മമ്മൂട്ടിയുടെ ആ 40 ഏക്കര്‍ കയ്യേറ്റമല്ല; നിയമപോരാട്ടത്തില്‍ അനുകൂല വിധിയുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംരക്ഷിത വനഭൂമിയായി തമിഴ്നാട് സര്‍ക്കാര്‍ കണക്കാക്കുന്ന 40 ഏക്കര്‍ ചതുപ്പ് നിലം വാങ്ങിയ കേസില്‍ നടന്‍ മമ്മൂട്ടിയ്ക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും അനുകൂല വിധി. സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചെങ്കല്‍പട്ട് ജില്ലയിലെ കറുഗുഴിപള്ളം ഗ്രാമത്തിലാണ് മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പേരില്‍ 40 ഏക്കര്‍ ഭൂമിയുള്ളത്.

1997ല്‍ കപാലി പിള്ള എന്ന വ്യക്തിയില്‍നിന്നും വാങ്ങിയ ഈ ഭൂമി സംരക്ഷിത വനഭൂമിയായി 2007ല്‍ ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ ഉത്തരവിനെതിരെ മമ്മൂട്ടി അതേവര്‍ഷം തന്നെ അനുകൂല വിധിയും നേടിയിരുന്നു. തുടര്‍ന്ന് 2020 മെയ് മാസത്തില്‍ ഭൂമി സ്വമേധയാ പരിശോധിച്ച് തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന് നീക്കമാരംഭിച്ചതോടെ മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കമ്മീഷന്റെ നീക്കം തടഞ്ഞ കോടതി മമ്മൂട്ടിക്കും കുടുംബത്തിനും താല്‍കാലിക പരിരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കേസ് വീണ്ടും പരിഗണയ്‌ക്കെത്തിയപ്പോഴാണ് ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഇടപെടലുണ്ടായത്. ലാന്‍ഡ് അഡ്മിനിസ്‌ട്രേറ്ററുടെ വാദം ശരിവെച്ചായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട്. സ്വകാര്യഭൂമിയായിരുന്നു മമ്മൂട്ടിയും കുടുംബവും വാങ്ങിയതെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് പൂര്‍ണമായും റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഇളന്തിരിയന്‍ വിധി പറഞ്ഞച്. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഭാഗം കേട്ടശേഷം ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന് 12 ആഴ്ചയ്ക്കകം പൂതിയ ഉത്തരവിറക്കാമെന്നും കോടതി അറിയിച്ചു.

ഈ ഭൂമി ചതുപ്പാണെന്നും സംരക്ഷിത വനമായി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷന്‍ ജില്ലാ റെവന്യൂ ഓഫീസര്‍ക്ക് നല്‍കിയ ഉത്തരവിനെതിരെയാണ് മമ്മൂട്ടി കോടതിയെ സമീപിച്ചത്. 1927ല്‍ 247 ഏക്കര്‍ വരുന്ന പാട്ടഭൂമിയുടെ ഭാഗമായിരുന്നു ഈ വസ്തുവെന്നാണ് മമ്മൂട്ടി കോടതിയെ അറിയിച്ചിരിക്കുന്നത്. അതിന് ശേഷം വിവിധ കാലങ്ങളിലായി ഈ വസ്തുവിന്റെ വില്‍പനയും കൈമാറ്റ ഇടപാടുകളും നടന്നിട്ടുണ്ടായിരുന്നു. 1933 ല്‍ ലേലത്തിന് വെച്ച വസ്തു വിവിധ ഉടമസ്ഥരിലൂടെ കൈമാറി 1997ല്‍ കബാലി പിള്ള എന്ന വ്യക്തിയുടെ പക്കല്‍നിന്നാണ് തന്റെ കുടുംബം ഭൂമി വാങ്ങിയതെന്നാണ് മമ്മൂട്ടി കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കച്ചവടത്തിന് ശേഷം കബാലി പിള്ളയുടെ മക്കള്‍ ഏകപക്ഷീയമായി ഭൂമിയിടപാടുകളെല്ലാം റദ്ദുചെയ്തു. ഇതോടെ 2007ല്‍ കേസ് കോടതിയിലെത്തുകയായിരുന്നു.

ഇതിനിടെ, 1996ല്‍ തിരുവണ്ണാമലൈ അസിസ്റ്റന്റ് സെറ്റില്‍മെന്റ് ഓഫീസര്‍ പിള്ളയുടെ മക്കള്‍ക്ക് നല്‍കിയ പട്ടയം 1997ല്‍ ലാന്‍ഡ് കമ്മീഷണറായിരുന്ന ഉദ്യോഗസ്ഥന്‍ റദ്ദ് ചെയ്തിരുന്നു. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി 1997ല്‍ത്തന്നെ മമ്മൂട്ടി ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിഷയം ലാന്‍ഡ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. അദ്ദേഹം 2007ല്‍ ഈ വസ്തു സ്വകാര്യ ഭൂമിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ 2021 മാര്‍ച്ചില്‍ വസ്തു വീണ്ടും ലാന്‍ഡ് കമ്മീഷര്‍ ചതുപ്പുനിലമായി പ്രഖ്യാപിച്ചു. ഇതോടെയാണ് മമ്മൂട്ടിയും കുടുംബവും വീണ്ടും കോടതിയിലെത്തിയത്.

UPDATES
STORIES