ജാതീയത എന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തെ ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്ന ചിത്രമായിരുന്നു ടി ജ്ഞാനവേല്‍ ഒരുക്കിയ ‘ജയ് ഭീം’. വിവേചനമേറ്റുവാങ്ങുന്നവരുടെ സാമൂഹിക പശ്ചാത്തലവും നീതിന്യായവ്യവസ്ഥയും തമ്മിലുള്ള അകലം 1993ല്‍ നടന്ന ഒരു സംഭവത്തിലൂടെ ജയ് ഭീം ചര്‍ച്ചയാക്കി. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ സൂര്യ സ്ഥിരം കൊമേഴ്സ്യല്‍ ചേരുവകള്‍ ഒഴിവാക്കിയാണ് ചിത്രം ചെയ്തതെങ്കിലും നടന്റെ സ്റ്റാര്‍ഡവും ഫാന്‍ ബേസും ഒടിടി റിലീസിന് നല്ല തുടക്കം നല്കി. സമൂഹമാധ്യമങ്ങളിലെ സംവാദങ്ങളിലൂടെ ജയ് ഭീം നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു. തമിഴ്നാട്ടില്‍ തുടരുന്ന ജാതീയ ഉച്ചനീചത്വങ്ങള്‍ വീണ്ടും ചര്ച്ചയാക്കിയതിനൊപ്പം അധഃസ്ഥിത ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ വാര്‍ത്തയാക്കുന്നതിലും ഉടന്‍ തന്നെ സര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നതിലും ചിത്രം സ്വാധീനം ചെലുത്തുന്നുണ്ട്.
തമിഴ്നാട്ടിലെ ജയ് ഭീം ഇംപാക്ടിന് പിന്നാലെ മലയാള സംവിധായകര്‍ക്ക് നേരെ വിമര്‍ശനങ്ങളുണ്ടായി. ജാതിയുടെ രാഷ്ട്രീയം പശ്ചാത്തലമായി വരുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ എന്തുകൊണ്ട് ആരും നിര്‍മ്മിക്കുന്നില്ല എന്ന ചോദ്യമുയര്‍ന്നു. ഇതിന് മറുപടിയുമായി മലയാളത്തിലെ ഒരു വിഭാഗം സംവിധായകരെത്തി. ദളിത് പരിസരം പ്രമേയമാക്കുന്ന സിനിമകള്‍ നിര്മ്മിക്കപ്പെടാത്തതല്ല മലയാളി പ്രേക്ഷകര്‍ കാണാത്തതാണെന്ന് ഡോ. ബിജു ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ തന്നെ പുരസ്കാരം നല്കുന്ന ചിത്രങ്ങള്‍ക്ക് ഗവണ്മെന്റ് തിയേറ്ററുകളില്‍ പോലും പ്രദര്‍ശനമില്ലെന്ന് സംവിധായകന് പ്രതാപ് ജോസഫും വിമര്‍ശനമുയര്‍ത്തി. വിഷയത്തിന്റെ ഗൗരവം ചോരാതെ, ആവിഷ്കാരശൈലി കൂടുതല്‍ ജനകീയമാക്കി, ചിത്രങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് വേണ്ടതെന്ന എതിര്‍വാദവും ഉയരുന്നുണ്ട്. മുന്‍നിര നടന്മാരെ വെച്ച് വെട്രിമാരന്, പാ രഞ്ജിത്ത്, മാരി ശെല്‍വരാജ് തുടങ്ങിയവര്‍ തമിഴ് സിനിമയില്‍ നടത്തിയ മുന്നേറ്റവും ചൂണ്ടിക്കാണിക്കപ്പെടുന്നു. അരികുവല്‍കരിക്കപ്പെട്ടവരുടെ ജീവിതം പറയുന്ന സിനിമകളുടെ എണ്ണമെടുത്താല്‍ മലയാള സിനിമ തന്നെയാണ് മുന്നില്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുഖ്യധാരയിലും സ്വതന്ത്ര ചലച്ചിത്രമേഖലയിലുമായി 15ലധികം മലയാളസിനിമകളാണ് ജാതി പ്രമേയമാക്കി പുറത്തിറങ്ങിയത്.
1, പാപ്പിലിയോ ബുദ്ധ 2013
വയനാട്ടിലെ ആദിവാസി ഭൂമിപ്രശ്നവും അതിനെ തുടര്‍ന്ന് ദളിതര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുമാണ് 2012ല്‍ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധയുടെ പ്രമേയം. അന്തരിച്ച പരിസ്ഥിതി പ്രവര്ത്തകന് കല്ലേന്‍ പൊക്കുടന്, തമ്പി ആന്റണി, പത്മപ്രിയ, എസ് പി ശ്രീകുമാര്‍, സരിത കുക്കു എന്നിവര്‍ പ്രധാന വേഷത്തിലെത്തി. അതോടൊപ്പം 150ഓളം ആദിവാസി വിഭാഗക്കാരും ചിത്രത്തില്‍ അഭിനയിച്ചു. പശ്ചിമഘട്ടത്തിലെ ദളിത് പീഡനങ്ങളും മുന്നേറ്റങ്ങളും ചിത്രത്തില്‍ ആവിഷ്കരിക്കപ്പെട്ടു. കേരളത്തില്‍ അക്കാലത്തുണ്ടായ ആദിവാസി പ്രശ്നങ്ങള്‍, ചെങ്ങറ ഭൂസമരം, ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പോലീസ് അതിക്രമം, കണ്ണൂരിലെ ദളിത് വനിതാ ഓട്ടോ ഡ്രൈവറായ ചിത്രലേഖക്കുണ്ടായ അനുഭവവും പാപ്പിലിയോ ബുദ്ധയില്‍ ചിത്രീകരിച്ചിരുന്നു.

