വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ്

യുവനടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ കൊച്ചി സിറ്റി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിട്ടുണ്ട്. വിജയ് ബാബുവിന്‌റെ കൊച്ചിയിലെ ഫ്‌ളാറ്റിലും പീഡനം നടന്നു എന്ന് പറയുന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. അതേസമയം വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും എന്നാണ് വിവരം.

തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണം വന്നതിന് പിന്നാലെ രാത്രി വൈകി വിജയ് ബാബു ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് പരാതിക്കാരിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവ് ഡിലീറ്റ് ചെയ്തു.

ഇപ്പോള്‍ ദുബായിലുള്ള വിജയ് ബാബുവിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ അറസ്റ്റിലേക്കുള്ള നീക്കമാണ് നടക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള ഒരുമാസക്കാലം വിജയ് ബാബു തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും ശാരീരികമായി ആക്രമിച്ചുവെന്നുമാണ് നടിയുടെ പരാതി. തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെ പോലെ പെരുമാറിയ വിജയ് ബാബു അതിന്റെ മറവില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് ‘വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട കുറിപ്പില്‍ ഇവര്‍ പറയുന്നത്.

രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി. തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുകയായിരുന്നെന്നും യുവതി പറയുന്നു.

UPDATES
STORIES