ഇനി അലക്‌സാണ്ടറുടെ വരവാണ്; കുറുപ്പിന് രണ്ടാംഭാഗം ഒരുങ്ങുന്നു

തിയേറ്ററുകളെ വീണ്ടും ജനസാന്ദ്രമാക്കിയെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് രണ്ടാം ഭാഗമൊരുങ്ങുന്നു. പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ ജീവിതത്തിലെ അത്ര അറിയപ്പെടാത്ത മറ്റൊരു ഏടാണ് രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറുപ്പ് സിനിമയുടെ അവസാനഭാഗത്ത് രണ്ടാം ഭാഗമുണ്ടായേക്കുമെന്ന സൂചനയുണ്ടായിരുന്നു. ചിത്രത്തിന്റെ ടെയില്‍ എന്‍ഡില്‍ അലക്‌സാണ്ടര്‍ എന്ന പേരും എഴുതിക്കാണിച്ചിരുന്നു. ഫിന്‍ലന്‍ഡില്‍ അലക്‌സാണ്ടര്‍ എന്ന വ്യാജപേരില്‍ താമസിക്കുന്ന സുകുമാരക്കുറിപ്പിന്റെ കഥയാവും രണ്ടാംഭാഗത്തിലുണ്ടാവുക.

‘അലക്‌സാണ്ടര്‍’ എന്ന പേരിലാണ് രണ്ടാംഭാഗമിറങ്ങുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. സുകുമാരക്കുറുപ്പ് വീണ്ടുമെത്തുന്നു എന്ന സൂചന നല്‍കി ‘ദ റൈസ് ഓഫ് അലസാണ്ടര്‍’ എന്ന മോഷന്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കുകയും ചെയ്തു. ഈ മോഷന്‍ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

40 ദിവസം തിയേറ്ററുകളില്‍ നിറഞ്ഞോടിയ കുറുപ്പ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലും സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിലെത്തുന്നത്. തിയേറ്ററിലെത്തി രണ്ടാഴ്ചയ്ക്കകം ചിത്രം ആഗോള വ്യാപകമായി 75 കോടിയോളം കളക്ഷന്‍ നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നായിരുന്നു നിര്‍മ്മാണം. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും തയ്യാറാക്കി. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചു. കമ്മാരസംഭവത്തിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിച്ചു. ശോഭിത ധുലിപാല, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തി.

UPDATES
STORIES