കമല്‍ഹാസനെ മുപ്പതുകാരനാക്കാന്‍ ഹോളിവുഡ് സാങ്കേതികവിദ്യ; കോടികള്‍ മുടക്കി ‘വിക്രം’ നിർമ്മാതാക്കള്‍

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ ജൂൺ മൂന്നിന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. സിനിമയുടെ റിലീസിന് 40 ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രത്തിന്റെ ട്രെയിലർ കാൻ ഫിലിം ഫെസ്റ്റിവലിലൂടെ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ.

അതേസമയം, ചിത്രത്തിലെ കമൽഹാസന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങളിൽ മുപ്പതുകാരനായാണ് കമല്‍ ഹാസന്‍ എത്തുന്നതെന്നും അതിനായി പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്നുമാണ് റിപ്പോർട്ട്. ഹോളിവുഡ് ടീം വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യയ്ക്കായി 10 കോടി രൂപയാണ് നിർമ്മാതാക്കള്‍ മുടക്കിയതെന്നാണ് എന്റർടെന്‍മെന്റ് ടെെംസിന്റെ റിപ്പോർട്ട്.

ചിത്രത്തിൽ കമൽഹാസന്റെ കഥാപാത്രം പൊലീസ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകള്‍ സൂചന നല്‍കിയിരുന്നു. 1986-ൽ കമല്‍ഹാസന്‍ പൊലീസ് വേഷത്തിലെത്തിയ ‘വിക്രം’ എന്ന സിനിമയുടെ തുടർച്ചയാണ് ചിത്രമെന്നും ഇതോടൊപ്പം അഭ്യൂഹങ്ങളുണ്ട്. തമിഴിലെ മള്‍ട്ടി ഹീറോ ചിത്രങ്ങളിലൊന്നായ സിനിമയെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

UPDATES
STORIES