ഭീഷ്മയുടെ തിരക്കൊഴിഞ്ഞ് ഏജന്റിലേക്ക് മമ്മൂട്ടി; പ്രതിനായകന്റെ ടാഗ്‌ലൈനുമായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഭീഷ്മ പര്‍വം തിയേറ്ററുകളെ ഇളക്കി മറിച്ച് പ്രദര്‍ശനം തുടരുന്നതിന് പിന്നാലെ തെലുങ്ക് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് മടങ്ങി മമ്മൂട്ടി.സുരേന്ദ്രര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഏജന്റി’ന്റെ രണ്ടാം ഷെഡ്യൂളിലേക്കാണ് മടക്കം. ‘ഏജന്റി’ല്‍ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പ്രതിനായക വേഷത്തെ സൂചിപ്പിക്കുന്ന ‘ദ ഡെവിള്‍: റൂത്ത്‌ലെസ്സ് സര്‍വൈവര്‍’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. അഖില്‍ അക്കിനേനിയാണ് ഏജന്റില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഹൈദരാബാദില്‍ ആരംഭിച്ചു. ഹംഗറിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍.

‘അച്ചടക്കവും അര്‍പ്പണബോധവും കൊണ്ട് തന്റേതായ വഴിയൊരുക്കിയ ഇന്ത്യന്‍ സിനിമയുടെ അമരക്കാരന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഏജന്റിന്റെ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്യുന്നു. സെറ്റുകളിലെ ആ മായാജാലം കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ’, രണ്ടാം ഷെഡ്യൂളില്‍ മമ്മൂട്ടിയെത്തുന്ന വിവരം പങ്കുവെച്ച് സുരേന്ദ്രര്‍ റെഡ്ഡി ട്വീറ്റ് ചെയ്തത് ഇങ്ങനെ. സ്‌പൈ ത്രില്ലര്‍ വിഭാഗത്തിലാണ് ഏജന്റ് ഒരുങ്ങുന്നത്.

മമ്മൂട്ടിക്കും അഖില്‍ അക്കിനേനിക്കുമൊപ്പം സാക്ഷി വൈദ്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിപ് ഹോപ് തമിഴയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. എ.കെ എന്റര്‍ടൈന്‍മെന്റ്‌സിന്റെയും സറണ്ടര്‍ ടു സിനിമാസിന്റേയും ബാനറുകളിലാണ് നിര്‍മ്മാണം.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്ക് സിനിമയുടെ ഭാഗമാവുന്നത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ് 2019ല്‍ പുറത്തിറങ്ങിയ ‘യാത്ര’യായിരുന്നു മമ്മൂട്ടിയുടെ ഒടുവിലത്തെ തെലുങ്ക് ചിത്രം. വൈഎസ്ആറിനെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. വീണ്ടുമൊരു മമ്മൂട്ടി ചിത്രമെത്തുന്നതിലുള്ള വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

UPDATES
STORIES