മരക്കാര്‍ റിവ്യൂ: കടലില്‍ കൈവിട്ടുപോയ തിരക്കഥ, കയ്യടക്കത്തോടെ പ്രണവ്

മലയാള സിനിമക്ക് ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം കൈകോര്‍ക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ്‌ ചിത്രം ഏറെ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ, ദേശീയ പുരസ്‌കാരങ്ങള്‍, വമ്പന്‍ താര നിര തുടങ്ങി വലിയ ഹൈപ്പോടെയാണ് മരക്കാര്‍ പ്രദര്‍ശനത്തിനെതിയത്.

വിദേശാധിപത്യത്തിനെതിരെ മരക്കാര്‍ കുടുംബവും തലമുറകളും നടത്തിവന്ന സമാനതകളില്ലാത്ത പോരാട്ടത്തിന്റെ കഥയാണ് പ്രിയദര്‍ശന്‍ എന്ന ക്രാഫ്റ്റ്‌സ്മാന്‍ വെള്ളിത്തിരയില്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലിമരക്കാര്‍ നാലാമന്‍ എന്ന മുഹമ്മദലി മരക്കാര്‍ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

യുവാവായ കുഞ്ഞാലിയുടെ ജീവിതത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ഉമ്മ സ്‌നേഹത്തോടെ കുഞ്ഞ എന്ന് വിളിക്കുന്ന നിഷ്‌കളങ്കനായ പയ്യന്‍ എങ്ങനെ ഒരു നാടിന്റെ രക്ഷകനും ധീര യോദ്ധാവുമായി എന്നാണ് ചിത്രം പറയുന്നത്. പറങ്കികള്‍, ഉമ്മയും ഉപ്പൂപ്പയുമടക്കം ഉള്ള തന്റെ പ്രിയപ്പെട്ടവരെ ചതിച്ചു കൊലപ്പെടുത്തുന്നതോടെ ഒറ്റക്കാകുന്ന കുഞ്ഞാലിയുടെ ജീവിതത്തില്‍ നിന്നാണ് കഥ വളരുന്നത്.

അനീതിക്കെതിരെ ഒളിപ്പോര് നടത്തുന്ന കുഞ്ഞാലി കള്ളനും കൊള്ളക്കാരനുമായി മുദ്രകുത്തപ്പെടുന്നു. എന്നാല്‍ സിനിമയില്‍ അര്‍ജുന്‍ സര്‍ജ അവതരിപ്പിക്കുന്ന അനന്തന്‍ മാങ്ങാട്ടച്ഛന്‍ പറയുന്നത് പോലെ, കുഞ്ഞാലി ഒളിച്ചിരിക്കുന്നത് ആ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ ഹൃദയങ്ങളില്‍ ആയിരുന്നു.

വമ്പന്‍ താരനിരയുള്ള ചിത്രമാണ് മരക്കാര്‍. എന്നാല്‍ കാസ്റ്റിംഗ്, കഥാപാത്രങ്ങളോട് നീതിപാലിച്ചോ എന്ന ചോദ്യം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. മരക്കാറാകാന്‍ മോഹന്‍ലാലിന് ഒരുക്കിയിരിക്കുന്ന സംസാരശൈലി തീര്‍ത്തും ആരോചകമാണ്. മലബാര്‍ ശൈലിക്കിടയില്‍ കയറിവരുന്ന അച്ചടിഭാഷ സിനിമയില്‍ ഉടനീളം കല്ലുകടിയുണ്ടാക്കുന്നു. മുകേഷ് ഉള്‍പ്പെടെ പല അഭിനേതാക്കളും അടിതെറ്റിയത്തും ഇവിടെ തന്നെ.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, തായ് നടനും സംവിധായകനുമായ ജയ് ജെ ജാക്രിറ്റ് എന്നിവരുടെ സ്‌ക്രീന്‍ പ്രെസെന്‍സ് ആണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണീയതകളില്‍ ഒന്ന്. കുഞ്ഞാലിയുടെ ചെറുപ്പം അവതരിപ്പിച്ച പ്രണവ് യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിനെക്കാള്‍ മികച്ചു നിന്നു. ഉമ്മയുടെ പ്രിയപ്പെട്ട മകനായും, ഐഷയുടെ കാമുകനായും, കുഞ്ഞാലി എന്ന യോദ്ധാവായും കയ്യടക്കമുള്ള പ്രകടനമാണ് പ്രണവ് കാഴ്ചവച്ചത്. പ്രണവിന് കുറച്ചു കൂടി സ്‌ക്രീന്‍ സ്‌പേസ് കൊടുക്കാമായിരുന്നു എന്ന് തോന്നിപ്പോകും വിധത്തിലായിരുന്നു പ്രകടനം. ‘കണ്ണില്‍ എന്റെ’ എന്ന ഗാനരംഗത്തില്‍ മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു പ്രണവിന്റെ ശരീരഭാഷ. ആ പാട്ടിലൊഴികെ കല്യാണിക്ക് മറ്റൊന്നും ചെയ്യാനില്ല.

പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്റെ വിഎഫ്എക്‌സ് പലയിടത്തും മികച്ചുനില്‍ക്കുന്നുണ്ട്. രാഹുല്‍ രാജ് ഒരുക്കിയ പശ്ചാത്തല സംഗീരവും തിരുവിന്റെ ഛായാഗ്രഹണവും സാബു സിറിളിന്റെ കലാസംവിധാനവും മരക്കാര്‍ എന്ന സിനിമയെ അന്താരാഷ്ട്ര നിലവാരത്തില്‍ എന്തിക്കുമ്പോഴും, കരുതലില്ലാത്ത, കയ്യില്‍ നിന്ന് പോയ തിരക്കഥ ചിത്രത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തി.

മോഹന്‍ലാല്‍ എന്ന നടന്‍ മരക്കാര്‍ എന്ന വലിയ ചിത്രത്തിന് വേണ്ടി അദ്ദേഹത്തിന്റെ മുഴുവന്‍ നല്‍കി എന്ന് പറഞ്ഞാല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ കണ്ടു വളര്‍ന്ന ഒരാള്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. കുഞ്ഞാലിമരക്കാര്‍ എന്ന യോദ്ധാവായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ കഷ്ടപ്പെടുന്ന കാഴ്ച്ച ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.

അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, ആദ്യപകുതിയില്‍ മാത്രം ഉണ്ടായിരുന്ന സംവിധായകന്‍ ഫാസില്‍ എന്നിവര്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചപ്പോള്‍, സിദ്ദിഖ്, നെടുമുടിവേണു, ഹരീഷ് പേരടി, പ്രഭു, മഞ്ജു വാര്യര്‍ എന്നിവരുടെ അതിനാടകീയത കലര്‍ന്ന പ്രകടനങ്ങള്‍ നന്നേ നിരാശപ്പെടുത്തി.

ഒടിയനിലെ ഏറെ ട്രോള്‍ ചെയ്യപ്പെട്ട ‘മണിക്യാ കുറച്ചു കഞ്ഞി എടുക്കട്ടെ’ എന്ന ഡയലോഗിനെ ഓര്‍മപ്പെടുത്തുന്ന വിധത്തില്‍ അസ്ഥാനത്തായി പോയ പല ഡയലോഗുകളും ചിത്രത്തില്‍ ഉണ്ട്. വലിയ ഹൈപ്പോടെ ഇറങ്ങിയിട്ടും മൂന്നുമണിക്കൂര്‍ നീണ്ട ഈ ചിത്രത്തില്‍ പ്രണവ് മോഹല്‍ലാലിനപ്പുറം ഓര്‍ത്തുവെക്കാന്‍ പറ്റുന്ന ഒന്നുമില്ല.

UPDATES
STORIES