ഓസ്കാർ പുരസ്കാരത്തിനായുള്ള നോമിനേഷനുള്ള യോഗ്യതാ പട്ടികയിൽ ഇടംനേടി പ്രിയദർശൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. ഗ്ലോബൽ കമ്യൂണിറ്റി ഓസ്കാർ അവാർഡ്സ് എന്ന വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള നാമനിർദ്ദേശ പട്ടികയിലാണ് മോഹൻലാൻ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ സൂര്യയുടെ തമിഴ് ചിത്രം ‘ജയ് ഭീമും’ ഇടംനേടിയിട്ടുണ്ട്.
സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലിമരക്കാര്‍ നാലാമന്റെ ചരിത്രം ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് മരക്കാർ. 100 കോടി ചെലവിട്ടാണ് പ്രിയദര്ശന് സിനിമ ഒരുക്കിയിയത്. ചിത്രം ഇതിനോടകം തന്നെ ആറ് ദേശീയ പുരസ്കാരങ്ങള്‍ കരസ്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. മികച്ച ഫീച്ചർ സിനിമ, സ്പെഷ്യൽ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലാണ് ദേശീയ പുരസ്കാങ്ങൾ ലഭിച്ചത്.
സമ്മിശ്ര പ്രതികരണങ്ങളായിരുന്നു മരക്കാർ സിനിമക്ക് ലഭിച്ചത്. സിനിമയ്ക്കെതിരെ ബോധപൂർവമായ ഡീഗ്രേഡിങ് നടക്കുന്നു എന്ന വിമർശനവുമായി അണിയറ പ്രവർത്തകരും നടൻ മോഹൻലാലും നേരത്തെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ എതിരാളി സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു എന്നും മരക്കാറിനെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നുമാണ് പ്രിയദർശൻ പറഞ്ഞിരുന്നത്.
മോഹന്‍ലാലിനോടൊപ്പം മകന് പ്രണവ് മോഹന്‍ലാല്‍, അര്ജുന് സര്‍ജ്ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, പ്രഭു, സുഹാസിനി, ഫാസില്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്വന്, മുകേഷ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.
ജാതി വിവേചനത്തിന്റെ കഥപറയുന്ന സൂര്യ-ജ്ഞാനവേൽ കൂട്ടുക്കെട്ടിൽ പിറന്ന തമിഴ് ചിത്രം ജയ് ഭീമും ഓസ്കാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള നോമിനേഷൻ ലിസ്റ്റിലാണ് ജയ് ഭീം ഉൾപ്പെടുത്തിയിരിക്കുന്നത്.
നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട ജയ് ഭീമിന്റെ ചില ഭാഗങ്ങള്‍ ഓസ്കാര്‍ ഔദ്യോഗിക യൂട്യൂബ് ചാനല്‍ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. സിനിമയിലെ ചില ഭാഗങ്ങളും ചിത്രത്തെക്കുറിച്ച് സംവിധായകന് വിശദീകരിക്കുന്നതുമായ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. സീന്‍ അറ്റ് ദ അക്കാദമി എന്ന വിഭാഗത്തിലാണ് വീഡിയോ ഉള്‍പ്പെടുത്തിയത്.
മത്സര ചിത്രങ്ങളുടെ അന്തിമ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും. മാർച്ചിലാണ് ഓസ്കാർ പുരസ്കാര പ്രഖ്യാപനം.