കുറുപ്പ് എഫക്ടോ? പ്രിവ്യൂ ഇംപാക്ടോ?; ‘മരക്കാര്‍’ ഒടുവില്‍ തിയേറ്ററില്‍ നങ്കൂരമിട്ടതിങ്ങനെ

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ യാതൊരു ഉപാധികളും നിബന്ധനകളുമില്ലാതെ എല്ലാ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആഴ്ച്ചകളോളം നീണ്ട വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ തിയേറ്റര്‍ റിലീസില്‍ തീരുമാനമായത്. മരക്കാര്‍ തിയേറ്റര്‍ പ്രദര്‍ശനം അടഞ്ഞ അധ്യായമാണെന്ന് ഫിയോകും ആന്റണി പെരുമ്പാവൂര്‍ തന്നേയും സ്ഥിരീകരിച്ചിരുന്നു. ആമസോണ്‍ പ്രൈമുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയത് രാജ്യത്തെ ഏറ്റവും വലിയ ഡയറക്ട് ഒടിടി ഡീലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ആമസോണ്‍ സ്ട്രീമിങ്ങിനും ഏഷ്യാനെറ്റ് സംപ്രേഷണത്തിനും കൂടി ചേര്‍ന്ന് 90 കോടിയോളം രൂപ മരക്കാറിന് ലഭിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കിടെ മരക്കാറിന്റെ ഒടിടി പ്രയാണത്തിനിടെ അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കിയത് ചില സാഹചര്യങ്ങളും ഇടപെടലുകളുമാണ്.

കുറുപ്പ് പ്രീ ബുക്കിങ്ങ്

ഒക്ടോബര്‍ 25ന് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നത് ഒരുപിടി ഇംഗ്ലീഷ് ചിത്രങ്ങളുടെ ബലത്തിലാണ്. ‘നോ ടൈം ടു ഡൈ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ആദ്യ ദിനത്തില്‍ അനക്കമുണ്ടാക്കിയെങ്കിലും തുടര്‍ന്നങ്ങോട്ട് അനുവദിക്കപ്പെട്ട 50 ശതമാനം സീറ്റുകള്‍ നിറയാത്ത അവസ്ഥയുണ്ടായി. വമ്പന്‍ ഇനീഷ്യല്‍ ക്രൗഡ് പുള്‍ പ്രതീക്ഷിച്ച രജനി ചിത്രം ‘അണ്ണാത്തെ’ പ്രതീക്ഷിച്ച ചലനമുണ്ടാക്കിയില്ല. ശിവകാര്‍ത്തികേയന്റെ തമിഴ് ചിത്രം ‘ഡോക്ടര്‍’ ആണ് ഇതുവരെ എത്തിയതില്‍ മികച്ചതായി പ്രേക്ഷകര്‍ക്ക് തോന്നിയത്. പക്ഷെ, ഒക്ടോബര്‍ ആദ്യവാരം തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തിരുന്ന ഡോക്ടര്‍ നവംബര്‍ ആദ്യ ആഴ്ച്ച നെറ്റ്ഫ്‌ളിക്‌സിലെത്തി.

കൊവിഡ് ആശങ്കകളെ മറികടന്ന് ചെറുപ്പക്കാരേയും കുടുംബ പ്രേക്ഷകരേയും തിയേറ്ററുകളിലെത്തിക്കാന്‍ ഒരു മുന്‍നിര നടന്റെ മലയാള ചിത്രം തന്നെ വേണമായിരുന്നു. 35 കോടി ചെലവിട്ട് നിര്‍മ്മിച്ച ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പാണ് ഒടുവില്‍ ആ റോള്‍ ഏറ്റെടുത്തത്. നെറ്റ്ഫ്‌ളിക്‌സ് മുന്നോട്ടുവെച്ച 40 കോടിയുടെ ഡയറക്ട് ഒടിടി ഓഫറാണ് ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനിയായ വേ ഫാറര്‍ വേണ്ടെന്നുവെച്ചത്. കുറുപ്പ് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മിച്ച ചിത്രമാണെന്ന് ദുല്‍ഖര്‍ പലകുറി ആവര്‍ത്തിച്ചിരുന്നു. കുറുപ്പ് കണ്ട മമ്മൂട്ടി ഇത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചതിന് പിന്നാലെ പരമാവധി സഹകരണവുമായി തിയേറ്റര്‍ ഉടമകള്‍ രംഗത്തുവന്നു. രണ്ടാഴ്ച്ച മുന്നേ ആരംഭിച്ച പ്രീ ബുക്കിങ്ങില്‍ തന്നെ കുറുപ്പ് ഹൗസ്ഫുള്ളായി. ഇത് വമ്പന്‍ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടേയും തിയേറ്ററുകളുടേയും ആത്മവിശ്വാസം കൂട്ടി. 450 സ്‌ക്രീനുകളില്‍ രണ്ടാഴ്ച്ചയെങ്കിലും കുറുപ്പ് ഓടിക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പ്രഖ്യാപിച്ചു. കുറുപ്പ് ടിക്കറ്റുകളുടെ ഡിമാന്‍ഡ് ശുഭ സൂചനയാണെന്ന് മന്ത്രി സജി ചെറിയാനും ചൂണ്ടിക്കാട്ടുകയുണ്ടായി.

