തിയേറ്ററിലെ 15 ദിവസങ്ങള്‍ക്ക് ശേഷം മരക്കാര്‍ ഒടിടിയിലേക്ക്? ഡിസംബര്‍ 17ന് എത്തുമെന്ന് ആമസോണ്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ്ബജറ്റ് ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം അറിയിച്ചിരുന്നതിനേക്കാള്‍ നേരത്തെ ഒടിടി പ്രദര്‍ശനത്തിനെത്തുമെന്ന് വിവരം. ചിത്രം ഡിസംബര്‍ 17ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണിന്റെ കസ്റ്റമര്‍ സര്‍വ്വീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അറിയിക്കുന്നത്. ഒടിടി റിലീസ് എന്നായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ചിത്രം അമ്പത് ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാവും ഒടിടി റിലീസ് എന്നായിരുന്നു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. എന്നാല്‍ ആമസോണ്‍ ഹെല്‍പ് നല്‍കുന്ന വിവരമനുസരിച്ച് ഡിസംബര്‍ 17ന് ചിത്രമെത്തും. ഡിസംബര്‍ രണ്ടിനായിരുന്നു മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. അതായത്, തിയേറ്റര്‍ റിലീസിന്റെ 15ാം നാള്‍ മരക്കാര്‍ ഒടിടിയിലെത്തും.

മരക്കാര്‍ എന്ന് ഒടിടിയിലെത്തുമെന്ന ഉപഭോക്താക്കളുടെ ചോദ്യത്തോട് ‘സിനിമയെ നിങ്ങള്‍ കാത്തിരിക്കുന്നത് ഞങ്ങള്‍ മനസിലാക്കുന്നെന്നും ഡിസംബര്‍ 17ന് ചിത്രമെത്തുമെന്നു’മാണ് ആമസോണ്‍ ഹെല്‍പ് നല്‍കുന്ന മറുപടി. നിരവധിപ്പേരോട് പേജ് ഇത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ട്. സിനിമാ വിവരങ്ങള്‍ പങ്കുവെക്കുന്ന പല ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലുകളും മരക്കാര്‍ 17ന് ആമസോണ്‍ പ്രൈം വീഡിയോയിലെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡിസംബര്‍ 17ന് തന്നെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പും ഒടിടിയിലെത്തിയേക്കും. നെറ്റ്ഫ്‌ളിക്‌സിലാണ് കുറുപ്പ് റിലീസ്. തിയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവലും ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബര്‍ 23ന് നെറ്റ്ഫ്‌ളിക്‌സിലാണ് കാവലും പ്രദര്‍ശനത്തിനെത്തുക.

പ്രദര്‍ശനത്തിനെത്തുംമുമ്പേ തന്നെ മരക്കാറിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായിരുന്നു. ചിത്രം ഒടിടി റിലീസിനെത്തുമെന്നും ആമസോണ്‍ പ്രൈമുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ഒരുഘട്ടത്തില്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ മരക്കാര്‍ തിയേറ്ററുകളില്‍ത്തന്നെ എന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു. ഈ തീരുമാനത്തിന് പിന്നില്‍ സര്‍ക്കാര്‍ തല ഇടപെടലുകളും നടന്നിരുന്നു.

100 കോടി ചെലവിട്ടാണ് പ്രിയദര്‍ശന്‍ കുഞ്ഞാലിമരക്കാര്‍ നാലാമന്റെ കഥ പറയുന്ന മരക്കാര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്തമാക്കിക്കഴിഞ്ഞു. മോഹന്‍ലാലിനോടൊപ്പം മകന്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ്ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രഭു, സുഹാസിനി, ഫാസില്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍, മുകേഷ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. സാബു സിറിലാണ് ചരിത്രകഥയ്ക്ക് കലാസംവിധാനമൊരുക്കിയിരിക്കുന്നത്. തിരുവിന്റേതാണ് ക്യാമറ. എഡിറ്റിങ് എം.എസ് അയ്യപ്പന്‍. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്റെ വിഎഫ്എക്സിന് വലിയ പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. രാഹുല്‍ രാജ് പശ്ചാത്തല സംഗീതമൊരുക്കിയ ചിത്രത്തില്‍, റോണി റാഫേലാണ് ഗാനങ്ങള്‍ തയ്യാറാക്കിയത്.

UPDATES
STORIES