ഏകാന്തപ്രവാസ ജീവിതം നയിച്ച് വിഷാദത്തിന്റെ വക്കില്‍ എത്തി നില്ക്കുന്ന കഥാപാത്രത്തെയാണ് ബേസില്‍ ജോസഫ് ‘ജാനേമനി’ല്‍ അവതരിപ്പിച്ചത്. കാനഡയിലെ ആല്‍ബര്‍ട്ട എന്ന നഗരത്തില്‍ നേഴ്സായി ജോലി ചെയ്യുന്ന ജോയ്മോന് സുഹൃത്തുക്കള്‍ വളരെ കുറവാണ്. മഞ്ഞുമൂടിയ ഒരു മലഞ്ചെരുവില്‍ ഒറ്റയ്ക്കാണ് അയാളുടെ താമസം. ഏകാന്തത സഹിക്കാനാകാതെ ജന്മദിനം ആഘോഷിക്കാന്‍ മാത്രമായി കുറച്ചുദിവസത്തേക്ക് നാട്ടിലേക്ക് വരുന്ന ജോയ്മോന് സ്നേഹവും കരുതലും പിടിച്ചുവാങ്ങാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്.
ആല്‍ബര്‍ട്ടയിലെ ജോയ്മോന്റെ ജീവിതം സംവിധായകന് കാണിക്കുന്നത് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ ‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ്. ജാനേമനിന്റെ തുടക്കത്തിലെ നാല് മിനുറ്റുള്ള ഈ ശകലം അണിയറക്കാര്‍ പ്രമോഷന്റെ ഭാഗമായി പങ്കുവെച്ചിരുന്നു. മൂന്നാഴ്ച്ച മുന്‍പായിരുന്നു അത്. ഒരു സമാധാനത്തിന് വേണ്ടി ജോയ്മോന് നാട്ടില്‍ ഉറങ്ങിക്കിടക്കുന്ന അമ്മയെ ഫോണ്‍ ചെയ്യുന്നതും നിരന്തരം ശല്യം ചെയ്യുന്നതിന്റെ അമര്‍ഷം അമ്മ പ്രകടിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ‘എനിക്കാരുമില്ല, സുഹൃത്തുക്കളില്ല, വിളിച്ചാല്‍ സംസാരിക്കാന്‍ പോലും ആരുമില്ല’ എന്നിങ്ങനെയെല്ലാം പറഞ്ഞ് ഒറ്റയ്ക്ക് മദ്യപിക്കുന്ന ജോയ്മോനേയും സോങ് ടീസറില്‍ കാണാം.
നവംബര്‍ മൂന്നിന് യുട്യൂബില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു. ജോയ്മോന് തങ്ങളാണെന്ന് പറഞ്ഞുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്സില്‍ പ്രതികരിക്കുന്നുണ്ട്. കാണുന്നവര്‍ക്ക് കോമഡിയായി തോന്നുമെങ്കിലും ഏകാന്തതയുടെ വേദന ഭയാനകമാണെന്ന് ചിലര്‍ പറയുന്നു. കമന്റ് ബോക്സില്‍ വിഷമം പങ്കുവെയ്ക്കുന്നവരെ മറ്റുള്ളവര്‍ ആശ്വസിപ്പിക്കുന്നുമുണ്ട്. കമന്റുകളില്‍ ചിലത് ഇങ്ങനെ.
‘വിഷമങ്ങള്‍ തുറന്നു പറയാന്‍ പോലും ആരും ഇല്ലാതെ ജീവിതത്തിലെ ഒരു തരം ഭയാനകമായ ഒറ്റപെടലിന്റെ അവസ്ഥ അത് അനുഭവിച്ചവനെ മനസിലാകൂ.’
‘ഏകാന്തത. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒറ്റയ്ക്ക് എല്ലാം കൈകാര്യം ചെയ്തു മുന്നോട്ടു പോകുന്നു. അങ്ങ് ദൂരെ ഷിക്കാഗോയില്‍. മിണ്ടാന്‍ ഒരു ജീവി പോലും ഇല്ല.’
‘സത്യം…ഒറ്റപെടുമ്പോഴുള്ള അവസ്ഥ അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ.’
