‘ഭീഷ്മപർവ്വം’ കെവിനും നീനുവിനും സമർപ്പിക്കപ്പെടുമ്പോൾ…

നീനു എന്ന പെണ്‍കുട്ടിയെ സ്‌നേഹിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ 2018 മെയ് 27ന് പുലര്‍ച്ചെ കെവിന്‍ എന്ന ദളിത് ക്രിസ്ത്യന്‍ യുവാവ് കൊലചെയ്യപ്പെട്ടു. മെയ് 28 ന് കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ നിന്നു കണ്ടെത്തി. കെവിനെ തന്റെ വീട്ടുകാര്‍ കൊന്നത് ദുരഭിമാനം മൂലമാണെന്ന് നീനു കോടതിയില്‍ മൊഴി നല്‍കി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ദുരഭിമാനകൊലയാണ് കെവിന്റേത്. ഹിംസാത്മകമായ ജാതിജീവിതത്തിന്റെ ചരിത്രമുള്ള കേരളത്തില്‍ ഇത് ആദ്യസംഭവമായിരിക്കുമോ? ഒരിക്കലും ആകാനിടയില്ല.

അഭിനേതാക്കളുടെ പ്രകടനംകൊണ്ടും മേക്കിങ്ങിലെ മികവുകൊണ്ടും ഭീഷ്മപര്‍വ്വം ഏറെ അഭിനന്ദിക്കപെട്ടുകഴിഞ്ഞു. എന്നാല്‍ കെവിനും നിനുവിനും സമര്‍പ്പിക്കപെട്ട ഒരു ഭീഷ്മപര്‍വ്വമുണ്ട്. അത് നമ്മുടെ കാലത്തെ ചില രാഷ്ട്രീയ സാമൂഹ്യ സ്വഭാവങ്ങള്‍ക്കെതിരെ ചാട്ടുളി എറിയുന്നുണ്ട്. അത് നിശ്ചയമായും നമ്മുടെ സാമൂഹ്യ ശരീരത്തില്‍ തറയ്ക്കുന്നുമുണ്ട്.

കെവിനും നീനുവും

കുരുക്ഷേത്രയുദ്ധം നടക്കുമ്പോള്‍ ഭീഷ്മര്‍ പടുവൃദ്ധനായിരുന്നെങ്കിലും ഒരു യുവാവിന്റെ തീഷ്ണതയോടെയാണ് കൗരവ പക്ഷത്ത് സര്‍വ്വസൈന്യാധിപനായി നിലകൊണ്ടത്. സാഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വലിയ ആന്തരിക സംഘര്‍ഷത്തിലൂടെ കടന്നുപോയാണ് കൗരവരുടേയും പാണ്ഡവരുടേയും പിതാമഹനായ ഭീഷ്മര്‍ പക്ഷംപിടിക്കുന്നത്. കുരുക്ഷേത്രയുദ്ധത്തിലെ ശ്രീകൃഷ്ണന്റെ ഹിംസയുപദേശമായി പിന്നീട് എഴുതിച്ചേര്‍ത്ത ഭഗവദ്ഗീതയടക്കം ആദ്യ പത്തുദിവസമാണ് മഹാഭാരത കഥയിലെ ഭീഷ്മപര്‍വ്വം. സ്വേച്ഛമൃത്യുവായ ഭീഷ്മരെ ജയിക്കല്‍ പാണ്ഡവര്‍ക്ക് എളുപ്പമായിരുന്നില്ലെന്നതുകൊണ്ടാണ് കൃഷ്ണന്റെ കുതന്ത്രത്തിലൂടെ പാണ്ഡവര്‍ ഭീഷ്മരെ ശരശയ്യയിലാക്കുന്നത്. ഭീഷ്മര്‍ക്ക് അച്ഛന്‍ ശാന്തനു കൊടുത്ത വരമാണ് ‘നീ ആഗ്രഹിക്കുമ്പോള്‍ മാത്രമേ നീ മരിക്കൂ’ എന്നത്. മമ്മൂട്ടിയുടെ മൈക്കിള്‍, സൈമണച്ഛനോട് പറയുന്നുണ്ട് ‘ഞാന്‍ എപ്പോള്‍ മരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും’ എന്ന്. കണ്ണുകെട്ടിയ പുത്രവാത്സല്ല്യനിധിയായ ഗാന്ധാരിയെ ഓര്‍മ്മിപ്പിക്കുന്ന മോളി ആന്റിയും ഉണ്ട് അഞ്ഞൂറ്റിയില്‍. ദിലീഷ് പോത്തന്‍ അവതരിപ്പിച്ച ജേംസ് ഗാന്ധാരിയുടെ സഹോദരന്‍ ശകുനിയെ എല്ലാ അര്‍ത്ഥത്തിലും പ്രതീകവല്‍ക്കരിക്കുന്നുണ്ട്. ജീവിതം മുഴുവനും ദുഃഖം പേറിയ കുന്തിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഫാത്തിമ.

