തിയേറ്ററുകളിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, റിലീസിന് മുമ്പേതന്നെ 100 കോടി ക്ലബ്ലില്‍ ഇടം നേടി മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം. ലോകമെമ്പാടുമുള്ള പ്രീബുക്കിങ് റിസര്‍വേഷനിലൂടെ ചിത്രം 100 കോടി നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍ ആദ്യമായാണ് പ്രദര്‍ശനത്തിനെത്തും മുമ്പേ ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്നത്.
കേരളത്തില്‍ തിയേറ്റര്‍ റിലീസുകള്‍ക്ക് തുടക്കമിട്ടെത്തിയ ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിനെ പിന്തള്ളിയാണ് മരക്കാറുടെ കളക്ഷന്‍ നേട്ടം. കുറുപ്പ് പ്രദര്‍ശനത്തിനെത്തും മുമ്പ് 50 കോടിയോളം രൂപയായിരുന്നു പ്രീബുക്കിങ്ങിലൂടെ നേടിയിരുന്നത്. റിലീസ് പ്രഖ്യാപിച്ചതുമുതല്ത്തന്നെ മരക്കാര്‍ പ്രീബുക്കിങ് ആരംഭിച്ചിരുന്നു.
ലോകമൊട്ടാകെ 4100 സ്ക്രീനുകളിലായിട്ടാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതുപ്രകാരം, ദിനംപ്രതി 16,000 ഷോകള്‍ ചിത്രത്തിനുണ്ടാകും. ഇത്രയധികം സ്ക്രീനുകളില്‍ ഒരു മലയാള സിനിമ എത്തുന്നത് ആദ്യമായിട്ടാണ്. കേരളത്തിലെ ആകെ 631 സ്ക്രീനുകളില്‍ 626 ഇടങ്ങളിലും വ്യാഴാഴ്ച മുതല്‍ മരയ്ക്കാറാണ് പ്രദര്‍ശിപ്പിക്കുക. കേരളത്തിലും ഇത്രയധികം സ്ക്രീനുകളില്‍ ഒരു ചിത്രമെത്തുന്നത് വളരെ ചുരുക്കമാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ മരക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 1000 ഫാന്‍സ് ഷോകളുമുണ്ട്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ അര്‍ധരാത്രി 12 മണിയോടെ ഫാന്‍സ് ഷോകള്‍ക്ക് തുടക്കമാവും.
100 കോടി ചെലവിട്ടാണ് പ്രിയദര്ശന് കുഞ്ഞാലിമരക്കാര്‍ നാലാമന്റെ കഥ പറയുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഒരുക്കിയിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രത്തിന്റെ റിലീസ് തിയേറ്ററുകളില്ത്തന്നെയാവാന് സര്‍ക്കാര്‍ തല ഇടപെടലുമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ചിത്രം ഒടിടി റിലീസിനെത്തുമെന്നും ആമസോണ്‍ പ്രൈമുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ മരക്കാര്‍ തിയേറ്ററുകളില്‍ത്തന്നെ എന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു.
റിലീസ് അനിശ്ചിതത്വത്തില്‍ നില്കുന്ന സമയത്താണ് ചിത്രം തിയേറ്ററില്‍ തന്നെയെത്തുമെന്ന് മന്ത്രി സജി ചെറിയാന് സംശയമേതുമില്ലാതെ പ്രഖ്യാപിച്ചത്. ഫിലിം ചേംബര്‍ പ്രതിനിധികളും ആന്റണി പെരുമ്പാവൂരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ നവംബര്‍ മൂന്നിന് തിയേറ്റര്‍ ഉടമകളുമായും ആന്റണിയുമായും ചര്‍ച്ച നടത്താന്‍ സജി ചെറിയാന് ശ്രമിച്ചിരുന്നു. തിയേറ്ററുടമകള്‍ തന്റെ ഉപാധികള്‍ അംഗീകരിക്കാത്തതുകൊണ്ട് ഒടിടി തന്നെയാണ് മാര്‍ഗമെന്ന് ചൂണ്ടിക്കാട്ടി ആന്റണി ചര്‍ച്ചയില്‍ നിന്നൊഴിഞ്ഞു. പക്ഷെ, ചര്‍ച്ചയ്ക്കുള്ള ഇടവും സാധ്യതയും സര്‍ക്കാര്‍ തുറന്നിടുകയായിരുന്നു.
സിനിമകള്‍ ഒടിടിയിലേക്ക് പോകുന്ന പ്രവണത വ്യവസായത്തിന്റെ നിലനില്പിനെ ബാധിക്കുമെന്ന നിരീക്ഷണമാണ് സര്‍ക്കാരിനുള്ളത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവനോപാധിയാണിതെന്ന് മന്ത്രി സജി ചെറിയാന് ചൂണ്ടിക്കാട്ടി. എല്ലാ സിനിമകളും തിയേറ്ററില്‍ റിലീസ് ചെയ്യണം. ഒരു സിനിമയും ഒടിടിയില്‍ പോകാന്‍ പാടില്ല. സര്‍ക്കാരിനും വലിയ നഷ്ടം സംഭവിക്കും. ഈ ട്രെന്‍ഡ് വന്നാല്‍ വലിയ പ്രയാസമാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സര്‍ക്കാരിന് തിയേറ്ററുകളുള്ളതും തിയേറ്ററിലെ വിനോദ നികുതി വഴിയുള്ള വരുമാനവുമാണ് സജി ചെറിയാന് പരോക്ഷമായി പരാമര്‍ശിച്ചത്.