‘പാപ്പിലിയോ ബുദ്ധ’ ഗാന്ധിജിയെയും ബുദ്ധനെയും അപമാനിക്കുന്നു എന്നാരോപിച്ച് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. സ്ത്രീക്കെതിരെയുള്ള അക്രമം ചിത്രീകരിച്ചു, അസഭ്യഭാഷ ഉപയോഗിച്ചു എന്നിവയും കാരണമായി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇതിനേത്തുടര്‍ന്ന് 17-ാമത് ഐഎഫ്എഫ്കെയില് ചിത്രത്തിന് പ്രദര്‍ശനം നിഷേധിക്കപ്പെട്ടു. സമാന്തര പ്രദര്‍ശനത്തിനിടെ അണിയറ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചത് വിവാദമായിരുന്നു.
2012ല്‍ സംവിധാനത്തിനുള്ള കേരളസര്‍ക്കാറിന്റെ പ്രത്യേക ജൂറി പുരസ്കാരത്തിന് ജയന് ചെറിയാന് അര്‍ഹനായി. അതോടൊപ്പം മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം, മികച്ച നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന് അവാര്‍ഡ് എന്നിവയും ലഭിച്ചു. ആതന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ആന്റ് വീഡിയോ ഫെസ്റ്റിവലില്‍ രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും പാപ്പിലിയോ ബുദ്ധ കരസ്ഥമാക്കുകയുണ്ടായി.
2, പേരറിയാത്തവര്‍ 2014
സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണ് ‘പേരറിയാത്തവര്‍’. കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷനില്‍ തോട്ടിപ്പണി ചെയ്ത് ജീവിക്കുന്ന രണ്ട് പേരുടെ കഥയാണ് ചിത്രം പറഞ്ഞത്. പേരില്ലാത്ത അച്ഛനും (സുരാജ്) ആദിവാസി ഗോത്ര വിഭാഗത്തില്‍ പെട്ട ചാമിയും (ഇന്ദ്രന്‍സ്) നഗരത്തിലെ മാലിന്യങ്ങള്‍ പെറുക്കി ഉള്‍ഗ്രാമങ്ങളില്‍ കൊണ്ടുപോയി തള്ളുന്നവരാണ്. മകനേയും (മാസ്റ്റര്‍ ഗോവര്ധന്) സുരാജ് കഥാപാത്രം ഇടയ്ക്ക് ഒപ്പം കൂട്ടാറുണ്ട്. ചവറുവണ്ടിയുമായുള്ള യാത്രക്കിടെ അച്ഛനും മകനും തങ്ങളേപ്പോലെ പേരില്ലാത്തവരെ കണ്ടുമുട്ടുന്നു.

നെടുമുടി വേണു, കലിംഗ ശശി, സോനാ നായര്‍, സീമ ജി നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കേന്ദ്ര കഥാപാത്രത്തെ ചെയ്യാന്‍ ദിലീപ്, ജയസൂര്യ, ബിജു മേനോന്, ശ്രീനിവാസന് എന്നിവരെ താന്‍ സമീപിച്ചിരുന്നെന്ന് ഡോ. ബിജു പറയുകയുണ്ടായി. നടന്മാര് ഓരോരുത്തരും വേഷം നിരസിച്ചതിനേത്തുടര്‍ന്ന് ചിത്രം ഒരു വര്‍ഷത്തിലധികം വൈകി. ഒടുവില്‍ താന്‍ സുരാജ് വെഞ്ഞാറമൂടിലേക്ക് എത്തുകയായിരുന്നെന്നും സംവിധായകന് പറയുന്നു. പരിസ്ഥിതി സംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള 2014ലെ ദേശീയ ചലച്ചിത്രപുരസ്കാരം പേരറിയാത്തവറിനാണ് ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ കെ അനില്‍കുമാറാണ് പേരറിയാത്തവര്‍ നിര്‍മ്മിച്ചത്.
3, കരി 2015
അന്തരിച്ച സംവിധായകന് ഷാനവാസ് നരണിപ്പുഴയുടെ ആദ്യ ചിത്രം. ഗോപു കേശവ്, രാം മോഹന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി. അധഃസ്ഥിത വിഭാഗങ്ങളുടെ അനുഷ്ഠാന നൃത്തകലയായ ‘കരിങ്കാളിയാട്ട’ത്തിലൂടെയാണ് കഥ പറച്ചില്. (‘കീഴ്’ജാതിക്കാര്‍ കരിങ്കാളി വേഷത്തിലെത്തിയാല്‍ സവര്‍ണ ജാതിക്കാര്‍ അവര്‍ക്ക് മുന്നില്‍ തലകുമ്പിടണം.)