മോഹന്‍ലാലിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്നാണ് ഒടിടി തെരഞ്ഞെടുത്തതെന്ന് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. നാല് ചിത്രങ്ങള്‍ കൂടി ഒടിടിക്ക് നല്‍കുമെന്നും നിര്‍മ്മാതാവ് പ്രഖ്യാപിച്ചു. തിയേറ്ററുകള്‍ പ്രതിസന്ധിയിലായിരിക്കെ മലയാള സിനിമയിലെ രണ്ട് മുന്‍ നിര നടന്‍മാരും നിര്‍മ്മാതാക്കളും സ്വീകരിച്ച നിലപാട് ചര്‍ച്ചയായി. ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മോഹന്‍ലാല്‍ ആരാധകര്‍ക്കിടയിലെ അതൃപ്തിയും പരസ്യമായതോടെ ആശിര്‍വാദ് സിനിമാസ് സമ്മര്‍ദ്ദത്തിലായി.

മരക്കാര്‍ പ്രിവ്യൂ

മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യണമെന്ന് സംവിധായകന്‍ പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാനവേഷം ചെയ്ത നടി കല്യാണി പ്രിയദര്‍നും മുന്‍പേ തന്നെ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ ലാലും പ്രിയദര്‍ശനും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ വെളിപ്പെടുത്തി. പ്രിയദര്‍ശന്‍ സങ്കടത്തോടെയാണ് ഒടിടി റിലീസിന് സമ്മതിച്ചതെന്നും നഷ്ടം വന്നാല്‍ ഉത്തരം പറയാനാകില്ലെന്ന സ്ഥിതി വന്നപ്പോള്‍ മാത്രമാണ് അതിന് അനുവദിച്ചതെന്നും ഇരുവരുടേയും സുഹൃത്ത് കൂടിയായ സുരേഷ് കുമാര്‍ പറയുന്നു.

നവംബര്‍ എട്ടിന് ചെന്നൈയില്‍ നടി ലിസിയുടെ ഉടമസ്ഥയിലുള്ള ലേ മാജിക് ലാന്റേണ്‍ റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയില്‍ മരക്കാറിന്റെ പ്രിവ്യൂ നടന്നു. മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, പ്രണവ് മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് റോയ് സി ജെ, വിനീത് ശ്രീനിവാസന്‍, സമീര്‍ ഹംസ എന്നിവരുള്‍പ്പെടെ 20ഓളം പേരാണ് സ്‌ക്രീനിങ്ങിനുണ്ടായിരുന്നത്. ചിത്രത്തിന്റെ ‘ഫൈനല്‍ ഔട്ട്’ മോഹന്‍ലാല്‍ ആദ്യമായി കണ്ടത് ഈ പ്രിവ്യൂവിലാണ്. ചിത്രത്തേക്കുറിച്ച് മികച്ച പ്രതികരണമായിരുന്നു എല്ലാവര്‍ക്കും. മരക്കാര്‍ തിയേറ്റര്‍ പ്രദര്‍ശനം മിസ്സാകരുതെന്ന് മോഹന്‍ലാലിന്റെ കുടുംബവും അഭിപ്രായപ്പെട്ടു. ഏറ്റവും അടുപ്പമുള്ളവരുടെ സത്യസന്ധമായ വിലയിരുത്തല്‍ മുഖവിലയ്‌ക്കെടുത്ത മോഹന്‍ലാല്‍ ഒടുവില്‍ തിയേറ്റര്‍ എന്ന ഓപ്ഷന്‍ വീണ്ടും പരിഗണിക്കാമെന്ന് ആന്റണി പെരുമ്പാവൂരിനോട് നിര്‍ദ്ദേശിച്ചു.

