മരക്കാര്‍ കാത്തിരിപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; ക്യാരക്ടര്‍ ചിത്രങ്ങള്‍ കാണാം

ഏറെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ തിയേറ്റര്‍ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം. പ്രഖ്യാപിച്ചതുമുതല്‍ സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രാണ് ബാക്കി. ടീസറിനും ട്രെയ്‌ലറിനും ക്യാരക്ടര്‍ സ്റ്റില്‍സിനും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്.

അണിയറ പ്രവര്‍ത്തകര്‍ ഒടുവില്‍ പുറത്തുവിട്ട കല്യാണി പ്രിയദര്‍ശന്റെയും കീര്‍ത്തി സുരേഷിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ആര്‍ച്ച എന്ന കഥാപാത്രമാണ് കീര്‍ത്തി സുരേഷിന്റേത്.

ലോകസിനിമകളെ റേറ്റ് ചെയ്യുന്ന ഐഎംഡിബി വെബ്‌സൈറ്റില്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് മരക്കാര്‍. രാജമൗലിയുടെ ആര്‍ആര്‍ആറിനെയും പിന്നിലാക്കിയാണ് മരക്കാറിന്റെ തേരോട്ടം. സര്‍ക്കാരിന്റെ കൂടെ ഇടപെടലുകളോടെയാണ് മരക്കാര്‍ തിയേറ്ററുകളിലെത്തുന്നത്.

ചിത്രീകരണത്തിലെ മികവുകള്‍ ചര്‍ച്ചയായതിനോടൊപ്പം തന്നെ മരക്കാറിന്റെ തീം മ്യൂസിക്കും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. സംഗീത സംവിധായകന്‍ രാഹുല്‍ രാജാണ് ചിത്രത്തിന് തീംമ്യൂസിക് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലാണ് തീം മ്യൂസിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഡിസംബര്‍ രണ്ടിന് മരക്കാര്‍ തിയേറ്ററുകളിലെത്തും. മോഹന്‍ലാലിന് പുറമേ, മഞ്ജുവാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍ സര്‍ജ, സുഹാസിനി, നെടുമുടി വേണു, സുനില്‍ ഷെട്ടി തുടങ്ങിയ താരനിരയും മരക്കാറില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ‘മമ്മാലി അഥവാ കുഞ്ഞാലി മരക്കാര്‍ നാലാമന്‍’ എന്നാണ് പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്ററിന് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ വിശേഷണം. ചിത്രത്തില്‍ മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ നാലാമനായാണ് എത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് 100 കോടിയോളം രൂപ മുടക്കി ചിത്രം നിര്‍മ്മിക്കുന്നത്. രണ്ടര വര്‍ഷം കൊണ്ടാണ് മരക്കാറിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടി പ്രേക്ഷകരിലേക്കെത്തുന്നു എന്ന പ്രത്യേകതയും മരക്കാറിനുണ്ട്.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ ചെന്നൈയില്‍ വെച്ചുനടത്തിയ ചിത്രത്തിന്റെ പ്രിവ്യൂവിനും വലിയ അഭിപ്രായമാണുണ്ടായത്. ചിത്രം വലിയ സ്‌ക്രീനുകളിലൂടെത്തന്നെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തണമെന്ന അഭിപ്രായമാണുയര്‍ന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

മരക്കാര്‍ റിലീസിനോടനുബന്ധിച്ച് തിയേറ്ററുകളിലെ സീറ്റിങ് കപ്പാസിറ്റി 75 ശതമാനമാക്കാമെന്ന് സര്‍ക്കാരും ചലച്ചിത്ര സംഘടനകളും ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ ആദ്യ ആഴ്ചകളില്‍ത്തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ചുബാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

പ്രിയദര്‍ശനും അനി ഐ.വി ശശിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുനന്നത്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ് തിരുവാണ് ഛായാഗ്രഹണം.

UPDATES
STORIES