തെക്കന്‍ കേരളത്തില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് യാത്ര ചെയ്യുകയാണ് ഗോപു കേശവ് മേനോനും സുഹൃത്ത് ബിലാലും. യാത്രക്കിടെ ഗോപുവിന്റെ കീഴില്‍ ജോലി ചെയ്യുന്ന ദിനേശന്റെ വീട് ഇരുവരും സന്ദര്‍ശിക്കുന്നു. സമീപത്തുള്ള ക്ഷേത്രത്തിലെ കരിങ്കാളിയാട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ദിനേശന്റെ കുടുംബം. ഗോപുവും ബിലാലും കരിങ്കാളിയാട്ടത്തിന് വേണ്ടി ദിനേശന്റെ പിതാവിന് കുറച്ച് പണം നല്കുന്നു. ഗോപുവിന്റെ സ്ഥാപനത്തില്‍ സ്ഥിരം ജോലി വിസയ്ക്ക് വേണ്ടിയുള്ള വഴിപാടായാണ് ദിനേശന്റെ കുടുംബം കരിങ്കാളിയാട്ടം നടത്തുന്നത്. അതാകട്ടെ തൊഴിലുടമയായ ഗോപുവിന് സ്വയം തീരുമാനിച്ചാല്‍ എളുപ്പത്തില്‍ നല്കാവുന്നതും.
കെ ടി സതീശനാണ് ‘ദൈവം, ദളിതനായ മനുഷ്യന്’ എന്നീ ദ്വന്ദ്വ വ്യക്തിത്വങ്ങളുള്ള കരിങ്കാളിയായെത്തുന്നത്. കരി 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. സുദീപ് പാലനാട്, രാം മോഹന്‍ രവീന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
4, കമ്മട്ടിപ്പാടം 2016
ദുല്‍ഖര്‍ സല്മാന്, വിനായകന്, മണികണ്ഠന് കെ ആചാരി എന്നിവരെ അണി നിരത്തി രാജീവ് രവി സംവിധാനം ചെയ്ത ചിത്രം. രാജീവ് രവിയുടെ കഥയ്ക്ക് പി ബാലചന്ദ്രനാണ് തിരക്കഥയൊരുക്കിയത്. മെട്രോ നഗരമായുള്ള കൊച്ചിയുടെ വളര്‍ച്ചയില്‍ പറയപ്പെടാതെ പോയ ചരിത്രം കമ്മട്ടിപ്പാടം ഓര്‍മ്മിപ്പിക്കുന്നു. ഭൂമി പൊന്നാകുന്ന നഗരവല്കരണകാലത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയകളായാണ് ജന്മിമാരുടെ പരിവര്‍ത്തനം. ദളിതരുടെ തുണ്ട് ഭൂമികളില്‍ നിന്ന് ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാന്‍ ദളിതരെ തന്നെ ഉപയോഗിക്കുന്നു. പൊലീസും ഭരണകൂടവും ഈ കുടിയൊഴിക്കലുകള്ക്ക് കൂട്ട് നില്ക്കുമ്പോള് പണ്ടത്തെ അടിയാന്മാരില് നിന്ന് ഗുണ്ടകളായാണ് കമ്മട്ടിപ്പാടത്തെ ചെറുപ്പക്കാരുടെ പരിണാമം. ഭൂരഹിതരായ ദളിതര്‍ക്ക് അവശേഷിച്ചിരുന്ന ചെളിപ്പാടങ്ങളില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഉയരുന്നതിന്റെ വൈരുധ്യവും രാഷ്ട്രീയവും കമ്മട്ടിപ്പാടം പ്രേക്ഷകരിലെത്തിച്ചു.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ നിര്‍മ്മിച്ച ചിത്രം തിയേറ്റര്‍ പ്രദര്‍ശനത്തിലൂടെ സാമ്പത്തിക വിജയം നേടി. വിനായകന്, മണികണ്ഠന് ആചാരി എന്നിവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദുല്‍ഖര്‍ സല്‍മാന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രങ്ങളിലൊന്നാണ് ‘കൃഷ്ണന്’. 47-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ നാല് അവാര്‍ഡുകള്‍ കമ്മട്ടിപ്പാടത്തിന് ലഭിച്ചു. വിനായകന് മികച്ച നടനായും മണികണ്ഠന് മികച്ച സ്വഭാവ നടനായും ബി അജിത് കുമാര്‍ മികച്ച എഡിറ്ററായും തെരഞ്ഞടുക്കപ്പെട്ടു. ഗോകുല്‍ദാസ് എന്‍ വി, എസ് നാഗരാജ് എന്നിവര്‍ മികച്ച കലാസംവിധാനത്തിനുള്ള പുരസ്കാരം നേടി.
5, കിസ്മത് 2016
ഷാനവാസ് ബാവക്കുട്ടി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ചിത്രം. 2011ല്‍, സംവിധായകന് പൊന്നാനി നഗരസഭാ കൗണ്‍സിലറായിരുന്ന സമയത്ത് നേരിട്ട് ദൃക്സാക്ഷിയായ ഒരു സംഭവമാണ് കിസ്മതിന്റെ പ്രമേയം. 23കാരനായ മുസ്ലീം യുവാവും 28കാരിയായ ഹിന്ദു ദളിത് യുവതിയും തമ്മിലുള്ള പ്രണയം വിവാദമാകുകയും സമൂഹത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടാകുകയും ചെയ്തിരുന്നു. ഷെയ്ന് നിഗവും ശ്രുതി മേനോനുമാണ് മതവും ജാതിയും വെല്ലുവിളിച്ച പ്രണയിതാക്കളെ അവതരിപ്പിച്ചത്. വിനയ് ഫോര്‍ട്ട്, ആനന്ദ് ബാല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

