അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും

നടൻ ദിലീപ് പ്രതിയായ ബലാത്സംഗ കേസിൽ അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും രംഗത്തുവന്നു. കേസിലെ ദിലീപിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടയിലാണ് മലയാളത്തിലെ രണ്ട് പ്രമുഖ താരങ്ങൾ നടിക്ക് പിന്തുണയുമായി രംഗത്തുവന്നത്.

നിന്നോടൊപ്പം എന്ന കുറിപ്പോടെയാണ് മമ്മൂട്ടി നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്. മോഹൻലാൽ ‘റെസ്‌പെക്ട്’ എന്ന ഒറ്റവാക്കിൽ പ്രതികരിച്ചു.

ദിലീപ് പ്രതിയായ കേസ്‌ അഞ്ചുവർഷം പിന്നിടുമ്പോൾ കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് തിങ്കളാഴ്ച രാവിലെയാണ് നടിയുടെ പോസ്റ്റ് വന്നത്. മലയാള സിനിമാ രംഗത്തെ യുവതാരങ്ങളിൽ പലരും നടിക്ക് പിന്തുണയുമായി പെട്ടെന്ന് തന്നെ രംഗത്തുവന്നു. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പ്രതികരണത്തിനുവേണ്ടി സോഷ്യൽ മീഡിയ മുറവിളികൂട്ടുന്നതിനിടയിലാണ് ഇരു താരങ്ങളുടെയും പ്രതികരണം. മഞ്ജു വാര്യരും വൈകുന്നേരത്തോടെ നടിക്ക് പിന്തുണ അറിയിച്ചിരുന്നു.

നടിയുടെ പ്രതികരണം:

‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു; എനിക്കുവേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, നടി കുറിച്ചു.

UPDATES
STORIES