മികച്ച ചിത്രങ്ങള്‍ക്കും അഭിനേതാക്കള്ക്കുമായുള്ള 2021-ലെ ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങളില് നേട്ടം കൊയ്ത് മലയാളം സിനിമ. നിരൂപക സര്‍വ്വെയിലൂടെയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മികച്ച ചിത്രങ്ങളെയും താരങ്ങളെയും കണ്ടെത്തിയത്. ജോജിയും മിന്നല്‍ മുരളിയുമടക്കമുള്ളവയാണ് മികച്ച ചിത്രങ്ങളായി രാജ്യത്തെ സിനിമാ നിരൂപകര്‍ തെരഞ്ഞെടുത്തത്.
ചൈതന്യ തംഹാനേ സംവിധാനം ചെയ്ത മറാത്തി ചിത്രം ‘ദ ഡിസൈപ്പിള്‍’, ബേസില്‍ ജോസഫിന്റെ ‘മിന്നല്‍ മുരളി’, ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ ‘ജോജി’ എന്നവയാണ് മികച്ച ചിത്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളാണ് ഇവ നേടിയത്.
‘മാലിക്ക’ലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍, ‘സര്‍ദാര്‍ ഉത്ത’മിലെ അഭിനയത്തിന് വിക്കി കൗശല്‍, ‘മിന്നല്‍ മുരളി’യിലെ അഭിനയത്തിന് ടൊവിനോ തോമസ് എന്നിവരാണ് പുരുഷ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച അഭിനേതാക്കള്‍.
വനിതാ വിഭാഗത്തില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ നിമിഷ സജയനും ഗീലി പുഞ്ചിലൂടെ കൊങ്കണ സെന്‍ ശര്‍മ്മയുമാണ് മികച്ച അഭിനേതാക്കള്‍. ഹസീന് ദില്റുബയിലെ പ്രകടനത്തിന് താപ്സീ പന്നുവും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രശസ്തരായ ഏഴ് നിരൂപകരാണ് ചിത്രങ്ങളെയും അഭിനേതാക്കളെയും വിലയിരുത്തിയതെന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. റേറ്റിങ് രീതിയിലൂടെയായിരുന്നു സര്‍വ്വേ. ഒന്നാമതായി തെരഞ്ഞെടുക്കുന്ന എന്‍ട്രിക്ക് പത്ത് മാര്‍ക്കും പത്താമതായി തെരഞ്ഞെടുക്കുന്നതിന് ഒരുമാര്ക്കും നല്കിയാരുന്നു സര്‍വ്വേ നടത്തിയത്.
ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരത്തിന് നടന് ടൊവിനോ തോമസ് നന്ദിയറിയിച്ചിട്ടുണ്ട്. അവാര്ഡുകള്ക്കപ്പുറമാണ് ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടോപ് ക്രിട്ടിക് സര്‍വ്വേയില്‍ ഇടംനേടാനാവുന്നതെന്ന് ടൊവിനോ പറയുന്നു. സിനിമയെ വലിയ അഭിനിവേശത്തോടെ നിരീക്ഷിക്കുന്നവര്‍ നമ്മള് ചെയ്യുന്ന ജോലിയെ അംഗീകരിക്കുന്നത് തീര്‍ത്തും സവിശേഷമാണെന്നും നടന് അഭിപ്രായപ്പെട്ടു. സര്‍വ്വേയില്‍ നേട്ടങ്ങള്‍ കൊയ്ത സഹതാരങ്ങളെ അഭിനന്ദിച്ചാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.