വലിമൈ മുതല്‍ ആര്‍ആര്‍ആറും ബീസ്റ്റും വരെ…; സൗത്ത് ഇന്ത്യയില്‍ ഇനി വമ്പന്‍ റിലീസുകളുടെ ദിനങ്ങള്‍

രാജ്യവ്യാപകമായി കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നതോടെ സിനിമാ രംഗം വീണ്ടും സജീവമാവുകയാണ്. കൊവിഡ് പ്രതിസന്ധിയില്‍ മാറ്റിവെച്ച പല ചിത്രങ്ങളും പുതിയ റിലീസ് തിയതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സൗത്ത് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയിലാകട്ടെ വമ്പന്‍ താരനിരയിലൊരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രങ്ങളില്‍ പലതും പാന്‍ഇന്ത്യന്‍ റിലീസിനാണ് തയ്യാറെടുത്തിരിക്കുന്നത്.

വലിമൈ

ആദ്യ റിലീസിനെത്തുന്ന ബിഗ്ബജറ്റ് ചിത്രം അജിത് കുമാറിന്റെ ‘വലിമൈ’യാണ്. എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തുമെന്ന് കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ബോണി കപൂര്‍ അറിയിച്ചു. ആദ്യമായാണ് അജിത്തിന്റെ ഒരു സിനിമ പാന്‍ഇന്ത്യന്‍ റിലീസായി എത്തുന്നത്. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന അജിത് ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിഗൂഢമായ ഒരു കേസ് അന്വേഷിക്കാനെത്തുന്ന പൊലീസുദ്യോഗസ്ഥന്റെ വേഷമാണ് നടന്റേത്. അജിത്തിന് പുറമേ, ഹുമ ഖുറേഷിയും കാര്‍ത്തികേയ ഗുമ്മകൊണ്ടയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് റിലീസ്.

എതര്‍ക്കും തുനിന്തവന്‍

‘വലിമൈ’യ്ക്ക് പിന്നാലെ, മാര്‍ച്ച് പത്തിന് സൂര്യയുടെ ‘എതര്‍ക്കും തുനിന്തവനും’ തിയേറ്ററുകളിലെത്തും. പാണ്ടിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് എതര്‍ക്കും തുനിന്തവന്‍. പ്രിയങ്ക അരുള്‍മോഹന്‍, സൂരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുര്റൈ പോട്ര്, ജയ്ഭീം തുടങ്ങിയവയിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷമെത്തുന്ന സൂര്യ ചിത്രത്തിന് ആരാധകരേറെയാണ്.

രാധേ ശ്യാം

350 കോടി രൂപ മുതല്‍ മുടക്കില്‍ പ്രഭാസ് കേന്ദ്രകഥാപാത്രമായെത്തുന്ന റൊമാന്റിക് ഡ്രാമ ‘രാധേ ശ്യാമും’ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 11ന് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, ചൈനീസ്, ജാപനീസ് ഭാഷകളിലായി രാധേശ്യാം എത്തും. വിധി മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ധന്റെ കഥാപാത്രമാണ് ചിത്രത്തില്‍ പ്രഭാസിന്റേത്. പ്രേരണ എന്ന കഥാപാത്രമായി പൂജ ഹെഗ്ഡെയും എത്തുന്നു. സച്ചിന്‍ ഖെഡേകര്‍, പ്രിയദര്‍ശിനി, ഭാഗ്യശ്രീ, ജഗപതി ബാബു, മുരളി ശര്‍മ്മ, കുനാല്‍ റോയ് കപൂര്‍, റിദ്ധി കുമാര്‍, സാഷ ഛേത്രി തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

ജെയിംസ്

പുനീത് രാജ്കുമാര്‍ അവസാനമായി അഭിനയിച്ച ‘ജെയിംസാ’ണ് തെന്നിന്ത്യയില്‍നിന്നും പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. മാര്‍ച്ച് 17ന് ‘ജെയിംസ്’ തിയേറ്ററുകളിലെത്തും. പുനീത് രാജ്കുമാറിനോടുള്ള ആദര സൂചകമായി ചിത്രത്തിന്റെ റിലീസിന് വലിയ പദ്ധതികളാണ് കന്നഡ സിനിമാ മേഖലയില്‍ ഒരുങ്ങുന്നത്. ‘ജെയിംസ്’ റിലീസ് ചെയ്യുന്ന മാര്‍ച്ച് 17 മുതല്‍ 23 വരെ സംസ്ഥാനത്തെ തിയേറ്ററുകളില്‍ മറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല. പുനീതിന്റെ അവസാന ചിത്രം സോളോ റിലീസാക്കാനാണ് തീരുമാനം. 2021 ഒക്ടോബര്‍ 29-നാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ വെച്ചായിരുന്നു കന്നഡിഗരുടെ ഹൃദയം തകര്‍ത്ത ആ അന്ത്യം.

ആര്‍ആര്‍ആര്‍

സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം ‘ആര്‍ആര്‍ആറും’ ഒടുവില്‍ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ചിത്രം തിയേറ്ററുകളിലെത്തും. ജൂനിയര്‍ എന്‍ടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായെച്ചുന്ന ‘ആര്‍ആര്‍ആര്‍’ പ്രാരംഭ കളക്ഷനില്‍ ചരിത്രം കുറിച്ചേക്കും. ലോകത്താകമാനമായി പതിനായിരം സ്‌ക്രീനുകളില്‍ ചിത്രമെത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. അജയ് ദേവഗ്ണ്‍, അലിയ ഭട്ട്, ശ്രിയ ശരണ്‍, ഒലിവിയ മോറിസ് തുടങ്ങിയവരേക്കൂടി അണി നിരത്തി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് രാജമൗലി ആര്‍ആര്‍ആര്‍ ഒരുക്കിയത്. ബാഹുബലി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം വലിയ പ്രതീക്ഷയോടെയാണ് രാജമൗലിയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ഇവ കൂടാതെ, വിഗ്നേഷ് ശിവന്‍-വിജയ് സേതുപതി കൂട്ടുകെട്ടിലെത്തുന്ന റൊമാന്റിക് കോമഡി ‘കാതുവാക്കുള രെണ്ടു കാതലും’ പ്രദര്‍ശനത്തിന് തയ്യാറായി നില്‍ക്കുകയാണ്. വിജയ് സേതുപതിയും നയന്‍താരയും സമാന്തയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം എന്ന് പ്രേക്ഷകരിലേക്കെത്തുമെന്ന കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. ചിത്രം ഏപ്രിലില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് നായകനാവുന്ന ‘ബീസ്റ്റും’ ഏപ്രിലില്‍ എത്തിയേക്കും. വിക്രവും മകന്‍ ധ്രുവും ഒന്നിച്ചെത്തുന്ന ‘മഹാന്‍’ ഫെബ്രുവരി പത്തിന് ഒടിടി റിലീസായും എത്തും. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ‘ഡോണ്‍’ മാര്‍ച്ച് 25ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചെങ്കിലും ‘ആര്‍ആര്‍ആറി’ന്റെ റിലീസുള്ളതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് മാറ്റിയേക്കുമെന്നാണ് സൂചന. കേരളത്തില്‍ തിയേറ്റര്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ മാറ്റി വെച്ച പല മലയാള സിനിമകളുടെയും റിലീസ് തിയതികളില്‍ പുതിയ അറിയിപ്പുകളുണ്ടായിട്ടില്ല.

UPDATES
STORIES