മരക്കാര്‍ വൈഡ് റിലീസ്: നിറഞ്ഞോടുന്ന ജാനേമന്‍, മാനാട്, കുറുപ്പ് എന്നീ ചിത്രങ്ങള്‍ തിയേറ്ററിന് പുറത്തേക്ക്

മരക്കാര്‍ വേള്‍ഡ് വൈഡ് റിലീസിനെത്തുമ്പോള്‍ തിയേറ്ററില്‍നിന്നും പുറത്താവുന്നത് നിലവില്‍ മികച്ച രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. കേരളത്തിലെ ആകെയുള്ള 631 സ്‌ക്രീനുകളില്‍ 626 ഇടങ്ങളിലും നാളെ മുതല്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം എത്തുകയാണ്. ചിത്രത്തിനായുള്ള പ്രീബുക്കിങ് തന്നെ 100 കോടി പിന്നിട്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മരയ്ക്കാര്‍ എത്തുന്നതോടെ ജാനേ മന്‍, കുറുപ്പ്, തമിഴ് ചിത്രം മാനാട് എന്നിവയ്ക്ക് തിയേറ്റര്‍ വിട്ടൊഴിയേണ്ടി വരും.

നവാഗത സംവിധായകന്‍ ചിദംബരത്തിന്റെ ‘ജാന്‍ എ മന്‍’ സ്‌ക്രീനിങ്ങുകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രദര്‍ശനം തുടരവെയാണ് മരക്കാറിന്റെ വരവ് എന്നതും ശ്രദ്ധേയമാണ്. നവംബര്‍ 19ന് സംസ്ഥാനത്തെ 90 തിയേറ്ററുകളില്‍ റിലീസായ ജാനേ മന്‍ രണ്ടാമത്തെ ആഴ്ച്ചയില്‍ 150ലധികം സിനിമാശാലകളിലേക്ക് വളര്‍ന്നുകഴിഞ്ഞു. മള്‍ട്ടിപ്ലക്സുകളില്‍ 3-4 ഷോകളുണ്ടായിരുന്നത് പലയിടത്തും 8 മുതല്‍ 10 വരെ ആയതോടെ സൂപ്പര്‍ഹിറ്റിലേക്കാണ് ജാന്‍ എ മന്നിന്റെ ഓട്ടമെന്നുവരെ വിലയിരുത്തലുകളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ട മികച്ച പ്രതികരണങ്ങളും സിനിമ കണ്ടവരുടെ ‘വേഡ് ഓഫ് മൗത്ത്’ അഭിപ്രായങ്ങളും ചിത്രം കാണാന്‍ കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററിലെത്തിച്ചു. ആദ്യ ആഴ്ച്ചകളില്‍ അഞ്ചുകോടി രൂപ കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ‘ജാന്‍ എ മന്‍’ റീമേക്കിന് വേണ്ടി ഇതരഭാഷകളില്‍ നിന്ന് അന്വേഷണങ്ങളും എത്തി. എന്നാല്‍, കേരളത്തിലെ തിയേറ്ററുകളെ ഭരിക്കാന്‍ മരക്കാര്‍ എത്തുന്നതോടെ ജാനേ മന്‍ സ്‌ക്രീനുകള്‍ക്ക് പുറത്താകുമെന്നുറപ്പാണ്.

രജനികാന്ത് ചിത്രം അണ്ണാത്തെയ്ക്ക് പിന്നാലെയായിരുന്നു ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത മാനാട് തിയേറ്ററുകളിലേക്കെത്തിയത്. തമിഴ്‌നാട്ടില്‍ ബോക്‌സ്ഓഫീസ് തരംഗമായ ചിത്രത്തിന് കേരളത്തിലും പ്രേക്ഷകരേറെയായിരുന്നു. ടൈം ട്രാവല്‍ കഥ പറയുന്ന ചിത്രം ചിമ്പുവിന്റെ കരിയറിലെ മികച്ച ഓപണിങ് കളക്ഷന്‍ നേടിയിരുന്നു. ആദ്യദിനം തമിഴ്‌നാട്ടില്‍ എട്ടുകോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. മൂന്ന് ദിവസം കൊണ്ട് അത് 30 കോടിയിലേക്കുയര്‍ന്നു. ചിമ്പുവിന്റെ തിരിച്ചുവരവായി ചിത്രം വിലയിരുത്തപ്പെട്ടുകഴിഞ്ഞു. കേരളത്തില്‍ ആദ്യ നാല് ദിവസം കൊണ്ട് 62 ലക്ഷമായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. മരക്കാര്‍ റിലീസ് ചെയ്യുന്നതോടെ കേരളത്തില്‍ മാനാടിന് തിയേറ്ററുകള്‍ ലഭിച്ചേക്കില്ല.

പ്രദര്‍ശനം തുടങ്ങിയ അന്നുമുതല്‍ തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെയും അവസ്ഥ മറ്റൊന്നല്ല. അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്ന കണക്കനുസരിച്ച് പല തിയേറ്ററുകളിലും ഷോകള്‍ ഇപ്പോഴും റിസര്‍വേഷന്‍ ഫുള്ളാണ്. നവംബര്‍ 25 വരെയുള്ള കണക്കുപ്രകാരം ചിത്രം ഇതുവരെ 75 കോടി കളക്ട് ചെയ്തു. ലോകമൊട്ടാകെയായി 35,000 ഷോകളും പിന്നിട്ടു. എന്നാല്‍ 626 സ്‌ക്രീനുകളില്‍ മരക്കാര്‍ എത്തുമ്പോള്‍ കേരളത്തില്‍ പിന്നെ ബാക്കിയാവുക വെറും അഞ്ച് സ്‌ക്രീനുകളാണ്. ഇതോടെ കുറുപ്പും തിയേറ്ററുകളില്‍നിന്ന് പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ഒന്നുവരെ ഹൗസ് ഫുള്ളായിരുന്ന ചിത്രത്തിനാണ് മരക്കാറോടെ സ്‌ക്രീനുകള്‍ വിടേണ്ടി വരിക.

കൂടാതെ, രണ്ടാമാഴ്ചയിലേക്ക് കടക്കുന്ന സുരേഷ് ഗോപി ചിത്രം കാവല്‍, ആസിഫ് അലിയുടെ എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങള്‍ക്കും സ്‌ക്രീനുകള്‍ കുറയും

ലോകമൊട്ടാകെ 4100 സ്‌ക്രീനുകളിലായിട്ടാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതുപ്രകാരം, ദിനംപ്രതി 16,000 ഷോകള്‍ ചിത്രത്തിനുണ്ടാകും. ഇത്രയധികം സ്‌ക്രീനുകളില്‍ ഒരു മലയാള സിനിമ എത്തുന്നത് ആദ്യമായിട്ടാണ്. കേരളത്തില്‍ 626 സ്‌ക്രീനുകളിലും വ്യാഴാഴ്ച മുതല്‍ മരയ്ക്കാറാണ് പ്രദര്‍ശിപ്പിക്കുക. കേരളത്തിലും ഇത്രയധികം സ്‌ക്രീനുകളില്‍ ഒരു ചിത്രമെത്തുന്നത് വളരെ ചുരുക്കമാണ്.

UPDATES
STORIES