മിശ്രവിവാഹത്തിനൊപ്പം ജാതി, പ്രായം, ലിംഗം എന്നീ അടരുകളെ, പ്രണയത്തിനും സ്വതന്ത്ര ഇച്ഛയ്ക്കുമെതിരായുള്ള ആയുധമായി സമൂഹം ഇപ്പോഴും ഉപയോഗിക്കുന്നതിനെ ചിത്രം ചര്‍ച്ച ചെയ്തു. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ രാജീവ് രവിയും എല്‍ ജെ ഫിലിംസും അക്ബര്‍ ട്രാവല്‍സും ചേര്‍ന്നാണ് കിസ്മത് നിര്‍മ്മിച്ചത്. ചിത്രം സാമ്പത്തികമായി വിജയമായിരുന്നു. സുഷിന് ശ്യാം ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
6, കാട് പൂക്കുന്ന നേരം 2016
ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, പ്രകാശ് ബാരെ, ഇര്‍ഷാദ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന വേഷത്തിലെത്തിച്ച് ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം. ഭരണകൂടം ‘മാവോയിസ്റ്റ് ഭീഷണി’ ഉപയോഗിക്കുന്നതിനേക്കുറിച്ചും ദളിത്-ആദിവാസി ജീവിതങ്ങളെ അതെങ്ങനെ ബാധിക്കുന്നുവെന്നും ചര്‍ച്ച ചെയ്യുന്നു. മാവോവാദി വേട്ടയ്ക്ക് വേണ്ടിയുള്ള സായുധ ക്യാംപായി ആദിവാസി വിദ്യാര്‍ത്ഥികളുടെ ഏകാധ്യാപക വിദ്യാലയം മാറുന്നു. മാവോവാദി നേതാവായ വനിതയെ അറസ്റ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട് കാട്ടിലേക്ക് തിരിക്കുന്ന ഒരു പോലീസുകാരനിലൂടെയാണ് സിനിമയുടെ യാത്ര.

എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. സോഫിയ പോള്‍ നിര്‍മ്മിച്ച കാട് പൂക്കുന്ന നേരം മോണ്ട്രിയല് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. യൂറേഷ്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയയിലെ ഏഷ്യാ പസഫിക് സ്ക്രീന്‍ അവാര്‍ഡിനായുള്ള മത്സര വിഭാഗത്തിലും ചിത്രം സ്ക്രീന്‍ ചെയ്തു. ഐഎഫ്എഫ്കെയുടെ 21-ാം പതിപ്പില്‍ മത്സര വിഭാഗത്തിലേക്ക് കാട് പൂക്കുന്ന നേരം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
7, മാന്‍ഹോള്‍ 2016
പൊതുസമൂഹവും ഭരണകൂടവും മാധ്യമങ്ങളും അവഗണിക്കുന്ന ഗുരുതരമായ ഒരു വിഷയത്തിലേക്കാണ് വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ വിരല്‍ ചൂണ്ടിയത്. വിധു തന്നെ സംവിധാനം ചെയ്ത ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററിയുടെ സ്വതന്ത്രാവിഷ്കാരമാണ് മാന്‍ഹോള്‍. ആലപ്പുഴ നഗരസഭയിലെ മാന്‍ഹോള്‍ കരാര്‍ തൊഴിലാളിയായ അയ്യാസ്വാമി ജോലിക്കിടെ മരിക്കുകയും തുടര്‍ന്ന് മകള്‍ ശാലിനിയും കുടുംബവും നേരിടുന്ന പ്രശ്നങ്ങളുമാണ് പ്രമേയം.

എം പി വിന്‍സെന്റ് നിര്‍മ്മിച്ച ചിത്രത്തില്‍ റിന്‍സി, മുന്‍ഷി ബൈജു, ശൈലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാന്‍ഹോള്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. വിധു വിന്‍സെന്റ് സംവിധാനത്തിന് സംസ്ഥാന അവാര്‍ഡ് നേടുന്ന ആദ്യ വനിതയായി. ഐഎഫ്എഫ്കെയില് മലയാളം സിനിമക്കുള്ള ഫിപ്രസി അവാര്‍ഡും മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരവും നേടി.
8, ആറടി 2017
ഇ സന്തോഷ് കുമാറിന്റെ ‘ഒരാള്‍ക്കെത്ര മണ്ണ് വേണം’ എന്ന ചെറുകഥയെ അവലംബിച്ച് സജി എസ് പാലമേല്‍ സംവിധാനം ചെയ്ത ചിത്രം. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയിലെ യുവ ദളിത് നേതാവിന്റെ ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഒരു ദിനമാണ് ആറടിയില്‍ ആവിഷ്കരിക്കുന്നത്. യുവ നേതാവിന്റെ ദളിത് ചിന്തകനും ഗാന്ധിയനുമായിരുന്ന പിതാവ് മരിക്കുന്നു. അദ്ദേഹത്തിന്റെ മൃതശരീരം മറവുചെയ്യല്‍ മകന് വലിയൊരു വെല്ലുവിളിയാകുന്നു. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ദളിതര്‍ക്ക് എത്രത്തോളം ഇടം നല്കുന്നു എന്ന വിഷയമാണ് ആറടി ചര്‍ച്ച ചെയ്യുന്നത്.

മധു വിഭാകര്‍, ഹിമ ശങ്കര്‍, ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിരൂപകശ്രദ്ധ നേടി. ഐഎഫ്എഫ്കെ 2016ലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017ലെ സംസ്ഥാന പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. വാട്ടര്‍ മൂവീസ് ആണ് ആറടി നിര്‍മ്മിച്ചത്.
9, പതിനൊന്നാം സ്ഥലം 2017
വയനാടിന്റെ സമകാലിക സാമൂഹികാവസ്ഥകള്‍ പശ്ചാത്തലമാക്കി രഞ്ജിത് ചിറ്റാടെ ഒരുക്കിയ ചിത്രം. ഒരു ദിവസം വയനാട് ചുരത്തിലൂടെ പോകുന്ന ഒരു കാറിന്റെ മൂന്ന് യാത്രകളിലൂടെയാണ് കഥ പറയുന്നത്. ശാന്തിയെന്ന ആദിവാസി പെണ്‍കുട്ടി അവളുടെ അച്ഛന് സംഭവിക്കുന്ന അസുഖവുമായി ബന്ധപ്പെട്ട് ഒരു ടാക്സി ഡ്രൈവറെ പരിചയപ്പെടുന്നു. ദുഃഖവെള്ളി ദിനത്തില്‍ വയനാട് ചുരത്തില്‍ നടക്കുന്ന കുരിശിന്റെ വഴി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജയിംസ് പുതിയൊരു ദൗത്യം ഏറ്റെടുക്കുന്നു. വയനാട്ടിലേക്കുള്ള കുടിയേറ്റങ്ങളും, ഭൂമിയുടെ മേലുള്ള അനധികൃത നിക്ഷേപങ്ങളും ആദിവാസി ഭൂസമരങ്ങളും, തോട്ടം മേഖലയിലെ പ്രശ്നങ്ങളും ഈ റോഡ് മൂവിയില്‍ പ്രമേയമായി കടന്നുവരുന്നു.

