ഭാവനയ്ക്ക് വേണ്ടി എണീറ്റ് നിന്ന് കൈയടിച്ചവരോട് ബഹുമാനം; മലയാളി എന്നതിൽ അഭിമാനം: ലിസി

ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നടി ഭാവനയെ ക്ഷണിച്ച സംഘാടകരെ പ്രശംസിച്ച് നടി ലിസി. ഭാവനയെ എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെ സ്വീകരിച്ച സദസിനോട് തനിക്ക് ബഹുമാനമുണ്ടെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ലിസി അറിയിച്ചു.

“ഭാവനയെ 26ാമത് ഐഎഫ്എഫ്കെയുടെ ഭാഗമായി ഉദ്ഘാടന ചടങ്ങിൽ വേദിയിലെത്തിച്ച സംഘാടകരെ പ്രശംസിക്കുന്നു. അതിലുപരിയായി, ഭാവനയെ എഴുന്നേറ്റ് നിന്ന് കൈയടികളോടെ സ്വാഗതം ചെയ്ത സദസിലിരിക്കുന്ന ഓരോരുത്തരോടും ബഹുമാനം തോന്നുന്നു. ഒരു മലയാളിയെന്നതിൽ അഭിമാനിക്കാവുന്ന ചില മുഹൂർത്തങ്ങളാണിത്.”

വെള്ളിയാഴ്ചയായിരുന്നു മേളയുടെ ഉദ്ഘാടനം.

‘പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം’ എന്ന് വിശേഷിപ്പിച്ചാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത് ഭാവനയെ വേദിയിലേക്കു സ്വാഗതം ചെയ്തത്. കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുൺ പൂക്കൾ നൽകി ഭാവനയെ സ്വീകരിച്ചു.

“നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകൾ ആസ്വദിക്കുന്നവർക്കും ലിസയെപ്പോലെ അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും എന്റെ എല്ലാ വിധ ആശംസകളും,” ഭാവന പറഞ്ഞു. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു വേദിയില്‍ എത്തുന്നതെന്നും പിന്തുണ നല്‍കിയ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ഭാവന പറഞ്ഞു.

UPDATES
STORIES