‘ഒത്തുതീര്‍പ്പായി’; ഇളയരാജയും ‘കടൈശി വ്യവസായി’ സംവിധായകനും തമ്മില്‍ ചര്‍ച്ച നടന്നെന്ന് അണിയറക്കാര്‍

ഇളയരാജയും ‘കടൈശി വ്യവസായി’ സംവിധായകന്‍ എം മണികണ്ഠനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍. മണികണ്ഠനും ഇളയരാജയും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചു. ഇരുവരും അഭിപ്രായ ഭിന്നതകള്‍ സംസാരിച്ച് തീര്‍ത്തു. വിഷയം ഇതോടെ അവസാനിച്ചെന്നും അണിയറക്കാര്‍ പറഞ്ഞു.

നവാഗതനായ നല്ലണ്ടി, വിജയ് സേതുപതി, യോഗി ബാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ ചിത്രം ഇളയരാജയുടെ എതിര്‍പ്പിനേത്തുടര്‍ന്നാണ് വിവാദത്തിലായത്. ‘കാക്കമുട്ടൈ’യിലൂടെ ശ്രദ്ധേയനായ എം മണികണ്ഠന്‍ ഇളയരാജയെയാണ് പാട്ടുകള്‍ക്ക് ഈണമിടാനും പശ്ചാത്തലസംഗീതമൊരുക്കാനും നിയോഗിച്ചത്. പക്ഷെ, ഇളയരാജ ഒരുക്കിയ ബിജിഎം സംവിധായകന് തൃപ്തികരമായി തോന്നിയില്ല. മണികണ്ഠന്‍ ആവശ്യപ്പെട്ടെങ്കിലും മാറ്റം വരുത്താന്‍ ഇളയരാജ തയ്യാറായതുമില്ല.

കടൈശി വ്യവസായി

തര്‍ക്കത്തിനൊടുവില്‍ ഇളയരാജയുടെ പശ്ചാത്തലസംഗീതത്തിന് പകരം ബിജിഎം ഒരുക്കാന്‍ സംവിധായകന്‍ സന്തോഷ് നാരാണയനെ സമീപിച്ചു. സന്തോഷ് നാരായണനേക്കൊണ്ട് ചെയ്യിച്ച ബിജിഎം ഉള്‍പ്പെടുത്തി പുതിയ ട്രെയിലറും റിലീസ് ചെയ്തു. ഇതോടെ ക്ഷുഭിതനായ ഇതിഹാസ സംഗീതജ്ഞന്‍ എതിര്‍പ്പുമായെത്തുകയായിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തന്റെ സ്‌കോറുകള്‍ നീക്കം ചെയ്തതെന്ന് ആരോപിച്ചു ഇളയരാജ സംഗീത സംവിധായകരുടെ സംഘടനയ്ക്ക് പരാതി നല്‍കി. സംഘടനയുടെ അദ്ധ്യക്ഷനും സംഗീത സംവിധായകനുമായ ദിന ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനേത്തുടര്‍ന്നാണ് തര്‍ക്കം പരിഹരിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

85 വയസുകാരനായ ഗ്രാമീണ കര്‍ഷകന്‍ നല്ലണ്ടിയുടെ കഥയാണ് കടൈശി വ്യവസായി പറയുന്നത്. കോമഡി ഡ്രാമയാണ് ചിത്രം. എം മണികണ്ഠന്റേത് തന്നെയാണ് തിരക്കഥ. രാമയ്യ എന്ന കാമിയോ കഥാപാത്രമാണ് വിജയ് സേതുപതിയുടേത്. മുനീശ്വരം, കാളി മുത്തു, ചാപ്ലിന്‍ സുന്ദര്‍, റേച്ചല്‍ റബേക്ക ഫിലിപ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. അയാനങ്ക ബോസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. മലയാളി സംവിധായകന്‍ ബി അജിത് കുമാറിന്റേതാണ് എഡിറ്റിങ്ങ്. അല്ലിരാജ സുബാസ്‌കരന്‍ നിര്‍മ്മിച്ച ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

UPDATES
STORIES