പിടി തരാതെ മമ്മൂട്ടിയുടെ ‘പുഴു’ ട്രെയിലർ; റിലീസ് മെയ് 13ന് സോണി ലിവിൽ

മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായിക രത്തീന പി.ടി ഒരുക്കുന്ന ‘പുഴു’വിന്റെ ട്രെയിലറെത്തി. ഒരു മിനുട്ട് 13 സെക്കൻഡ് ട്രെയിലറിൽ ചിത്രത്തെ കുറിച്ച് കാര്യമായ സൂചനകളൊന്നും പുറത്തുവിട്ടില്ല. മമ്മൂട്ടി നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമായിരിക്കും അവതരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. . ഒരു അച്ഛന്റെയും മകന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ തീവ്രതയും ബന്ധങ്ങളിലെ രാഷ്ട്രീയവും സംസാരിക്കുന്ന ചിത്രമായിരിക്കും മമ്മൂട്ടിയുടെ ആദ്യ ഡയറക്ട് ഒടിടി റിലീസ് കൂടിയായ പുഴു എന്നാണ് പ്രതീക്ഷിക്കുന്നത്.

പുഴു എന്ന ചിത്രത്തിന്റെ കഥയാണ് തന്നെ ആവേശം കൊള്ളിച്ചതെന്നും തങ്ങൾ വിശ്വസിച്ച ഒരു കഥ പ്രേക്ഷകർക്ക് മുന്നിലേക്ക് നൽകുകയാണെന്നും മമ്മൂട്ടിനേരത്തേ പറഞ്ഞിരുന്നു.

“പുഴു എന്ന ചിത്രത്തിന്റെ കഥ എന്നെ വളരെ അധികം ആവേശം കൊള്ളിച്ചിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെത്തന്നെ പുനർ നിർമിക്കുക എന്നതും പുതുമയുള്ളതും കൂടുതൽ ആവേശകരവുമായ സിനിമകൾ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. പുഴു അത്തരത്തിലൊരു ചുവടുവയ്പ്പാണ്. ഞങ്ങൾ വിശ്വസിച്ച ഒരു കഥ ഞങ്ങളുടെ നൂറ് ശതമാനം നൽകി നിങ്ങളിലേക്കേത്തിക്കുയാണ്. അത് പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് നിർമിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഹർഷാദിനൊപ്പം ഷറഫ്, സുഹാസ് കൂട്ടുകെട്ടാണ് പുഴുവിനറെ തിരക്കഥയൊരുക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു.

UPDATES
STORIES