പട റിവ്യൂ: ചരിത്രത്തിന്‌റെ സത്യസന്ധമായ ആവിഷ്‌കാരം

‘കേള്‍ക്കപ്പെടാത്തവരുടെ ഭാഷയാണ് കലാപം’ എന്നു പറഞ്ഞത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങാണ്. സമൂഹത്തില്‍ നടന്ന അനീതിക്കെതിരെ നാല് ചെറുപ്പക്കാര്‍ നടത്തിയ സമാധാനപരമായ പോരാട്ടത്തിന്‌റെ കഥയെ ആസ്പമദമാക്കിയാണ് സംവിധായകന്‍ കെ.എം കമലിന്‌റെ ‘പട’ എന്ന ചിത്രം എത്തിയിരിക്കുന്നത്. 1996 ഒക്ടോബര്‍ നാലിന് ആദിവാസി ഭൂപ്രശ്നം ഉന്നയിച്ച് അയ്യങ്കാളിപ്പട നടത്തിയ ബന്ദി സമരമാണ് 25 വര്‍ഷത്തിനുശേഷം ചലച്ചിത്രമായിരിക്കുന്നത്. വിളയോടി ശിവന്‍കുട്ടി, മണ്ണൂര്‍ അജയന്‍, കാഞ്ഞങ്ങാട് രമേശന്‍, കല്ലറ ബാബു എന്നിവരാണ് യഥാര്‍ഥ സംഭവത്തിലെ മുന്നണിപ്പോരാളികള്‍. കളിത്തോക്കും നൂലുണ്ടയും കൊണ്ടാണ് ഭരണകൂടത്തെ ഒമ്പതു മണിക്കൂര്‍ നേരം ഇവര്‍ മുള്‍മുനയില്‍ നിര്‍ത്തിയത്.

പാലക്കാട് കളക്ടര്‍ക്ക് നിവേദനം നല്‍കാനെന്ന വ്യാജേന അയ്യങ്കാളി പടയിലെ അംഗങ്ങളെന്ന് സ്വയം പരിചയപ്പെടുത്തുന്ന നാല് പേര്‍ ഓഫീസില്‍ കയറി ഉദ്യോഗസ്ഥനെ ബന്ദിയാക്കുന്നു. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്ന ആദിവാസി ഭൂനിയമത്തിലെ കേരള സര്‍ക്കാരിന്റെ ഭേദഗതിയെ വെല്ലുവിളിക്കുക എന്നതാണ് അവരുടെ ഉദ്ദേശം. അവരുടെ ആവശ്യങ്ങള്‍, സമര രീതിയുടെ അനന്തരഫലങ്ങള്‍ എന്നിവയെല്ലാം സംവിധായകന്‍ കമലിന്‌റെ സിനിമയുടെ ഇതിവൃത്തമാണ്.

ബാലു (വിനായകന്‍), രാകേഷ് (കുഞ്ചാക്കോ ബോബന്‍), അരവിന്ദന്‍ (ജോജു ജോര്‍ജ്), നാരായണന്‍കുട്ടി (ദിലീഷ് പോത്തന്‍) എന്നിവരാണ് സ്വന്തം ഐഡന്‌റിറ്റി മറച്ചുവച്ച് കളക്ടറെ ബന്ദിയാക്കുന്നത്. നാല് പേരുടെ വ്യക്തി ജീവിതം അടിമുടി രാഷ്ട്രീയമായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. സ്വന്തം ജീവനെക്കാള്‍ വലുതാണ് സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ഈ നാല്‍വര്‍ സംഘം. പടയിലെ ഒരു രംഗത്തില്‍, തന്റെ കസേരയില്‍ കെട്ടിയിട്ടപ്പെട്ടിരിക്കുന്ന പാലക്കാട് ജില്ലാ കളക്ടര്‍ അജയ് ശ്രീപദ് ഡാങ്കെ തന്റെ ചേംബറില്‍ ബന്ദികളാക്കിയ അയ്യങ്കാളി പടയിലെ നാല് പേരോട് ന്യായവാദം ചെയ്യാന്‍ ശ്രമിക്കുന്നത് അവരെ സഹായിക്കാന്‍ നിയമത്തില്‍ വകുപ്പുകളുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്. എന്നാല്‍ 21 വര്‍ഷമായി മാറി മാറി നാട് ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍ എങ്ങനെയാണ് ആദിവാസി ഭൂനിയമത്തില്‍ വെള്ളം ചേര്‍ത്തതെന്നും ഈ സമൂഹത്തിലെ യഥാര്‍ഥ ബന്ധികള്‍ ആദിവാസികളാണെന്നും അവര്‍ തിരിച്ചു പറയുന്നു. ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ അവരാണെന്ന് ഓര്‍മപ്പെടുത്തുന്നു.

