ലിജോ ജോസ് ചിത്രത്തിൽ മമ്മൂട്ടിയും ഫഹദ് ഫാസിലും; നിർമാണം മമ്മൂട്ടി കമ്പനി

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ചിത്രം ഉടൻ റിലീസിനെത്തും എന്നാണ് വാർത്തകൾ. എന്നാൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും മറ്റൊരു സിനിമയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ ഇക്കുറി ഫഹദ് ഫാസിലും ഉണ്ടാകും എന്നാണ് അറിയുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മമ്മൂട്ടി കമ്പനി നിർമിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. ‘നൻപകൽ നേരത്ത് മയക്കം’, നിസാം ബഷീറിന്റെ ത്രില്ലർ ‘റോർഷാക്’ എന്നിവ നിർമിക്കുന്നതും മമ്മൂട്ടി കമ്പനി തന്നെയാണ്.

ഫ്രൈഡേ ഫിലിംസ് നിർമ്മിക്കാനിരുന്ന ‘ആന്റി ക്രൈസ്റ്റ്’ എന്ന ഡാർക്ക് ത്രില്ലറിലാണ് ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കേണ്ടിയിരുന്നത്. 2014ൽ ചർച്ചകൾ നടന്നെങ്കിലും സിനിമ മുന്നോട്ടു പോയില്ല. പിന്നീട് പൃഥ്വിരാജിനെ നായകനാക്കി ‘ആന്റി ക്രൈസ്റ്റ്’ പ്ലാൻ ചെയ്തെങ്കിലും നടന്നില്ല. ഫഹദും സിനിമയുടെ ഭാഗമാകുമെന്ന് ഒരു ഘട്ടത്തിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

‘ആമേൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു വേണ്ടിയാണ് മുൻപ് ഫഹദ് മുമ്പ് ലിജോയുമായി സഹകരിച്ചത്. നിലവിൽ അഖിൽ സത്യന്റെ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഫഹദ്. മമ്മൂട്ടിക്കൊപ്പം ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’, ‘പ്രമാണി’, ‘ഇമ്മാനുവൽ’ എന്നിവയിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്. കമൽഹാസനും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രമിലാണ് ഫഹദ് അടുത്തതായി അഭിനയിക്കുന്നത്.

അതേസമയം, മെയ് 13 ന് സോണി ലിവിൽ റിലീസ് ചെയ്യാനിരിക്കുന്ന ‘പുഴു’വിലൂടെ ഒടിടി അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് മമ്മൂട്ടി. എംടി വാസുദേവൻ നായരുടെ ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു നെറ്റ്ഫ്ലിക്സ് ആന്തോളജിയുടേയും ഭാഗമായിരിക്കും മമ്മൂട്ടി എന്നാണ് വിവരം. ഈ ചിത്രവും സംവിധാനം ചെയ്യുന്നത് ലിജോ തന്നെയായിരിക്കും.

UPDATES
STORIES