നടിയെ ആക്രമിച്ച കേസ്: ‘നിങ്ങൾക്കൊക്കെ അറിയാവുന്നതേ എനിക്കും അറിയൂ’ എന്ന് ലാൽ

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനും നിർമാതാവുമായ ലാൽ. നാല് വര്‍ഷം മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ കാര്യങ്ങളല്ലാതെ ഈ വിഷയത്തില്‍ താന്‍ മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും നിങ്ങള്‍ക്കൊക്കെ അറിയാവുന്ന കാര്യങ്ങളെ തനിക്കും അറിയൂവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ലാല്‍ പറഞ്ഞു.

‘പ്രിയ നടി എന്‌റെ വീട്ടിലേക്ക് അഭയം തേടി എത്തിയ ആ ദിവസം കഴിഞ്ഞ് നാല് വര്‍ഷത്തോളം ആകുന്നു. ആ ദിവസം അതിനടുത്ത ദിവസങ്ങളിലും എന്‌റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യപ്രവര്‍ത്തകരോട് അന്നേദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നതല്ലാതെ പിന്നീട് ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിന് മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല; കാരണം നിങ്ങള്‍ക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നതു തന്നെയാണ്. എന്നാല്‍ നാലു വര്‍ഷം മുന്‍പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്‌റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നു. ഇന്ന് ഈ കുറിപ്പെഴുതാന്‍ കാരണം അന്ന് ഞാന്‍ പ്രതികരിച്ച കാര്യങ്ങള്‍ വിഷ്വലില്ലാതെ എന്‌റെ ശബ്ദം മാത്രമായി ഇന്ന് ഞാന്‍ പറയുന്ന അഭിപ്രായമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഒരുപാടുപേര്‍ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും ചിലര്‍ നല്ലവാക്കുകളും വളരെ മോശമായി മറ്റുചിലര്‍ അസഭ്യവര്‍ഷങ്ങളും എന്‌റെ മേല്‍ ചൊരിയുന്നതില്‍ ഞാന്‍ അസ്വസ്ഥനായതുകൊണ്ടാണ്.’

ആരാണ് കുറ്റക്കാരൻ ആരാണ് നിരപരാധി എന്ന് പൊലീസും കോടതിയും കണ്ടെത്തട്ടെ എന്നും സ്വന്തം നിഗമനങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കരുതെന്നും ലാൽ വ്യക്തമാക്കി.

UPDATES
STORIES