നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ നിലവിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ് അദ്ദേഹം.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളുടെ തുടർച്ചയായി അതിന്റെ അഞ്ചാം ഭാഗത്തിലാണ് അദ്ദേഹം നിലവിൽ അഭിനയിക്കുന്നത്. എസ് എന്‍ സ്വാമി തിരക്കഥ തയ്യാറാക്കിയ ഈ നാല് ചിത്രങ്ങളും കെ മധു തന്നെയായിരുന്നു സംവിധാനം ചെയ്തത്. അഞ്ചാം സിബിഐയും ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടില്‍ത്തന്നെയാണ്.
അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വം, രത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്.
ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപർവ്വം. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രത്തില്‍ മിഖായേല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. സംവിധായകനും അണിയറ പ്രവര്‍ത്തകരും പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്ക്കടക്കം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിഗ് ബി, ഇയോബിന്റെ പുസ്തകം, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങളെ ശ്രദ്ധേയമാക്കിയ അമല്‍ നീരദ് ടച്ചോടെയാവും ഭീഷ്മ പര്‍വവും എത്തുകയെന്നാണ് ക്യാരക്ടര്‍ പോസ്റ്ററുകള്‍ നല്കുന്ന സൂചന. ഭീഷ്മപര്‍വം പ്രേക്ഷകരെ അത്യത്ഭുതപ്പെടുത്തുമെന്നാണ് ചിത്രത്തില്‍ വേഷമിടുന്ന നടന് സൗബിന് ഷാഹിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും.
അച്ഛന്റെ നെറ്റിയിലേക്ക് കളിത്തോക്കുകൊണ്ട് വെടിയുതിര്‍ക്കുന്ന മകനിലൂടെ ഭയവും സസ്പെന്‍സും നിറച്ചെത്തിയ ടീസര്‍ പുഴുവിന് വേണ്ടിയുള്ള കാത്തിരിപ്പിന് ആവേശം കൂട്ടുന്നുണ്ട്. നവാഗതയായ റത്തീനയുടേതാണ് സംവിധാനം. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദിന്റെ തിരക്കഥയിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന ചര്‍ച്ചകളും വരുന്നുണ്ട്. പുഴുവിന്റെ ഷൂട്ടിങ്ങ് മികച്ച അനുഭവമായിരുന്നുവെന്ന് മമ്മൂട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രാണ് നന്‍പകല്‍ നേരത്ത് മയക്കം. ഒറ്റ ഷെഡ്യൂളില്‍ 28 ദിവസംകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളില്‍ മമ്മൂട്ടിയെത്തുന്നുണ്ടെന്നാണ് വിവരം. സൈക്കിള്‍ മെക്കാനിക്കും ആക്രിസാധനങ്ങളുടെ ഡീലറുമായാണ് മമ്മൂട്ടി കഥാപാത്രമെന്നും സൂചനകളുണ്ട്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘മമ്മൂട്ടി കമ്പനി’ എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ ചിത്രം കൂടിയാണിത്. തമിഴ് ബിഗ്ബോസ് താരം രമ്യാ പാണ്ഡ്യനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോകനും പ്രധാനവേഷത്തിലെത്തുന്നു.