ഭീഷ്മപർവ്വത്തിലെ മൈക്കിളായി മമ്മൂട്ടി

തന്റെ പിതാവിന്റെ പ്രണയസാഫല്ല്യത്തിന് വേണ്ടി നിത്യബ്രഹ്‌മചാരിയായിരിക്കുമെന്ന് കൊടും ശപഥം ചെയ്ത ദേവവ്രതനാണ് ഭീഷ്മര്‍ എന്നറിയപ്പെട്ടത്. മട്ടാഞ്ചേരിയിലെ പ്രതാപികളായ അഞ്ഞൂറ്റികുടുംബത്തിലെ മൈക്കിള്‍ നടത്തിയ ശപഥമെന്താകും? അമല്‍നീരദിന്റെ ഭീഷ്മ പര്‍വ്വം നമ്മുടെ സാമൂഹ്യജീവിത സംഘര്‍ഷത്തിലേക്ക് ഇറങ്ങിവരുന്ന മൊമന്റൊണത്.

കെവിനും നീനുവിനും സമര്‍പ്പിച്ചുകൊണ്ടാണ് ഭീഷ്മപര്‍വ്വം തുടങ്ങുന്നത്. കെവിന്റെ കൊലപാതകം ദുരഭിമാനകൊലയായിരുന്നു. ആ കൊലക്കും എത്രയോ പിന്നിലേക്ക് നീളുന്ന ചരിത്രമുണ്ട് കേരളത്തിലെ ജാതി സംഘര്‍ഷങ്ങള്‍ക്ക്. അത്രതന്നെ നൂറ്റാണ്ടുകളുടെ പഴക്കവും പിരിമുറുക്കവുമുണ്ട് ക്രിസ്റ്റ്യാനിറ്റിയിലെ ജാതിക്കും. യഹൂദ മതമായി തുടങ്ങിയ ക്രിസ്തുമതം യഹൂദര്‍ക്കു വെളിയിലുള്ള ജാതികളില്‍ നിന്ന് പൗലോസ് അപ്പോസ്തലന്‍ വഴി മതപരിവര്‍ത്തനം ചെയ്തു തുടങ്ങിയ അന്നുമുതലുണ്ട് ക്രിസ്ത്യാനിറ്റിയിലെ ജാതി വിഭജനം. മധ്യേഷ്യയും ആഫ്രിക്കയും സ്പെയിന്‍ വഴി യൂറോപ്പിലേയും വ്യാപാരം നിയന്ത്രിച്ചിരുന്ന മുസ്ലീങ്ങളുടെ സ്വാധീനത്തെ തടയാനും അവരുടെ എണ്ണമറ്റ സമ്പത്ത് കൈക്കലാക്കാനും സഭ ആസൂത്രണം ചെയ്ത കുരിശുയുദ്ധത്തോളം പഴക്കമുണ്ട് കൃസ്ത്യാനിറ്റിയുടെ മുസ്ലീം വിരുദ്ധതക്ക്. അവിടെനിന്ന് തുടങ്ങുന്ന ഭീഷ്മ പര്‍വ്വത്തിന്റെ അടിയൊഴുക്ക് നമ്മുടെ വര്‍ത്തമാന സാമൂഹ്യ സംഘര്‍ഷങ്ങളിലേക്ക് കലങ്ങിമറിഞ്ഞെത്തുന്നുണ്ട്.

സഹോദരന്‍ പൈലിയുടെ ഭാര്യ ഫാത്തിമയേയും അവര്‍ക്ക് അലിയിലുണ്ടായ മക്കളേയും കൈവിടില്ലെന്ന് അപ്പന് വാക്കുകൊടുത്തിട്ടുണ്ട് മൈക്കിള്‍. ആ ഒറ്റ ഭീഷ്മശപഥമാണ് അഞ്ഞൂറ്റി കുടുംബത്തിലെ മറ്റ് സഹോദര സന്തതികളെയെല്ലാം മൈക്കിളിന്റെ ശത്രുപാളയത്തിലേക്ക് ആനയിക്കുന്നത്. പുറമേക്ക് കുടുംബ കലഹമായി തോന്നുമെങ്കിലും അകമേ മതത്തിന്റെ ദുരഭിമാനമാണ് ഭീഷ്മ പര്‍വ്വത്തില്‍ പുകഞ്ഞുപൊന്തുന്നത്. നാമെത്ര കണ്ടില്ലെന്നുനടിച്ചാലും കെട്ടടങ്ങാത്ത ജീവിതയാഥാര്‍ത്ഥ്യത്തിലേക്ക് അമല്‍ നീരദ് ക്യാമറ തിരിക്കുന്നു.