കേരളീയം കളക്ടീവിന്റെ ബാനറില്‍ അശോകന് നമ്പഴിക്കാടാണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രഹണം നിജയ് ജയന്. ജിതിന്‍രാജ്, പി ടി മനോജ്, മംഗ്ലു ശ്രീധര്‍, ചന്ദ്രന്, പ്രശാന്ത് കെ എന്‍, പ്രേംകുമാര്‍, സനല്‍ മാനന്തവാടി തുടങ്ങിയവരാണ് അഭിനേതാക്കള്‍.
10, റിക്ടര്‍ സ്കെയില്‍ 7.6 (2018)
മുന്‍തലമുറകള്‍ നൂറ്റാണ്ടുകളോളം കഠിനാധ്വാനം ചെയ്തിട്ടും തുണ്ട് ഭൂമിയുടെ അവകാശം പോലും നിഷേധിക്കപ്പെട്ട ജനവിഭാഗത്തിന്റെ കഥയാണ് റിക്ടര്‍ സ്കെയില്‍ 7.6 എന്ന ചിത്രവും പങ്കുവെയ്ക്കുന്നത്. വ്യവസായത്തിനോ വികസനത്തിനോ വേണ്ടിയുള്ള കുടിയൊഴിപ്പിക്കല്‍ ഒരു അച്ഛനും മകനുമിടയിലുണ്ടാക്കുന്ന ഭൂചലനങ്ങള്‍ ജീവ കെ ജെ തന്റെ ആദ്യചിത്രത്തില്‍ ആവിഷ്കരിക്കുന്നു. കൂലിത്തൊഴിലാളിയായ സുകു പിതാവ് രാമന്കുഞ്ഞിനോടൊപ്പം ഒരു ഒറ്റമുറി വീട്ടിലാണ് താമസം. പിതാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന സുകു അച്ഛനെ കട്ടിലില്‍ ചങ്ങലയ്ക്കിട്ടാണ് ഓരോ ദിവസവും രാവിലെ പണിക്ക് പോകുന്നത്. മറ്റുള്ളവരെ പോലെ കിട്ടുന്ന നഷ്ടപരിഹാരം വാങ്ങി കുടിയൊഴിഞ്ഞുപോകാത്ത പിതാവിനോട് സുകുവിന് അമര്‍ഷമുണ്ട്. തന്റെ ചുറ്റുപാടുകള്‍ വിട്ട് പോകേണ്ടിവരല് രാമന്കുഞ്ഞിന് ഉള്‍ക്കൊള്ളാവുന്ന യാഥാര്‍ത്ഥ്യവുമല്ല.

അശോക് കുമാര്‍ പെരിങ്ങോട്, മുരുഗന് മാര്ട്ടിന്, അച്യുതന് ചാങ്കൂര്‍, കൃപ ഡാനിയേല്‍, ബിനി വൈ പി, അരുണ്‍ മൈക്കിള്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. റെജികുമാര്‍ കെ, രാജേഷ് കുമാര്‍ കെ എന്നിവരുടേതാണ് കഥ. എഫ് എന്‍ സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിത്ത് കുമാര്‍ സി ഡി, ഷാജി ജി എസ് എന്നിവര്‍ ചേര്‍ന്നാണ് റിക്ടര്‍ സ്കെയില്‍ നിര്‍മ്മിച്ചത്.
11, ഒരു രാത്രി ഒരു പകല്‍ 2019
ദുരഭിമാനക്കൊല പ്രമേയമാക്കി പ്രമുഖ ഛായാഗ്രാഹകന്‍ പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ചിത്രം. ഭാരതപ്പുഴയിലെ വെള്ളപ്പൊക്കം മൂലം ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍ കമിതാക്കള്‍ എത്തിപ്പെടുന്നു. വീടുവിട്ട് ഓടി വന്നിരിക്കുകയാണ് പെണ്‍കുട്ടി. കാമുകനാകട്ടെ അവളോടൊപ്പം പുതിയ ജീവിതം തുടങ്ങാവുന്ന അവസ്ഥയിലുമല്ല.

