അപര വിദ്വേഷത്തിന്റെ ‘പുഴു’

‘പുഴു’ എന്ന സങ്കല്പം എന്റെ മനസ്സിൽ അറപ്പിൽ നിന്നു മതിപ്പിലേക്ക് വളർന്നത് ജയമോഹന്റെ ‘ആന ഡോക്ടർ’ വായിച്ചതിനു ശേഷമാണ്. പിന്നീട്, ‘പുഴു’ എന്ന് കേൾക്കുമ്പോഴൊക്കെ, ആനന്ദത്തിലും വേദനയിലും മനുഷ്യൻ പുഴുവിനെ പോലെ പുളയുമെന്ന സത്യം ഓർമ വരും.

പുഴു എന്ന സിനിമയിലാകട്ടെ, അതിന്റെ ഭാവാർത്ഥം, പുഴുവായി കടന്നുവന്ന തക്ഷകനെ പ്രതിനിധീകരിക്കുന്നു. ചിത്രത്തിന്റെ കഥാസംഗ്രഹം “ഗ്രഹണി സമയത്ത് പുഴുവും പാമ്പാകും” എന്ന വായ്‌മൊഴിയെ അന്വർത്ഥമാക്കുന്നു. മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയമാണ് ഈ ചിത്രത്തിന്റെ ജീവൻ. അദ്ദേഹത്തിന്റെ കഥാപാത്ര സൃഷ്ടിയാണ് എന്നെ ഏറ്റവും സ്വാധീനിച്ചതും.

മമ്മൂട്ടി അവതരിപ്പിക്കുന്ന കുട്ടൻ എന്നു വിളിക്കുന്ന മുഖ്യ കഥാപാത്രം, ജാതീയ ദുരഭിമാനം കാർന്നു തിന്നുന്ന ഒരു വ്യക്തിയാണ്. അതിനുമപ്പുറം അയാളിലേക്ക് അരിച്ചിറങ്ങുമ്പോൾ അയാളുടെ പൂണൂലിനു മേൽ, വെളുത്തു തുടുത്ത മുഖത്തിന്‌ മേൽ, പണവും പ്രതാപവും അധികാരവും ആൾബലവുമുള്ള പശ്ചാത്തലത്തിനു മേൽ, കുട്ടനെന്ന ഓമനപ്പേരിനു മേൽ, സ്വസ്ഥമായി ഉറങ്ങാനാവാത്ത അസ്വസ്ഥതക്കും കൊല്ലപ്പെടുമോ എന്ന ആധിക്കും മേൽ നിറഞ്ഞു നിൽക്കുന്ന ഒരേയൊരു ഭാവം ആഴമേറിയ കയ്പ്പാണ് (bitterness) എന്ന് കാണാം. ആ കയ്പ്പിനെ വായിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ അയാളുടെ സഹാനുഭൂതി തൊട്ടു തീണ്ടിയിട്ടില്ലാത്ത, സ്വയം മാറാൻ തയാറാവാതെ മറ്റുള്ളവരെ മാറ്റിയെടുത്തു നിയന്ത്രിക്കാൻ മാത്രം പരിശീലിച്ചിട്ടുള്ള, narcisist മനോനില യുടെ പ്രതിഫലനം കാണാം.

ഈ സാമൂഹിക മാനസിക വൈകല്യം ‘സൈക്കോപ്പാത്ത്’ വ്യക്തിത്വമായി കണക്കാക്കാവുന്നതാണ്.

അയാളെ സംബന്ധിച്ച് അയാൾ ഇരയാണ്. ഭാര്യയെ നഷ്ടപ്പെട്ട, വധ ശ്രമത്തിന് വിധേയനായ, മകനെ തനിച്ചു വളർത്തുന്ന, സഹോദരിയാൽ അപമാനം നേരിട്ട, നിരന്തരം കൊലപാതക ഭീതിയിൽ ജീവിക്കേണ്ടി വരുന്ന ഒരാൾ. അയാൾ തന്റെ അമ്മയോട് കരഞ്ഞു ചോദിക്കുന്നുണ്ട് “ഞാൻ എന്ത് ചെയ്തിട്ടാ അമ്മേ” എന്ന്. അയാൾക്ക് തന്റെ എല്ലാ ചെയ്തികൾക്കും ന്യായമുണ്ട്. ഒരുപക്ഷെ നമ്മുടെ എല്ലാം ജീവിതത്തിൽ ഇങ്ങനെയൊരാളെ നമുക്ക് അറിയാമായിരിക്കും. മറ്റുള്ളവരെ നിരന്തരം പീഡിപ്പിച്ചു കൊണ്ട് സ്വയം ഇരയായി വിശ്വസിച്ചു ജീവിക്കുന്ന ചിലർ. അവർക്ക് മറ്റൊരാളുടെ മനസ് കാണാനോ, മറ്റൊരാളുടെ ഭാഗത്തു നിന്നു ചിന്തിക്കുവാനോ ഉള്ള കഴിവില്ല (തനിച്ചു വളർത്തുന്നുവെന്ന് അവകാശപ്പെടുന്ന സ്വന്തം കുഞ്ഞിന്റെ പോലും).