സമരനായകരായി എത്തുന്ന നാല് പേരും അടിമുടി കഥാപാത്രങ്ങളായി മാറുന്ന മനോഹരമായ കാഴ്ചയാണ് പട. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവരുടെ ഗംഭീര പ്രകടനം പടയെ കൂടുതല്‍ ഉജ്വലമാക്കുന്നു. കളക്ടറായി എത്തുന്ന അര്‍ജുന്‍ രാധാകൃഷ്ണന്‍, ഉണ്ണിമായ, കനി കുസൃതി, പ്രകാശ് രാജ്, ടി.ജി രവി എന്നിവരും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചു.

തിരക്കഥയും സംവിധാനവും തന്നെയാണ് പടയുടെ കരുത്ത്. ഐഡി എന്ന തന്‌റെ ആദ്യ ചിത്രത്തിലേത് പോലെ ഐഡന്റിറ്റിയും സ്ഥാനഭ്രംശവും കേന്ദ്രീകരിച്ച് തന്നെയാണ് സംവിധായകന്‍ പടയും ഒരുക്കിയിരിക്കുന്നത്. അയ്യങ്കാളി പട അംഗങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മധ്യസ്ഥരും വരെ, ചിത്രത്തിലെ അസംഖ്യം കഥാപാത്രങ്ങളിലൂടെ എല്ലാവരുടെയും ഉദ്ദേശ്യത്തിന്റെ സമഗ്രമായ ചിത്രം അദ്ദേഹം അവതരിപ്പിക്കുന്നു. അതേസമയം പ്രശ്നത്തിന് ഇതുവരെ പരിഹാരം കണ്ടിട്ടില്ലെന്ന വ്യക്തമായ ഓര്‍മ്മപ്പെടുത്തലും അദ്ദേഹം നല്‍കുന്നു.

യാതൊരുവിധ ഗിമ്മിക്കുകള്‍ക്കും മുതിരാതെ സംവിധായകന്‌റെ മനസ് കൃത്യമായി അറിഞ്ഞാണ് സമീര്‍ താഹിര്‍ എന്ന ഛായാഗ്രാഹകന്‍ തന്‌റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ഒരുക്കിയ പശ്ചാത്തല സംഗീതവും പടയെ കരുത്തുറ്റതാക്കി.

പുരോഗമന സമൂഹം എന്നറിയപ്പെടുന്ന കേരളവും ഇവിടുത്തെ ഭരണകൂടവും ആദിവാസി ജനതയോട് ഇന്നും കാണിച്ചുകൊണ്ടിരിക്കുന്ന അനീതിക്കെതിരെയുള്ള പടയൊരുക്കമായിക്കൂടി വേണം കെ.എം കമലിന്‌റെ ഈ ചിത്രത്തെ കാണാന്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും അട്ടപ്പാടിയിലെ ഗോത്ര സമൂഹം അനുഭവിക്കുന്ന ദുരിതങ്ങളും മാറ്റമില്ലാത്ത അവരുടെ അടിസ്ഥാന ജീവിത ദുര്യോഗങ്ങളും പട ഓര്‍മപ്പെടുത്തുന്നു. ഇന്നും ഫ്യൂഡല്‍ മാടമ്പി ചിത്രങ്ങള്‍ക്ക് കൈയടി ഉയരുന്ന കാഴ്ചകള്‍ക്ക് മുന്നിലേക്ക് കൂടിയാണ് കെ.എം കമല്‍ പടയെ എത്തിക്കുന്നത്. വിശപ്പ് മാറ്റാന്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചതിന്‌റെ പേരില്‍ മധു എന്ന ചെറുപ്പക്കാരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് ഒരുപാട് വര്‍ഷങ്ങള്‍ ആയിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് പട വിട്ടുവീഴ്ചയില്ലാതെ അതിന്‌റെ രാഷ്ട്രീയം പറയുന്നത്.

UPDATES
STORIES