‘എൻ്റെ നവ്യക്ക്, എല്ലാ ഭാവുകങ്ങളും’; ഒരുത്തീക്ക് ആശംസകൾ നേർന്ന് മഞ്ജു

പത്ത് വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരം നവ്യ നായരുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ വി.കെ പ്രകാശ് ചിത്രം ‘ഒരുത്തീ’ ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ നവ്യക്കും ചിത്രത്തിനും ആശംസകൾ നേരുകയാണ് സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.

“ഇതാ നിങ്ങളുടെ നവ്യാ നായർ. പത്തു വർഷങ്ങൾക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ മടങ്ങിയെത്തുമ്പോൾ, നിങ്ങളെ പോലെ ഞാനും ഒരുപാട് സന്തോഷിക്കുന്നു. ഒരുത്തീ ഒരു തീയായി പടരും, എനിക്കുറപ്പുണ്ട്. എന്റെ നവ്യയ്ക്ക് എല്ലാ ഭാവുകങ്ങളും. എന്ന് നിങ്ങളുടെ സ്വന്തം മഞ്ജു വാര്യർ,” എന്നാണ് മഞ്ജു പറഞ്ഞത്.

തന്റെ മടങ്ങിവരവിന് പ്രചോദനയമായത് മഞ്ജു വാര്യർ ആണെന്നും തിരിച്ചു സിനിമയിലേക്ക് വരാൻ തീരുമാനിച്ച കാര്യം താൻ ആദ്യം പറഞ്ഞത് മഞ്ജുവിനോടാണെന്നും പല അഭിമുഖങ്ങളിലും നവ്യ പറഞ്ഞിരുന്നു.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിന് ശേഷം പൂർണമായും നവ്യയെ ആശ്രയിച്ച് കഥ മുന്നോട്ട് പോകുന്ന ചിത്രമാണ് ഒരുത്തീ. രാധാമണി എന്ന, ജങ്കാറിലെ തൊഴിലാളി സ്ത്രീയായാണ് നവ്യ ചിത്രത്തിൽ എത്തുന്നത്.

അതേസമയം, മഞ്ജു വാര്യർ അഭിനയിക്കുന്ന ലളിതം സുന്ദരം എന്ന ചിത്രവും ഇന്ന് പ്രദർശനത്തിനെത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. മഞ്ജുവിന്റെ സഹോദരൻ മധു വാര്യറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബിജു മേനോൻ, സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹൻ, രഘുനാഥ് പലേരി തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു.

UPDATES
STORIES