മരക്കാര്‍ പ്രിവ്യൂവിനേക്കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകരിലും കൗതുകം വര്‍ധിപ്പിച്ചിട്ടുണ്ട്. ആവിഷ്‌കാര ഭംഗിയുടെ വിരുന്നാണ് മരക്കാര്‍ എന്നാണ് സഹനിര്‍മ്മാതാവ് റോയ് സിജെ ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിന്റെ സാങ്കേതികത്തികവിനേക്കുറിച്ചും മികച്ച അഭിപ്രായങ്ങളുണ്ട്. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കടല്‍യുദ്ധമാണ് പ്രധാന ഹൈലൈറ്റായി പറയുന്നത്. വിഷ്വല്‍ എഫക്ട്‌സുകളുടെ കാര്യത്തില്‍ പ്രിയദര്‍ശന്‍ അങ്ങേയറ്റം ആത്മവിശ്വാസം പ്രകടിപ്പിച്ച് നടത്തിയ പരാമര്‍ശങ്ങളും പ്രതീക്ഷയേറ്റുന്നുണ്ട്.

സര്‍ക്കാര്‍ ഇടപെടല്‍

മരക്കാര്‍ റിലീസ് അനിശ്ചിതത്വത്തില്‍ നില്‍കുന്ന സമയത്താണ് ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍ സംശയമേതുമില്ലാതെ പ്രഖ്യാപിച്ചത്. ഫിലിം ചേംബര്‍ പ്രതിനിധികളും ആന്റണി പെരുമ്പാവൂരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ നവംബര്‍ മൂന്നിന് തിയേറ്റര്‍ ഉടമകളുമായും ആന്റണിയുമായും ചര്‍ച്ച നടത്താന്‍ സജി ചെറിയാന്‍ ശ്രമിച്ചിരുന്നു. തിയേറ്ററുടമകള്‍ തന്റെ ഉപാധികള്‍ അംഗീകരിക്കാത്തതുകൊണ്ട് ഒടിടി തന്നെയാണ് മാര്‍ഗമെന്ന് ചൂണ്ടിക്കാട്ടി ആന്റണി ചര്‍ച്ചയില്‍ നിന്നൊഴിഞ്ഞു. പക്ഷെ, ചര്‍ച്ചയ്ക്കുള്ള ഇടവും സാധ്യതയും സര്‍ക്കാര്‍ തുറന്നിട്ടു.

സിനിമകള്‍ ഒടിടിയിലേക്ക് പോകുന്ന പ്രവണത വ്യവസായത്തിന്റെ നിലനില്‍പിനെ ബാധിക്കുമെന്ന നിരീക്ഷണമാണ് സര്‍ക്കാരിനുള്ളത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവനോപാധിയാണിതെന്ന് മന്ത്രി സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി. എല്ലാ സിനിമകളും തിയേറ്ററില്‍ റിലീസ് ചെയ്യണം. ഒരു സിനിമയും ഒടിടിയില്‍ പോകാന്‍ പാടില്ല. സര്‍ക്കാരിനും വലിയ നഷ്ടം സംഭവിക്കും. ഈ ട്രെന്‍ഡ് വന്നാല്‍ വലിയ പ്രയാസമാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സര്‍ക്കാരിന് തിയേറ്ററുകളുള്ളതും തിയേറ്ററിലെ വിനോദ നികുതി വഴിയുള്ള വരുമാനവുമാണ് സജി ചെറിയാന്‍ പരോക്ഷമായി പരാമര്‍ശിച്ചത്. സാംസ്‌കാരികവകുപ്പും ടൂറിസം വകുപ്പും സംയുക്തമായി നടത്താന്‍ പോകുന്ന ‘സിനിമാ ടൂറിസം’ പദ്ധതി ആലോചനയിലുള്ളതും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.

വ്യക്തിപരമായ സംഭാഷണങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്. ആ സംസാരങ്ങളൊക്കെ അംഗീകരിച്ച് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് വരാന്‍ പല ആളുകളുടേയും ഇടപെടല്‍ ആന്റണിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകും.

സജി ചെറിയാന്‍

കുറുപ്പ് പ്രീ ബുക്കിങ്ങും മരക്കാര്‍ പ്രിവ്യൂവും നിര്‍മ്മാതാക്കളുടെ ആത്മവിശ്വാസം ഉയര്‍ത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുന്നത്. കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, നിര്‍മ്മാതാക്കളുടെ സംഘടനയായ കെ എഫ് പി എ, ഫിയോക്, ഫിലിം ചേംബര്‍ എന്നിവരെയെല്ലാം സര്‍ക്കാര്‍ ഒരു കുടക്കീഴിലെത്തിച്ചു. ഡിസംബര്‍ 31 വരെ വിനോദ നികുതി ഈടാക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ തിയേറ്ററുടമകള്‍ അയഞ്ഞു. ഉപാധികളൊന്നുമില്ലെന്നും നഷ്ടം തനിയെ വഹിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയതോടെ അഭിപ്രായ ഭിന്നതകള്‍ അവസാനിച്ചു.

UPDATES
STORIES