മമ്മൂട്ടിയുടെ 2022; പുഴു മുതല്‍ നന്‍പകല്‍ നേരത്ത് മയക്കം വരെ; വരാനിരിക്കുന്നത് സൂപ്പര്‍ സംവിധായകരുടെ ചിത്രങ്ങള്‍

അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക്, ജോഫിന്‍ ടി ചാക്കോയുടെ ദ പ്രീസ്റ്റ്, സന്തോഷ് വിശ്വനാഥിന്റെ വണ്‍ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് 2020-2021 വര്‍ഷങ്ങളില്‍ മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍, 2022 മമ്മൂട്ടിക്ക് അങ്ങനെയല്ല. കൊവിഡ് ലോക്ഡൗണുകള്‍ക്ക് ശേഷം സിനിമാ ശാലകള്‍ വീണ്ടും സജീവമായതോടെ ഇനി വരാനിരിക്കുന്നത് സിനിമാ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഒരുപിടി മമ്മൂട്ടി ചിത്രങ്ങളാണ്. അമല്‍നീരദ്, ലിജോ ജോസ് പെല്ലിശ്ശേരി, കെ മധു തുടങ്ങിയ സൂപ്പര്‍ സംവിധായകരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നതെന്നും ശ്രദ്ധേയമാണ്.

ഭീഷ്മപര്‍വം

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം. ഭീഷ്മ പര്‍വത്തിന് പ്രഖ്യാപനഘട്ടം മുതല്‍ പ്രതീക്ഷകളേറെയാണ്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രത്തില്‍ മിഖായേല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. സംവിധായകനും അണിയറ പ്രവര്‍ത്തകരും പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കടക്കം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിഗ് ബി, ഇയോബിന്റെ പുസ്തകം, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങളെ ശ്രദ്ധേയമാക്കിയ അമല്‍ നീരദ് ടച്ചോടെയാവും ഭീഷ്മ പര്‍വവും എത്തുകയെന്നാണ് ക്യാരക്ടര്‍ പോസ്റ്ററുകള്‍ നല്‍കുന്ന സൂചന. ഭീഷ്മപര്‍വം പ്രേക്ഷകരെ അത്യത്ഭുതപ്പെടുത്തുമെന്നാണ് ചിത്രത്തില്‍ വേഷമിടുന്ന നടന്‍ സൗബിന്‍ ഷാഹിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും.

പുഴു

അച്ഛന്റെ നെറ്റിയിലേക്ക് കളിത്തോക്കുകൊണ്ട് വെടിയുതിര്‍ക്കുന്ന മകനിലൂടെ ഭയവും സസ്‌പെന്‍സും നിറച്ചെത്തിയ ടീസര്‍ പുഴുവിന് വേണ്ടിയുള്ള കാത്തിരിപ്പിന് ആവേശം കൂട്ടുന്നുണ്ട്. നവാഗതയായ റത്തീനയുടേതാണ് സംവിധാനം. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദിന്റെ തിരക്കഥയിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന ചര്‍ച്ചകളും വരുന്നുണ്ട്. പുഴുവിന്റെ ഷൂട്ടിങ്ങ് മികച്ച അനുഭവമായിരുന്നുവെന്ന് മമ്മൂട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

നന്‍പകല്‍ നേരത്ത് മയക്കം

സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. ഒറ്റ ഷെഡ്യൂളില്‍ 28 ദിവസംകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളില്‍ മമ്മൂട്ടിയെത്തുന്നുണ്ടെന്നാണ് വിവരം. സൈക്കിള്‍ മെക്കാനിക്കും ആക്രിസാധനങ്ങളുടെ ഡീലറുമായാണ് മമ്മൂട്ടി കഥാപാത്രമെന്നും സൂചനകളുണ്ട്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘മമ്മൂട്ടി കമ്പനി’ എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ ചിത്രം കൂടിയാണിത്. തമിഴ് ബിഗ്ബോസ് താരം രമ്യാ പാണ്ഡ്യനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോകനും പ്രധാനവേഷത്തിലെത്തുന്നു.

സിബിഐ 5

കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രം. സേതുരാമയ്യര്‍ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി മമ്മൂട്ടിയെത്തുന്ന സിബിഐ 5-ന്റെ പ്രഖ്യാപനം തന്നെ സിനിമാ പ്രേമികളില്‍ വലിയ ആവേശം ജനിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ജഗതി ശ്രീകുമാറെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു സീരീസിലെ ആദ്യ ചിത്രം. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവ പിന്നാലെയെത്തി. എസ് എന്‍ സ്വാമി തിരക്കഥ തയ്യാറാക്കിയ ഈ നാല് ചിത്രങ്ങളും കെ മധു തന്നെയായിരുന്നു സംവിധാനം ചെയ്തത്. അഞ്ചാം സിബിഐയും ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടില്‍ത്തന്നെയാണ്.

UPDATES
STORIES