പ്രതാപ് ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. യമുന ചുങ്കപ്പള്ളി, മാരി, ലെനന് ഗോപിന്, നാജില്‍ ഹമീദ്, സഹീര്‍ മൊഹമ്മദ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ജനങ്ങളില്‍ നിന്നും സംഭാവന സമാഹരിച്ചായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു രാത്രി ഒരു പകല്‍ മെല്‍ബണ്‍ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു.
12, വെയില്‍മരങ്ങള്‍ 2019
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഡോ. ബിജു ചിത്രം. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യുന്ന ദളിത് കുടുംബത്തിന്റെ കഥയാണ് വെയില് മരങ്ങള്‍. തങ്ങള്‍ താമസിച്ചിരുന്ന തുരുത്ത് വെള്ളപ്പൊക്കത്തില്‍ മുങ്ങുകയും സര്‍ക്കാരില്‍ നിന്ന് സഹായം കിട്ടാതാകുകയും ചെയ്യുമ്പോഴാണ് കുടുംബം അതിജീവനത്തിനായി ഹിമാചല്‍ പ്രദേശിലേക്ക് ചേക്കേറുന്നത്. അപരിചിരിതമായ പാരിസ്ഥിതിക ചുറ്റുപാടുകള്‍ക്കൊപ്പം രാജ്യത്തിന്റെ ഏത് കോണിലുമുള്ള ജാതീയതയേയും ഇവര്‍ക്ക് നേരിടേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് അടിസ്ഥാന ജനവിഭാഗത്തെയാണെന്നുകൂടി ചിത്രം ചൂണ്ടിക്കാട്ടുന്നു.

ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന് ബാലകൃഷ്ണന്, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്ധന്, അശോക് കുമാര്‍, നരിയാപുരം വേണു, മെല്വിന് വില്യംസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. എം ജെ രാധാകൃഷ്ണന് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരമാണ് വെയില് മരങ്ങള്‍ നിര്‍മ്മിച്ചത്.
ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ആയിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. മികച്ച ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റിനുള്ള ഗോള്‍ഡന്‍ ഗൊബ്ലറ്റ് പുരസ്കാരം ലഭിച്ചതിലൂടെ ഷാങ്ഹായ് മേളയില്‍ മത്സര വിഭാഗത്തില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ ആയി. വിഖ്യാത ടര്‍ക്കിഷ് സംവിധായകന് നൂറി ബില്‍ഗേ സെയ്ലാന് ആയിരുന്നു ജൂറി ചെയര്മാന്. തുടര്‍ന്ന് അനേകം അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. അഞ്ചു അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടി. സിംഗപ്പൂര്‍ ചലച്ചിത്ര മേളയില്‍ വെച്ച് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
13, കെഞ്ചിറ 2019
വയനാട് ജില്ലയിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി മനോജ് കാനയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കെഞ്ചിറ. തെരുവ് നാടകപ്രവര്‍ത്തകനായ മനോജ് കാന രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ താന്‍ നേരില്‍ കണ്ട ആദിവാസി പ്രശ്നങ്ങളാണ് സിനിമയായി ആവിഷ്കരിച്ചത്. 1998-99ല്‍ 13-ാം വയസില്‍ തോട്ട മുതലാളിയാല്‍ ബലാത്സംഗം ചെയ്യപ്പെട്ട് ഗര്‍ഭിണിയായ പണിയ പെണ്‍കുട്ടി കെഞ്ചിറയെ മനോജ് കാനയ്ക്ക് നേരിട്ട് അറിയാം. അക്കാലത്ത് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാതെ പോയതിനാല്‍ സംഭവം ഒതുക്കിത്തീര്ക്കുകയാണുണ്ടായതെന്ന് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് പിന്നാലെ മനോജ് കാന പറയുകയുണ്ടായി.

ആദിവാസി വിഭാഗത്തില്‍ പെട്ട ഒമ്പതാം ക്ലാസുകാരി വിനുഷ രവിയാണ് പ്രധാന വേഷത്തിലെത്തിയത്. പണിയ വിഭാഗക്കാര്‍ തന്നെയാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിന് വേണ്ടി സംവിധായകന് നാടകപരിശീലന കളരികള്‍ നടത്തി. എഴുതാനും വായിക്കാനും അറിയാത്തവരായിരുന്നു അഭിനേതാക്കളില്‍ മിക്കവരും. കാണാതെ പഠിച്ച് പറയുന്നതിന് പകരം സ്വാഭാവികമായാണ് പലരും സംഭാഷണരംഗങ്ങള്‍ അഭിനയിച്ചത്. സിങ്ക് സൗണ്ട് സങ്കേതത്തെ മുഖ്യമായും ആശ്രയിച്ചു. കെഞ്ചിറയുടെ തിരക്കഥ തയ്യാറായതിന് ശേഷവും രണ്ട് വര്‍ഷത്തോളം നാടക കളരികള്‍ തുടര്‍ന്നു. ചിത്രത്തിലെ കുടിലും കോളനികളും ഒരുക്കിയത് ഗോത്ര വിഭാഗക്കാര്‍ തന്നെയാണ്. സാമ്പത്തിക പ്രതിസന്ധിമൂലം ‘നേര് ഫിലിംസ്’ ഫണ്ട് ചെയ്ത ചിത്രീകരണം ഇടയ്ക്ക് മുടങ്ങിയെങ്കിലും മാങ്ങാട് ഫൗണ്ടേഷന്റെ പിന്തുണയോടെ കെഞ്ചിറ പൂര്‍ത്തിയായി.
ചിത്രം 24-ാമത് ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചു. സ്ക്രീനിങ്ങ് കാണാനായി വയനാട്ടില്‍ നിന്നും പണിയ വിഭാഗത്തില്‍ പെട്ട ആര്ടിസ്റ്റുകളെത്തി. പ്രദര്‍ശനം അവസാനിച്ചപ്പോള്‍ പാട്ടുപാടിയും നൃത്തം ചവിട്ടിയുമാണ് അവര്‍ സന്തോഷം പങ്കിട്ടത്. ദളിത്-ആദിവാസ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന് ഉള്‍പ്പെടെയുള്ളവര്‍ ചിത്രം കാണാനെത്തിയിരുന്നു.

