റിലീസ് പ്രഖ്യാപനങ്ങളുടെ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തി. അര്‍ധരാത്രി പന്ത്രണ്ടുമണിക്കായിരുന്നു ആരാധകര്ക്കായൊരുക്കിയ ആദ്യ ഫാന്‍സ് ഷോ. മികച്ച പ്രതികരണമാണ് മരക്കാറിന് വിവിധ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്നത്. അര്‍ധരാത്രിതന്നെ ചിത്രം കാണാന്‍ ആരാധകരുടെ നീണ്ടനിരയുണ്ടായിരുന്നു.
സാമൂതിരി രാജാവിന്റെ കാലാള്‍പ്പടയെ നയിക്കുന്ന കുഞ്ഞാലിമരക്കാറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കുഞ്ഞാലി മരക്കാറുടെ ഭൂതകാലവും ജീവിതവുമെല്ലാം ചരിത്രവും ഭാവനയും ഇടകലര്‍ത്തി അവതരിപ്പിച്ചാണ് ചിത്രമെത്തിയിരിക്കുന്നത്.
ചരിത്ര പുരുഷനായ കുഞ്ഞാലി നാലാമനെ തന്നെ സ്നേഹിക്കുന്നവര്‍ക്കൊപ്പം കാണാന്‍ മോഹന്‍ലാലും തിയേറ്ററിലെത്തി. പ്രത്യേക പ്രീമിയര്‍ ഷോയ്ക്കാണ് മോഹന്‍ലാല്‍ എത്തിയത്. ഏറെ പ്രത്യേകതകളുള്ള സിനിമയായതുകൊണ്ടാണ് താന്‍ നേരിട്ട് തിയേറ്ററിലെത്തിയതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ലോകമൊട്ടാകെ 4100 സ്ക്രീനുകളിലായിട്ടാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതുപ്രകാരം, ദിനംപ്രതി 16,000 ഷോകള്‍ ചിത്രത്തിനുണ്ടാകും. ഇത്രയധികം സ്ക്രീനുകളില്‍ ഒരു മലയാള സിനിമ എത്തുന്നത് ആദ്യമായിട്ടാണ്. കേരളത്തിലെ ആകെ 631 സ്ക്രീനുകളില്‍ 626 ഇടങ്ങളിലും ഇന്നു മുതല്‍ മരയ്ക്കാറാണ് പ്രദര്‍ശിപ്പിക്കുക. കേരളത്തിലും ഇത്രയധികം സ്ക്രീനുകളില്‍ ഒരു ചിത്രമെത്തുന്നത് വളരെ ചുരുക്കമാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ മരക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 1000 ഫാന്‍സ് ഷോകളുണ്ട്.
100 കോടി ചെലവിട്ടാണ് പ്രിയദര്ശന് കുഞ്ഞാലിമരക്കാര്‍ നാലാമന്റെ കഥ പറയുന്ന മരക്കാര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ആറ് ദേശീയ പുരസ്കാരങ്ങള്‍ കരസ്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷമായിരുന്നു മരക്കാറുടെ റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും കൊവിഡ് ലോക്ഡൗണുകളെത്തുടര്ന്ന് പലകുറി മാറ്റിവെക്കേണ്ടിവന്നിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രത്തിന്റെ റിലീസ് തിയേറ്ററുകളില്ത്തന്നെയാവാന് സര്‍ക്കാര്‍ തല ഇടപെടലുമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ചിത്രം ഒടിടി റിലീസിനെത്തുമെന്നും ആമസോണ്‍ പ്രൈമുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ മരക്കാര്‍ തിയേറ്ററുകളില്‍ത്തന്നെ എന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു.
മോഹന്‍ലാലിനോടൊപ്പം മകന് പ്രണവ് മോഹന്‍ലാല്‍, അര്ജുന് സര്‍ജ്ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, പ്രഭു, സുഹാസിനി, ഫാസില്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്വന്, മുകേഷ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലെത്തുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. സാബു സിറിലാണ് ചരിത്രകഥയ്ക്ക് കലാസംവിധാനമൊരുക്കിയിരിക്കുന്നത്. തിരുവിന്റേതാണ് ക്യാമറ. എഡിറ്റിങ് എം.എസ് അയ്യപ്പന്. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്റെ വിഎഫ്എക്സിന് വലിയ പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. രാഹുല്‍ രാജ് പശ്ചാത്തല സംഗീതമൊരുക്കിയ ചിത്രത്തില്‍ റോണി റാഫേലാണ് ഗാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.