‘ലിജോ ആദ്യം അഭിനയിച്ചു കാണിച്ചു, പിന്നെ ഇംപ്രൊവൈസ് ചെയ്യിച്ചു’; ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തേക്കുറിച്ച് രമ്യ പാണ്ഡ്യന്‍

രാജു മുരുകന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറക്കിയ ‘ജോക്കറി’ലെ പ്രകടനമാണ് തനിക്ക് ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തില്‍ അവസരം നേടിത്തന്നതെന്ന് രമ്യ പാണ്ഡ്യന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും സംഘവും മമ്മൂട്ടിയും ജോക്കര്‍ കണ്ടിരുന്നു. അവര്‍ക്ക് എന്റെ അഭിനയം ഇഷ്ടപ്പെട്ടു. ഒരുമിച്ച് സിനിമ ചെയ്യാമെന്ന് ലിജോ മുന്നേ അറിയിച്ചിരുന്നു. പക്ഷെ, ആ പ്രൊജക്ട് സംഭവിച്ചില്ല. ബിഗ് ബോസ് തമിഴില്‍ എന്നെ അദ്ദേഹത്തിന്റെ ടീം വീണ്ടും കണ്ടതോടെയാണ് വിളി വന്നതെന്ന് നടി പറഞ്ഞു.

രമ്യ പാണ്ഡ്യന്‍ / നന്‍പകല്‍ നേരത്ത് മയക്കം സെറ്റില്‍

താന്‍ ചെയ്യുന്ന വേഷത്തേക്കുറിച്ച് ഒരു വിവരവും പുറത്തുവിടാനാകില്ലെന്ന് രമ്യ പാണ്ഡ്യന്‍ പ്രതികരിച്ചു. ഏറ്റവും സ്വാധീനം ചെലുത്തുന്ന സംവിധായകരില്‍ ഒരാളാണ് ലിജോ. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാനാകുന്നതില്‍ വലിയ ആവേശമുണ്ടായിരുന്നു. ഒരു ടീമിനോട് പരുവപ്പെടാന്‍ ഞാന്‍ രണ്ട് ദിവസമെടുക്കാറുണ്ട്. ഇവിടേയും അതുണ്ടായി. തന്റെ അഭിനേതാക്കളില്‍ നിന്ന് ലിജോ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് മനസിലായി. ആദ്യം ലിജോ എന്നെ അഭിനയിച്ചു കാണിച്ചു. പിന്നീട്, അഭിനേതാക്കള്‍ക്ക് ഇമോഷന്‍സ് വിശദീകരിച്ചുകൊടുത്തു. എന്നിട്ട് ആക്ടേഴ്‌സിനെ അവരുടേതായ രീതിയില്‍ പ്രകടനം നടത്താന്‍ സജ്ജരാക്കിയെന്നും നടി പറഞ്ഞു.

ഞങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് എടുക്കാനായി ലിജോ ജോസ് പെല്ലിശ്ശേരി വ്യത്യസ്തമായ അഭിനയ പ്രകടനങ്ങള്‍ ആവശ്യപ്പെട്ടു.

രമ്യ പാണ്ഡ്യന്‍

ഒരു സീനിലെ അഭിനയത്തിന് സംവിധായകന്റെ പ്രശംസ ലഭിച്ചെന്നും രമ്യ പ്രതികരിച്ചു. ടീമില്‍ പുതിയ ആളായതുകൊണ്ട് ആദ്യസമയത്ത് നിശബ്ദയായിരുന്നു. പിന്നീട് മമ്മൂട്ടി ഇങ്ങോട്ട് സംസാരിച്ചുകൊണ്ടെത്തി. അദ്ദേഹം വളരെ ലാളിത്യവും നര്‍മ്മബോധവുമുള്ള മനുഷ്യനാണ്. ഷൂട്ടിനിടെ ഒട്ടേറെ കാര്യങ്ങളേക്കുറിച്ച് അദ്ദേഹം സംസാരിച്ചെന്നും നടി കൂട്ടിച്ചേര്‍ത്തു.

രമ്യ പാണ്ഡ്യന്‍, മമ്മൂട്ടി

28 ദിവസത്തെ ഷൂട്ടിനൊടുവില്‍ ഡിസംബര്‍ അഞ്ചിനാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രീകരണം അവസാനിപ്പിച്ചത്. ഒറ്റ ഷെഡ്യൂളിലായിരുന്നു ഷൂട്ട്. നവംബര്‍ ഏഴിന് വേളാങ്കണ്ണിയില്‍ ചിത്രീകരണം അരംഭിച്ച ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു.

ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘മമ്മൂട്ടി കമ്പനി’ എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ ചിത്രം കൂടിയാണിത്. ലിജോയുടെ ‘ആമേന്‍ മൂവി മൊനാസ്ട്രി’ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നു. തമിഴ്നാട് പശ്ചാത്തലമായൊരുക്കുന്ന ചിത്രത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അശോകന്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ക്ലാസിക്കുകളായ ‘അനന്തരം’, ‘യവനിക’, ‘അമരം’, ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അശോകനും സ്‌ക്രീന്‍ പങ്കിടുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇരുവരും ഒരുമിച്ചെത്തിയപ്പോളെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് ഉഗ്രന്‍ പ്രകടനങ്ങള്‍ ആസ്വദിക്കാനായിട്ടുണ്ട്.

UPDATES
STORIES