എംകെ സ്റ്റാലിനെതിരെ അധിക്ഷേപ പരാമര്‍ശം: മീരാ മിഥുന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, അറസ്റ്റിന് ഹൈക്കോടതി നിര്‍ദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ നടി മീരാ മിഥുന്‍ എന്ന തമിഴ്‌ശെല്‍വിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ജി ജയചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് നടപടി.

മീര മിഥുന്റേതായി ഇനി വരാനിരിക്കുന്ന ‘പേയ് കാണോം’ എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരുള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് നടി മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരം പരാമര്‍ശം നടത്തിയത്. ഗ്രൂപ്പിലെ വോയ്‌സ് മെസേജിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഐപിസി 294 (ബി), 153, 504 (ഐ) (ബി), 506 (ഐ), ഐടി ആക്ടിലെ സെക്ഷന്‍ 67 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് നടി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി നടിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നടിയുടെ വോയ്‌സ് മെസേജ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാനും വിശദമായ അന്വേഷണം നടത്താനും കോടതി ആവശ്യപ്പെട്ടു.

ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി സഭ്യതയ്ക്ക് നിരക്കാത്തതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ വീഡിയോകളും ഓഡിയോകളും നടി സ്ഥിരമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. വിദ്വേഷ പരാമര്‍ശം നടത്തിയതിന് നടി ഒരു തവണ അറസ്റ്റിലായതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

സിനിമാ നിര്‍മ്മാതാവ് ആര്‍ സുരുളിവേല്‍ ആണ് തെളിവുകള്‍ സഹിതം നടിക്കെതിരെ പരാതി നല്‍കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും മുഖ്യമന്ത്രിക്കുമെതിരെയാണ് നടി സഭ്യമല്ലാത്ത ഭാഷയില്‍ പരാമര്‍ശം നടത്തിയത്.

UPDATES
STORIES