മമ്മൂട്ടി വീണ്ടും സിബിഐ ഉദ്യോഗസ്ഥൻ സേതുരാമയ്യരായി എത്തുന്ന ‘സിബിഐ 5: ദി ബ്രെയിൻ’ ടീസർ എത്തി. ഗാന്ധി കുടുംബത്തിലെ മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണോ ഇക്കുറി സേതുരാമയ്യർ ഏറ്റെടുക്കാൻ പോകുന്നത് എന്ന സംശയമാണ് ടീസർ ജനിപ്പിക്കുന്നത്. എസ്.എൻ സ്വാമി തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.മധു ആണ്.
34 വര്‍ഷം തികയുന്ന മമ്മൂട്ടിയുടെ സിബിഐ സിനിമയുടെ അഞ്ചാം ഭാഗമാണ് സിബിഐ 5. 2005ലാണ് നാലാം ഭാഗമായ നേരറിയാന്‍ സിബിഐ തിയേറ്ററുകളില്‍ എത്തിയത്. സേതുരാമയ്യരായി മമ്മൂട്ടി എത്തുന്നതിന് പുറമെ ജഗതി ശ്രീകുമാറും മുകേഷും യഥാക്രമം വിക്രമും ചാക്കോയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അപകടത്തെ തുടര്‍ന്ന് പത്ത് വര്‍ഷമായി വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിന് കൂടിയാണ് ഈ സിനിമ വഴിയൊരുക്കുന്നത്.
സൗബിന് ഷാഹിര്‍, രമേഷ് പിഷാരടി, കനിഹ, ആശ ശരത്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍, മാളവിക മേനോന്, ദിലീഷ് പോത്തന് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പൃഥ്വിരാജിന്റെ ‘ജന ഗണ മന’, സുരേഷ് ഗോപിയുടെ ‘പാപ്പന്’, ജയറാമിന്റെ ‘മകള്‍’ എന്നീ ചിത്രങ്ങളായിരിക്കും ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തുന്ന സിബിഐ 5ന്റെ എതിരാളികള്‍.
സിബിഐ ചിത്രത്തിന് പുറമെ നവാഗതയായ രത്തീന പി.ടി സംവിധാനം ചെയ്ത ‘പുഴു’ ആണ് മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന അടുത്ത ചിത്രം. പാര്‍വതി തിരുവോത്താണ് പുഴുവിലെ നായിക. സോണിലിവിലാണ് ചിത്രം പ്രീമിയര്‍ ചെയ്യുന്നത്.