വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗ്ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിന്റെ താരനിരയില്‍ വന്‍മാറ്റം. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, സൗബിന് ഷാഹിര്‍ എന്നിവർ ടെെറ്റില്‍ റോളുകളില്‍ എത്തുമെന്നായിരുന്നു ചിത്രത്തിന്റെ ഓദ്യോഗിക പ്രഖ്യാപന ഘട്ടത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ക്ക് ഡേറ്റ് ഇല്ലാത്തതിനാല്‍ പിന്മാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇതോടെ ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, റോഷന് മാത്യൂ എന്നിവരടങ്ങുന്ന പുതിയ നിര ചിത്രത്തിന്റെ ഭാഗമാകും. റിമ കല്ലിങ്കല്‍, രാജേഷ് മാധവന്, ഉമ കെ പി, പൂജാ മോഹന്‍രാജ്, ദേവകി ഭാഗി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇതിനിടെ ആസിഫ് അലി ചിത്രത്തിന്റെ ഭാഗമാകുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതിലും മാറ്റം വന്നിട്ടുണ്ട്.
ഒപിഎം സിനിമാസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, റെക്സ് വിജയന് എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ് സൈജു ശ്രീധരന്. പ്രൊഡക്ഷന്‍ കണ്ട്രോളര് ബെന്നി കട്ടപ്പന, കല ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ എ.എസ്. ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസം തലശ്ശേരി പിണറായിയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങില്‍ മന്ത്രി എം.വി. ഗോവിന്ദന്, കെ.കെ. ശൈലജ എംഎല്‍എ, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്, കിന്‍ഫ്ര റീജനല്‍ മാനേജര്‍ മുരളി കൃഷ്ണന് തുടങ്ങിയവർ പങ്കെടുത്തു. 1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സന്റിന്റെ സംവിധാനത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരണമെന്ന നിലയിലാണ് ‘നീലവെളിച്ചം’ എത്തുന്നത്.