ഏറ്റവും കഷ്ടപ്പെട്ടത് ‘പൊന്നിയിൻ സെൽവന്’ പാട്ടൊരുക്കാൻ: എ.ആർ റഹ്മാൻ

മണിരത്നത്തിന്റെ മൾട്ടിസ്റ്റാർ ബിഗ് ബഡ്ജറ്റ് ചിത്രം ‘പൊന്നിയിൻ സെൽവൻ’ സെപ്റ്റംബർ 30നാണ് തിയേറ്ററുകളിലെത്തുക. ചിത്രീകരണം പൂർത്തിയാക്കിയ ‘പൊന്നിയിൻ സെൽവൻ’ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. എ.ആർ റഹ്മാൻ ആണ് ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. താൻ ഏറ്റവുമധികം കഷ്ടപ്പെട്ട് ജോലി ചെയ്ത ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’ എന്നാണ് ദി ന്യൂ ഇൻഡ്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞത്.

“ഇത് ഒരു ഇതിഹാസ സിനിമയാണ്, വളരെയധികം ജോലിയും ഗവേഷണവും ആവശ്യമാണ്. ഞങ്ങൾ ചിത്രത്തിലെ പാട്ടുകൾ ഒരുക്കാൻ ഏകദേശം ആറുമാസം യത്നിച്ചു. ചില പാട്ടുകൾ എഴുതാൻ ബാലിയിൽ പോയി!”

മണിരത്നത്തിന്റെ സങ്കൽപ്പത്തിലുള്ള ഒരു പ്രത്യേക ശബ്ദം സൃഷ്ടിക്കുക എന്നതായിരുന്നു വെല്ലുവിളിയെന്ന് റഹ്മാൻ പറഞ്ഞു.

“അദ്ദേഹത്തിന് ഒരു പ്രത്യേക ശബ്‌ദം വേണം, അത് ഒരേസമയം വ്യത്യസ്തവും എന്നാൽ അതോട് ചേർന്നുനിൽക്കുന്നതുമാകണം. അത് കണ്ടെത്താൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. ഒരുപക്ഷേ ഇതുവരെയുള്ള എന്റെ സിനിമകളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ.”

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, വിക്രം പ്രഭു, ശോഭിത ധൂലിപാല, അദിതി റാവു ഹൈദരി, ഐശ്വര്യ ലക്ഷ്മി, അശ്വിൻ, എന്നിവരടങ്ങുന്ന മികച്ച താരനിരയാണ് പൊന്നിയിൻ സെൽവന്റേത്. ചിത്രം രണ്ട് ഘട്ടങ്ങളായാണ് പുറത്തിറങ്ങുക.

കൽക്കി കൃഷ്ണമൂർത്തിയുടെ ബെസ്റ്റ് സെല്ലിംഗ് നോവലിനെ അടിസ്ഥാനമാക്കി, മണിരത്‌നം, ജയമോഹൻ, കുമാരവേൽ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇളങ്കോ കൃഷ്ണൻ, കബിലൻ, ശിവ അനന്ത്, കൃതിക നെൽസൺ എന്നിവർ ചേർന്നാണ് പാട്ടുകളുടെ വരികൾ എഴുതിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തനായ രാജാക്കന്മാരിൽ ഒരാളായ അരുൾമൊഴിവർമ്മൻ, മഹാനായ ചോള ചക്രവർത്തിയായ രാജരാജ ചോളൻ ഒന്നാമനായി മാറിയതിന്റെ ആദ്യകാല കഥകളെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം.

UPDATES
STORIES