മികച്ച പണിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കെഞ്ചിറയ്ക്ക് ലഭിച്ചു. അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ കെഞ്ചിറ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. അശോകന് ആലപ്പുഴ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടി. ‘ഇടം’, ‘കെഞ്ചിറ’ എന്നീ ചിത്രങ്ങളിലെ സംഭാവനയിലൂടെ പ്രതാപ് പി നായര്‍ മികച്ച ഛായാഗ്രഹകനുള്ള അവാര്‍ഡിന് അര്‍ഹനായി.
14, അയ്യപ്പനും കോശിയും 2020
സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച മാസ് ചിത്രം വ്യത്യസ്ത ക്ലാസുകളില്‍ പെട്ട മനുഷ്യരുടെ സംഘര്‍ഷം കൂടിയാണ്. ധനികനും രാഷ്ട്രീയനേതാവുമായ പിതാവ് കുര്യന് ജോണിന്റെ അധികാരത്തിന് കീഴിലാണ് കോശിയും കുടുംബവും ജീവിക്കുന്നത്. ഡ്രൈവര്‍ക്കൊപ്പം ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ മദ്യനിരോധിത മേഖലയായ അട്ടപ്പാടിയില്‍ വെച്ച് 12 കുപ്പി മദ്യവുമായി കോശി കുര്യന് അറസ്റ്റിലാകുന്നു. മദ്യലഹരിയിലായ കോശി കുര്യനെ എക്സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കാനായാണ് എസ് ഐ അയ്യപ്പന് നായര്‍ ഇടപെടുന്നത്. തന്റെ ശരീരത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള അധികാര പ്രയോഗവും ആക്രമണവുമായി കാണുന്ന കോശിക്ക് അത് പക്ഷെ, പൊറുക്കാനാകുന്നില്ല.

ഒരു സമ്പന്ന സവര്‍ണ ക്രിസ്ത്യാനിയും ആദിവാസി വിഭാഗത്തില്‍ പെട്ട ഇന്‍സ്പെക്ടറും തമ്മിലുള്ള ഈഗോ ക്ലാഷ് പരസ്പരം ഇല്ലാതാക്കാനുള്ള വൈരത്തിലേക്ക് വളരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ അയ്യപ്പന് നായരേക്കാള്‍ അധികാര സംവിധാനങ്ങള്‍ക്ക് താല്പര്യം പണത്തിന്റേയും രാഷ്ട്രീയപിന്തുണയുടേയും പ്രിവിലേജുള്ള കോശി കുര്യനെയാണ്. അയ്യപ്പന് നായരുടെ ആദിവാസി പശ്ചാത്തലവും ഭാര്യയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളും വളരെ പെട്ടെന്നുതന്നെ മാവോയിസ്റ്റ് ബന്ധമായി ആരോപിക്കപ്പെടുന്നുണ്ട്. കോശിയെ, താന്‍ സഹായിക്കാന്‍ ശ്രമിച്ചിട്ടും തനിക്ക് ദ്രോഹം ചെയ്യുന്ന വ്യക്തി എന്നതിനേക്കാള്‍ ജീവിതത്തില്‍ അന്നോളം പ്രതിരോധിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ചിലതിന്റെ പ്രതീകമായാണ് അയ്യപ്പന് നായര്‍ കാണുന്നത്. മുഴുനീള എന്റര്ടെയ്നര് എന്നതിനൊപ്പം തന്നെ സാമൂഹിക പശ്ചാത്തലം, അധികാര പ്രയോഗങ്ങള്‍, ആത്മാഭിമാനം, പുരുഷ ഈഗോയില്‍ പെട്ടുപോകുന്ന സ്ത്രീകള്‍ എന്നിങ്ങനെ പകപോക്കലിലും കടന്നുവരുന്ന രാഷ്ട്രീയ അടരുകള്‍ അയ്യപ്പനും കോശിയില്‍ നിന്ന് വായിച്ചെടുക്കാം.
പൃഥ്വിരാജും ബിജു മേനോനും പ്രധാന റോളുകളിലെത്തിയ ചിത്രം സാമ്പത്തികമായി വന്‍ വിജയമായിരുന്നു. താരതമ്യേന വേഗത കുറഞ്ഞ ആക്ഷന്‍ സിനിമയായിരുന്നിട്ടുകൂടി സച്ചിയുടെ മുറുക്കം കൂടി വരുന്ന കഥപറച്ചില്‍ രീതിയും കഥാപാത്ര നിര്‍മ്മിതിയും ‘അയ്യപ്പനും കോശി’യെ സ്വീകാര്യമാക്കി. കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് അയ്യപ്പനും കോശിക്കും ലഭിച്ചു. ആദിവാസി ഗായിക നാഞ്ചിയമ്മ പ്രത്യേക പുരസ്കാരം നേടി.
15, നായാട്ട് 2021
പ്രതിലോമകരമായ രാഷ്ട്രീയമാണ് പറയുന്നതെന്ന വിമര്‍ശനം നേരിടുന്ന ചിത്രമാണ് മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്. ദളിത് സംഘടനാ പ്രവര്‍ത്തകനായ യുവാവിന്റെ അപകടമരണത്തേത്തുടര്ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വേട്ടയാടപ്പെടുന്നതാണ് പ്രമേയം. ഭരണകൂടത്തിലും മുഖ്യധാരാ രാഷ്ട്രീയത്തിലും ദളിത് വിഭാഗങ്ങള്‍ക്ക് ‘അപകടരമായ സ്വാധീനം’ ഏറി വരികയാണെന്ന് സ്ഥാപിക്കുകയാണ് ‘നായാട്ട്’ ചെയ്യുന്നതെന്ന് വിലയിരുത്തലുകളുണ്ടായി. ഇപ്പോഴും കസ്റ്റഡി കൊലകള്‍ക്കും ദുരഭിമാന മര്‍ദ്ദനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന ജനവിഭാഗം സംഘടനാപരമായി ഐക്യപ്പെടുന്നതിനെ ക്രിമിനലൈസ് ചെയ്യുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത് ശരിവെയ്ക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങളുണ്ടായതോടെ ‘നായാട്ട്’ കൂടുതല്‍ ചര്‍ച്ചയായി.