ഫാത്തിമയായി നദിയ മൊയ്തു

ചരിത്രപരമായി ഫ്രാന്‍സിസ് സേവിയര്‍ മാമോദിസമുക്കിയ കേരളത്തിലെ പ്രബല ലത്തീന്‍ കത്തോലിക്ക കുടുംബമാണ് അഞ്ഞൂറ്റികള്‍. കുറേ ആളുകളെ ഒന്നിച്ച് മാമോദിസ മുക്കിയപ്പോള്‍ പങ്കെടുത്തവരുടെ എണ്ണത്തിനനുസരിച്ച് എഴുനൂറ്റിക്കാര്‍, അഞ്ഞൂറ്റിക്കാര്‍, മുന്നൂറ്റിക്കാര്‍ എന്നൊക്കെയുള്ള വിവിധ വിഭാഗങ്ങള്‍ ഉണ്ടാവുകയും അവരുടെ പരമ്പര ആ പേരില്‍ നിലനില്‍ക്കുകയും ചെയ്തു. ഭീഷ്മ പര്‍വ്വം പറയുന്നതും ഒരു അഞ്ഞൂറ്റി കുടുംബത്തിന്റെ കഥയാണ്. ഫാത്തിമയെ വിവാഹം കഴിച്ച അഞ്ഞൂറ്റി കുടുംബത്തിലെ മൂത്തയാള്‍ പൈലി ഫാത്തിമയില്‍ കുട്ടികള്‍ ഉണ്ടാകും മുന്നെ കൊലചെയ്യപ്പെടുകയാണ്. ആ കൊല ഒരു ദുരഭിമാനകൊലയായിരുന്നു എന്നനുമാനിക്കാനുള്ള സൂചന തരുന്നുണ്ട് സിനിമ. നമ്പൂതിരികള്‍ ക്രിസ്ത്യന്‍ മതം സ്വീകരിച്ച വീട്ടിലെ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തതിന്‌റെ പേരില്‍ മകന്‍ നഷ്ടപെട്ട അമ്മയും മരുമകളും മൈക്കിളിനെ കാണാന്‍ വരുന്ന രംഗമാണ് മൈക്കിളിന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍. ഫാത്തിമയോടും ഫാത്തിമക്ക് പുനര്‍വിവാഹ അലിയിലുണ്ടായ മക്കളോടും അഞ്ഞൂറ്റിയിലെ കുടുംബാഗങ്ങള്‍ക്ക് പലര്‍ക്കും തീര്‍ത്താല്‍ തീരാത്ത എതിര്‍പ്പുണ്ട്. ആ എതിര്‍പ്പിനുള്ള പ്രധാന കാരണം മതവും സ്വത്ത് നഷ്ടമാകുമെന്ന ആധിയുമാണ്. വളരെ പ്രകടമായി തന്നെ മത സ്വത്വം പറഞ്ഞ് ഇകഴ്ത്തുന്നുണ്ട് അഞ്ഞൂറ്റിക്കാര്‍ ഫാത്തിമയുടെ കുടുംബത്തെ. മത്തായിക്ക് ഷെവലിയാര്‍ പട്ടം നഷ്ടമാകുന്നതിന് കാരണമായി ആരോപിക്കുന്നത് മേത്തന്‍ ഫാമിലിയുമായുള്ള ബന്ധമാണ്. അമിയുടേയും റേച്ചലിന്റെയും പ്രണയത്തിന് എതിര്‍പ്പായിവരുന്നത് അയാളൊരു മേത്തന്‍ ആണ് എന്നുള്ളതുകൊണ്ടാണ്. ഭീഷ്മ പർവ്വത്തിൽ കൊലചെയ്യപ്പെടുന്ന പലരും ദുരഭിമാനക്കൊലയുടെ ഇരകളാണ്. ഈ കൊലയുടേയും ആസൂത്രണങ്ങള്‍ക്ക് പിന്നില്‍ രണ്ട് ശക്തികള്‍ തമ്മിലുള്ള ഐക്യം ഉണ്ടെന്ന് കാണാം.

പറുദീസ എന്ന ഗാനം കാലികമായ ചില രാഷ്ട്രീയ വായനയെ ആവശ്യപ്പെടുന്നുണ്ട് .

