോ’ ആയിരുന്നു ഉദയയുടെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം.

ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ. അജയ് വാസുദേവിന്റെ ‘പകലും പാതിരാവു’മാണ് ഇനി പുറത്തിറങ്ങാനുള്ളത്. കുഞ്ചാക്കോ ബോബനും രജിഷ വിജയനുമാണ് പകലും പാതിരാവിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി മാസ് വേഷങ്ങളിലെത്തിയ ‘രാജാധി രാജ’, ‘മാസ്റ്റര്‍ പീസ്’, ‘ഷൈലോക്ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

UPDATES
STORIES