നിരന്തര പ്രണയാഭ്യര്‍ത്ഥന, നിരസിച്ചപ്പോള്‍ പിന്തുടരലും വിവാദ പോസ്റ്റുകളും; സനല്‍കുമാര്‍ ശശിധരനെതിരെ ഗുരുതര ആരോപണങ്ങളെന്ന് റിപ്പോര്‍ട്ട്

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരായ നടി മഞ്ജുവാര്യറുടെ പരാതിയില്‍ ഗുരുതര ആരോപണങ്ങളെന്ന് റിപ്പോര്‍ട്ട്. 2019ല്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതുമുതല്‍ സനല്‍ കുമാര്‍ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്‌തെന്നാണ് നടി കമ്മീഷണര്‍ ഓഫീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഐടി വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് എളമക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് സംവിധായകനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

മഞ്ജുവാര്യറെ കേന്ദ്രകഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം. ലൊക്കേഷനില്‍ വെച്ച് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും നടി നിരസിക്കുകയായിരുന്നു. തുടര്‍ന്ന് നിരന്തരം പിന്തുടരുകയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. മഞ്ജുവാര്യര്‍ കോളുകള്‍ എടുക്കാതെയായതോടെ സനല്‍ കുമാര്‍ വാട്‌സാപ്പ്, ഇമെയില്‍, എസ്എംഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും പിന്തുടര്‍ന്നെന്ന് പരാതിയെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ നടി നേരിട്ടും സുഹൃത്തുക്കള്‍ വഴിയും സംവിധായകന് മുന്നറിയിപ്പുകള്‍ നല്‍കി. തുടര്‍ന്നാണ് സനല്‍കുമാര്‍ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ നടിയെ സംബന്ധിച്ച് വിവാദപരമായ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തത്. മഞ്ജുവാര്യറുടെ ജീവന് ഭീഷണിയുണ്ടെന്നും നടി വീട്ടു തടങ്കലിലാണെന്നുമായിരുന്നു പോസ്റ്റുകളുടെ ഉള്ളടക്കം. സനല്‍കുമാര്‍ തനിക്കയച്ച മെസേജുകളുടെയും ഇമെയ്ല്‍ സന്ദേശങ്ങളുടെയും സ്‌ക്രീന്‍ഷോട്ടുകളും മറ്റ് രേഖകളും അടക്കമാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

എന്നാല്‍, മഞ്ജുവാര്യര്‍ തനിക്കെതിരെ പരാതി നല്‍കിയതായി അറിയില്ലെന്നാണ് സനല്‍കുമാറിന്റെ വാദം. എളമക്കര പൊലീസ് നെയ്യാറ്റിന്‍കരയിലെത്തിയാണ് സനല്‍കുമാറിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിലെടുക്കവെ നാടകീയ രംഗങ്ങളുമുണ്ടായി. തന്നെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോവുകയാണെന്ന് സനല്‍കുമാര്‍ ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചെങ്കിലും എത്തിയത് അന്വേഷണ സംഘം തന്നെയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും പാറശാല പൊലീസും സ്ഥിരീകരിച്ചിരുന്നു.

UPDATES
STORIES