‘ഈ അവസ്ഥ എനിക്ക് മനസിലാകും..ചില സമയത്ത് വീട്ടുകാര്‍ക്ക് വരെ അധികപ്പറ്റാണ് നമ്മള്. പണ്ട് ഒരു പായയില്‍ ഉറങ്ങിയ സുഹൃത്തുക്കള്‍ക്ക് വരെ മനസിലാക്കാന്‍ കഴിയില്ല. ഒരുപാട് തവണ മ്യൂസിക് ഇട്ട് ഇയര്‍ ബഡ്സ് ചെവിയില്‍ തിരുകി ഒറ്റക്ക് നടന്നിട്ടുണ്ട് ഇതു പോലെ. ഇത് എന്റെ കഥയാണ്. കൂടെ 100 ആളുകള്‍ ഉണ്ടങ്കിലും അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ..നമ്മളെല്ലാം ഒറ്റയ്ക്കാണ്.’
‘എങ്ങോട്ടുമുളള ട്രിപ്പ് അല്ല, ഏറ്റവും മനോഹരമായ യാത്രകള്‍ നാട്ടിലേക്കുളള മടങ്ങിവരവുകളാണ്. ഒന്ന് മനസ്സു തുറന്ന് സംസാരിക്കാന്‍ അടുത്ത് ആരും ഇല്ലാതെ, ഒപ്പം ഉണ്ടെന്ന് കരുതിയ പലരും ഇല്ലെന്ന വേദനയില്‍ ദാ ഇവിടെയും മഞ്ഞു കാലം. ശരിക്കും ഞാന്‍ തന്നെ അത്.’
‘ആളുകള്‍ക്കിത് തമാശയായി തോന്നാം. പക്ഷെ, ഇങ്ങനെയാണ് മാനസികമായ നമ്മുടെ പ്രശ്നങ്ങളെ മാതാപിതാക്കള്‍ അവഗണിക്കുന്നത്. അനുഭവിച്ചിട്ടുണ്ട്. അത് തമാശയല്ല.’
‘എനിക്ക് എന്നെത്തന്നെ ഓര്‍മ്മ വന്നു എന്നതാണ് സത്യം..100% റിലേറ്റ് ചെയ്യാന്‍ പറ്റും. നമ്മളില്‍ പലരും ഈ അവസ്ഥയിലൂടെ ഒരു വട്ടം എങ്കിലും കടന്നു പോയവരാണ്.’
‘പാരമ്പര്യസ്വത്തില്ലാത്ത ഓരോ മധ്യവര്‍ഗ മലയാളിയും നേരിടുന്ന യാഥാര്‍ത്ഥ്യമാണിത്. നമ്മള് പണമുണ്ടാക്കാനായി കഷ്ടപ്പെടണം. നമ്മുടെ ശബ്ദം ആരും കേള്‍ക്കില്ല.’
‘എന്റെ അതേ അവസ്ഥ, ആരും സംസാരിക്കാന്‍ ഇല്ലാതെ, ആരും കേള്‍ക്കാന്‍ പോലും ഇല്ലാത്ത അവസ്ഥ.’
‘ഒറ്റയാവുന്നത് സഹിക്കാം. ഒറ്റക്കിരുന്നവനെ ആരെങ്കിലൊക്കെ ഉണ്ടെന്ന തോന്നലുണ്ടാക്കി വിദഗ്ധമായി മുങ്ങി വീണ്ടും ഒറ്റക്കിരുത്തുന്ന ഒരു കൂട്ടം സൊസൈറ്റി ഉണ്ട്. അത് വെറും കോത്താഴത്തെ ഏര്‍പ്പാടാണ്.’
‘ഈ പാട്ടിലെ മുഴുവന്‍ സീനും എന്നെയൊക്കെ വിചാരിച്ചു ചെയ്തതാണോ എന്ന് തോന്നി പോകുന്നു. പച്ചയായ ഏകാന്തമായ പ്രവാസം.’
‘സംസാരിക്കാന്‍ ആരും ഇല്ലാത്തവരുടെ അവസ്ഥ. നമ്മളെ കേള്‍ക്കാന്‍ ആരും ഇല്ലങ്കില്‍ ഹൃദയം പൊട്ടാതെ പൊട്ടിപോവും. ഞാന്‍ ഈ അവസ്ഥയിലൂടെ പോയ്കൊണ്ടിരിക്കുന്നു.’
‘ഇത്രയും ഒറ്റപ്പെട്ട ആളുകള്‍ എന്നേപ്പോലെ ലോകത്തിന്റെ പലഭാഗത്തും ഉണ്ടെന്നറിഞ്ഞപ്പൊ ചെറിയ ഒരാശ്വാസം. അപ്പം നമ്മ ശെരിക്കും ഒറ്റക്കല്ല, ല്ലെ?’
Also Read: ‘വോം’ എഫക്ട്; രണ്ടാമത്തെ ആഴ്ച്ചയില്‍ തിയേറ്റര്‍ ഷോ ഇരട്ടിപ്പിച്ച് ‘ജാന്‍ എ മന്’