എം ടാക്കി: മലയാളത്തിലേക്ക് പുതിയൊരു ഒടിടി കൂടി; ആദ്യ ചിത്രം കോളാമ്പി

മലയാളത്തിൽ ദൃശ്യവിരുന്നൊരുക്കാൻ പുതിയൊരു ഒടിടി പ്ലാറ്റ്ഫോമുകൂടിയെത്തുന്നു. എം ടാക്കി എന്ന പേരിൽ ഡിസംബർ 10ന് ലോഞ്ച് ചെയ്ത ഒടിടിയിൽ ഡിസംബർ 24നാണ് ആദ്യ സിനിമ റിലീസ് ചെയ്യുക. ശ്രീ ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്ന ചിത്രമാണ് ആദ്യ റിലീസ്. പ്രാദേശിക സിനിമകളെ അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കുന്ന എന്നതാണ് ഒടിടിയുടെ ലക്ഷ്യമെന്ന് കമ്പനി വക്താക്കൾ പറയുന്നു.

മലയാള സിനിമകളിൽ തുടങ്ങുന്ന എം ടാക്കി, പിന്നീട് തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളും, സ്പാനിഷ്, ഇറാനിയൻ ഉൾപ്പടെയുള്ള വിദേശ സിനിമകളും പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കും. സിനിമാ പൈറസി പരമാവധി ഇല്ലാതാക്കാൻ മികച്ച സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും ഒടിടിയെത്തുക എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. മൊബൈൽ, ലാപ്ടോപ്പ്, സ്മാർട്ട് ടിവി തുടങ്ങി മൂന്ന് ഉപകരണങ്ങളിലും ഒരേ സമയം സ്ട്രീമിങ് അനുവദിക്കുന്ന ഒടിടി 2K,4K ഗുണമേന്മയിൽ ആയിരിക്കും സിനിമകൾ ലഭ്യമാക്കുക.

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി രാജീവ്‌കുമാർ ഒരുക്കിയ ‘കോളാമ്പി’ ദേശീയ-സംസ്ഥാന പുരസ്ക്കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്. 2019-ൽ ഗോവയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഇന്ത്യൻ പനോരമ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു കോളാമ്പി. രൺജി പണിക്കർ, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തൻ, അരിസ്റ്റോ സുരേഷ്, ജി സുരേഷ് കുമാർ, പി ബാലചന്ദ്രൻ, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാർത്ഥ് മേനോൻ തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയിൽ ഉള്ളത്.

കോളാമ്പി ട്രെയിലർ

നിർമാല്യം സിനിമയുടെ ബാനറിൽ രൂപേഷ് ഓമനയാണ് കോളാമ്പി നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ടി കെ രാജീവ് കുമാറും തിരക്കഥ കെ എം വേണുഗോപാലും നിർവഹിച്ചിരിക്കുന്നു. രവി വർമ്മൻ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിർവഹിച്ചിരിക്കുന്നു. രമേഷ് നാരായണനാണ് സംഗീതം.

UPDATES
STORIES