മറ്റൊരു സ്വഭാവ സവിശേഷത അധികാര ഭാവമാണ്. ആരോടും അലിവില്ലാത്ത, ആർക്കു മേലെയും ‘entitlement’ ഉണ്ടെന്നുള്ള അധികാരഭാവം. സ്വന്തം കുഞ്ഞിനോടും ഫ്ലാറ്റിലെ പട്ടി കുഞ്ഞിനോടും പോൾ വർഗീസ് എന്ന തകർന്നു ജീവിക്കുന്ന ദുർബലനോടും തളർന്നു കിടക്കുന്ന സ്വന്തം അമ്മയുടെ കണ്ണീരിനോടും അമീറെന്ന വീട്ടു ജോലിക്കാരനോടും കുട്ടപ്പനെന്ന ദളിതനോടും ഗർഭിണിയായ സഹോദരിയോടും അവളുടെ വയറ്റിലെ ജീവനോടും അയാൾക്ക് അലിവില്ല, ബഹുമാനമില്ല, സ്നേഹമില്ല. സ്വന്തം മകന്റെ ഇഷ്ടം നേടിയെടുക്കാൻ നടത്തുന്ന ദുർബല ശ്രമങ്ങൾക്കപ്പുറം, കയ്പോട് കൂടിയല്ലാതെ അയാൾക്ക് ആരോടും ഇടപെടാൻ കൂടി കഴിവില്ല.

പാർവതിയും മമ്മൂട്ടിയും ‘പുഴു’വിൽ

അയാൾ മനസ് തുറക്കുന്നത് തളർന്നു കിടക്കുന്ന, തിരിച്ചൊരു അഭിപ്രായവും പറയാൻ ശേഷിയില്ലാത്ത തന്റെ അമ്മയോട് മാത്രമാണ്. അവിടെയും അയാൾ കരയുന്നത് തന്നെ ഇരവൽക്കരിച്ചു കൊണ്ടാണ്. മകന്റെ സ്നേഹം നേടിയെടുക്കാനും അയാൾ തന്റെ വീഴ്ചകളെ ത്യാഗങ്ങളാക്കി പർവതീകരിച്ച് ഇമോഷണൽ മാനിപുലേഷൻ നടത്തുന്നത് കാണാം. തന്റെ മുന്നിൽ ഒരു പട്ടിയും മനുഷ്യനും പിടഞ്ഞു മരിക്കുന്നത് കാണുമ്പോൾ, അവരോട് അയാൾക്ക് നിസ്സംഗത മാത്രമാണ്. മരണ വെപ്രാളത്തിൽ പിടയുന്ന പോൾ വർഗീസിനെ നോക്കി നിൽക്കുമ്പോഴും അയാളുടെ ആശങ്ക അത് തന്റെ തലയിലാവുമോ എന്നത് മാത്രമാണ്. അയാളല്ല തന്നെ കൊല്ലാൻ ശ്രമിച്ചത് എന്നറിയുമ്പോഴും “അവൻ ചാവേണ്ടവൻ തന്നെയാ”ണെന്ന ക്രൂര വാചകങ്ങൾ മാത്രമാണ് അയാളുടെ നാവിൽ. സഹോദരിയേയും ഭർത്താവിനേയും കൊല്ലുമ്പോൾ താനെന്തൊ വലിയ ത്യാഗം ചെയ്ത ഭാവമാണ്.

അയാളുടെ ഭാര്യ എങ്ങനെ മരണപ്പെട്ടു എന്നത് ചിത്രത്തിലില്ല. അതുമൊരു പക്ഷേ ആത്മഹത്യയോ കൊലപാതകമോ ആവാം. മകൻ കിച്ചുവിന്റെ ഉള്ളിൽ നുരഞ്ഞു പതയുന്ന വെറുപ്പ്‌ പോലെ, അതിന്റെ നിസ്സഹായത പോലെ അവരും അനുഭവിച്ചിരിക്കാം. അയാളുടെ ആക്രമണോൽസുകത, ദിനം പ്രതിയുള്ള micro-aggression ൽ തുടങ്ങി ഒടുക്കം ഇരട്ട കൊലപാതകത്തിൽ അവസാനിക്കുന്നതായി കാണാം. അയാൾ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്ന നിരവധി മനുഷ്യരുടെ ശാപമെന്ന പോലെ, അയാൾക്ക് നേരെയുള്ള വധശ്രമങ്ങൾ ശ്വാസം മുട്ടിച്ച് കൊല്ലുന്ന തരത്തിലാവുന്നത് യാദൃശ്ചികമായിരിക്കില്ല.

ഒടുവിലെ മരണം അയാളുടെ ഹാലൂസിനേഷനായിട്ടാണ് എനിക്ക് വായിക്കാനാവുന്നത്. ഇരയെ വിഴുങ്ങാൻ വന്ന വിര, അയാൾ അധികാര ധാർഷ്ട്യത്തിൽ ചതച്ചരച്ചു കളഞ്ഞ ഒരുപാട് പേരുടെ പ്രതിനിധിയാണ്. എങ്കിലും, ഒരു കൊലപാതകിയായി ജയിലിൽ പോകുന്നതായിരുന്നു മരണത്തേക്കാൾ വലിയ ശിക്ഷ എന്ന് തോന്നിപ്പോയി. മരണം അയാളെ ഒരർത്ഥത്തിൽ, അയാളുടെ കർമ്മ ഫലങ്ങളിൽ നിന്ന് രക്ഷിക്കുകയാണ് ഉണ്ടായത്.

രത്തീന സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ഹർഷാദും ഷറഫുവും സുഹാസുമാണ്. പാർവതി തിരുവോത്തിന്റെ മിതത്വമുള്ള അഭിനയത്തോടൊപ്പം തന്നെ മികച്ചു നിൽക്കുന്നതാണ് അപ്പുണ്ണി ശശിയുടെയും മാസ്റ്റർ വാസുദേവിന്റെയും സ്ക്രീൻ പ്രസൻസ്. സോണി ലിവ് പ്ലാറ്റഫോമിലാണ് ‘പുഴു’ റിലീസ് ചെയ്തിട്ടുള്ളത്.

UPDATES
STORIES