പാടുന്നോര്‍ പാടട്ടെ ..കഴിയുവോളം ..
ആടുന്നോര്‍ ആടട്ടെ .. തളരുവോളം ..
ചേരുന്നോര്‍ ഒന്നായി ചേരട്ടെ …വേഗം..!
അതിനു കെല്‍പ്പുള്ള ഭൂമി നിന്‍ ..പറുദീസ

എന്ന വരികളിലാണ് അമിയും കൂട്ടുകാരും ചുവടുവയ്ക്കുന്നത്. ഹിന്ദുത്വ ശക്തികളെ പ്രകോപിപ്പിച്ച ജാനകിയുടേയും നവീന്‌റേയും കോളേജ് കോറിഡോറിലെ റാസ്പ്യൂട്ടിന്‍ ചുവടുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് പറുദീസയിലെ രംഗങ്ങള്‍. പ്രണയം പൊളിക്കുന്ന മതിലുകളും അതുണ്ടാക്കുന്ന രക്തസാക്ഷികളുമാണ് ഭീഷ്മ പര്‍വ്വത്തിന്റെ അണ്ടര്‍ കറന്റ്. സവര്‍ണ്ണ ക്രിസ്ത്യാനികളുടെ മുസ്ലീം വിരുദ്ധതക്കും ദളിത് വിരുദ്ധതക്കും ഇടയില്‍ മതാതീത സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പറുദീസ തീര്‍ക്കുന്നവരുടെ കഥയാണ് ഭീഷ്മ.

പറുദീസ എന്ന ഗാനരംഗത്തിൽ നിന്ന്

കീഴാള മേലാള സംഘര്‍ഷ ഭൂമിയിലാണ് ഭീഷ്മ പര്‍വ്വം നടക്കുന്നത്. ക്രിസംഘികളും നാര്‍ക്കോട്ടിക്ക് ജിഹാദ് ആരോപണവും കൊടുംമ്പിരികൊണ്ട കാലത്താണ് ഭീഷ്മപര്‍വ്വം ഇറങ്ങുന്നത്. ആ രാഷ്ട്രീയമാകട്ടെ വളരെ സട്ടില്‍ ആണുതാനും. സിനിമയില്‍ രണ്ടുതരം അയ്യപ്പഭക്തരെ കാണിക്കുന്നുണ്ട്. ഒന്ന് മൈക്കിളിന്റെ സുഹൃത്തായ ശിവന്‍കുട്ടിയാണ് മറ്റൊന്ന് പടു വാര്‍ധക്യത്തിലും ഹിംസയുടെ കണക്കുകൂട്ടലുമായി കഴിയുന്ന കാര്‍ത്ത്യായനിയമ്മയും ഇരവിപിള്ളയും. വിരുദ്ധനിലപാടിന്റെ വര്‍ത്തമാന രാഷ്ട്രീയ പ്രതീകമായി ഈ കഥാപാത്രങ്ങളെ വായിച്ചെടുക്കാവുന്നതാണ് .

മനുഷ്യസ്‌നേഹവും അതിനെതിരെ നില്‍ക്കുന്ന യഥാസ്ഥിക മതവും തമ്മിലാണ് അമല്‍നീരദിന്റെ ഭീഷ്മ പര്‍വ്വത്തിലെ യുദ്ധം നടക്കുന്നത്. മുസ്ലീം പ്രതിനിധാനങ്ങള്‍ ഒന്നുകില്‍ പ്രതിനായകനായോ അല്ലങ്കില്‍ നായകന്റെ ആശ്രിതനായോ അവതരിപ്പിക്കപെട്ട മലയാള സിനിമയില്‍ അലിയുടെ മകന്‍ അജാസ് അഞ്ഞൂറ്റി കുടുംബത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന ക്ലൈമാക്‌സ് പ്രകോപനപരമായ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റായിതീരുന്നു. എണ്‍പതുകളുടെ അവസാനം നടന്നൊരു കഥയെ അവതരിപ്പിക്കുമ്പോള്‍ നവരാഷ്ട്രീയ മുദ്രാവാക്യങ്ങളോ പ്രമേയങ്ങളൊ ഒന്നും നേരിട്ട് പറയാതെ അവയൊക്കയും മാര്‍മ്മികമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതിലാണ് അമല്‍ നീരദിന്റെ ബ്രില്ല്യന്‍സ്. അത്രയും സൂക്ഷ്മമായതിനാല്‍ പെട്ടന്നു പിടിതരാത്തതും എന്നാല്‍ സര്‍വ്വത്രനിറഞ്ഞതുമായ ഒരു രാഷ്ട്രീയ വാക്യത്തെ ഭീഷ്മ പര്‍വ്വം പറഞ്ഞുവയ്ക്കുന്നുണ്ട്. കെവിനും നീനുവിനും സമര്‍പ്പിക്കപെട്ട ഈ അമല്‍നീരദ് ചലചിത്രത്തെ അതിന്റെ രാഷ്ട്രീയ മാനങ്ങളോടുകൂടി വായിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.

UPDATES
STORIES