കേരള രാഷ്ട്രീയത്തിലും അധികാര സംവിധാനങ്ങളിലും ദളിത് വിഭാഗങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ചെലുത്താവുന്ന സമ്മര്‍ദ്ദത്തിന്റെ തോതും ചിത്രത്തിലെ അതിശയോക്തിപരമായ ലിവറേജും താരതമ്യം ചെയ്യപ്പെട്ടു. ‘ഉപതെരഞ്ഞെടുപ്പ് സമയമായതിനാല്‍ സര്‍ക്കാര്‍ നിര്‍ണായക സമുദായവോട്ടിന് വേണ്ടി പയറ്റുന്ന അടവ്’, ‘വേട്ടയാടപ്പെടുന്നവരില്‍ രണ്ട് പൊലീസുകാര്‍ ദളിതരാണ്’ എന്നീ മറുവാദങ്ങളും ഉയര്‍ന്നു.
മാര്ട്ടിന് പ്രക്കാട്ടിന്റെ സംവിധാനവും കുഞ്ചാക്കോ ബോബന്, നിമിഷ സജയന്, ജോജു ജോര്‍ജ് എന്നിവരുടെ പ്രകടനവും പ്രശംസിക്കപ്പെട്ടു. 94-ാമത് ഓസ്കര് അവാര്‍ഡിന് വേണ്ടി തയ്യാറാക്കിയ ഇന്ത്യന്‍ ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ നായാട്ട് ഇടം പിടിച്ചിരുന്നു.
16, കള 2021
കഥാതന്തുവിന് ‘അയ്യപ്പനും കോശിയു’മായി ചെറിയ സാമ്യമുണ്ടെങ്കിലും ആഖ്യാനരീതികൊണ്ട് ഏറെ വ്യത്യസ്ത പുലര്‍ത്തിയ ചിത്രമാണ് കള. ചൂഷകനും ചൂഷിതനും തമ്മില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷമാണ് രോഹിത് വി എസ് തന്റെ ത്രില്ലറിന് പ്രമേയമാക്കിയത്. ഭൂവുടമയുടെ മകനും ‘ആല്‍ഫ മെയില്‍’ പ്രകടനപരതയുള്ളയാളുമാണ് ഷാജി. കൂട്ടുകാര്ക്കൊപ്പമൊളള ഒരു നായാട്ട് വിനോദത്തിലെ തോല്‍വിയുടെ നീരസം ഷാജി തീര്‍ക്കുന്നത് ആദിവാസി യുവാവിന്റെ നായക്ക് നാടന്‍ ബോംബ് തീറ്റയായി നല്‍കിയാണ്. പേരില്ലാത്ത ആദിവാസി യുവാവ് ഷാജിയെ തേടി വീട്ടിലെത്തുന്നു.

തുടര്‍ച്ചയായ സംഘട്ടനങ്ങള്‍ക്കൊപ്പം ഷാജിയുടെ നായകവേഷം കൂടി അഴിഞ്ഞുവീഴുന്നുണ്ട്. വീട്ടില്‍ ആദരവും സ്നേഹവുമുള്ള മകനും കരുതലുള്ള ഭര്‍ത്താവും വാത്സല്യനിധിയായ അച്ഛനുമാണ് ടൊവീനോയുടെ കഥാപാത്രം. തനിക്ക് നായാടാന് പറ്റുന്ന മേച്ചില്‍പ്പുറങ്ങളില്‍ പോയി വേട്ടയാടുകയും അപ്പോള്‍ മാത്രം തന്റെ ആക്രണോത്സുകത പുറത്തെടുക്കുകയും ചെയ്യുന്ന ഷാജി ഒടുവില്‍ വീട്ടുകാരുടെ മുന്നില്‍ നഗ്നനാക്കപ്പെടുന്നുണ്ട്. ആദിവാസി യുവാവിനെ ആദ്യം തല്ലിയൊതുക്കാനാണ് ഷാജി ശ്രമിക്കുന്നത്. ‘നഷ്ടപരിഹാരം’ നല്കി അനുരഞ്ജിപ്പിക്കാനുള്ള അടുത്ത നീക്കവും പരാജയപ്പെടുന്നു. അയാളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഷാജിയുടെ കായബലവും മാനസിക മേധാവിത്വവും തോല്‍ക്കുന്നതിനെ ഒരു രൂപകമായി പ്രേക്ഷകര്‍ വായിക്കുന്നുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തതിന് ശേഷം കള വിവിധ രാജ്യങ്ങളില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ നേടി. ചിത്രത്തില്‍ സുമേഷ് മൂര്‍ നടത്തിയ പ്രകടനം പ്രശംസിക്കപ്പെട്ടു. ഡോണ്‍ വിന്‍സെന്റിന്റെ ശബ്ദലേഖനവും അഖില്‍ ജോര്‍ജിന്റെ ഛായാഗ്രഹണവും ഇര്ഫാന് അമീര്‍, ബാസിത് അല്‍ ഗസാലി എന്നിവരുടെ ആക്ഷന്‍ കോറിയോഗ്രഫിയും ശ്രദ്ധേയമായി. ജൂവിസ് പ്രൊഡക്ഷന്‍സ്, ടൊവിനോ തോമസ്, അഡ്വഞ്ചര്‍ കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.