മരയ്ക്കാര്‍ ഒടിടിക്ക് നല്‍കാന്‍ ആലോചിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍; ‘പിന്നെ എന്തിനാണ് രണ്ടുവര്‍ഷം കാത്തിരുന്നത്?’

മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം തിയേറ്റര്‍ റിലീസിനുവേണ്ടി തയ്യാറാക്കിയ ചിത്രമെന്ന് നടന്‍ മോഹന്‍ലാല്‍. ഒടിടി റിലീസിലേക്ക് ചിത്രമെത്തിക്കാന്‍ ആലോചിച്ചിട്ടില്ല. വിവാദങ്ങള്‍ അനാവശ്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ഒടിടിയുമായി ധാരണാപത്രത്തിലെത്തിയുന്നു എന്നതടക്കമുള്ളത് വെറും വാര്‍ത്തകള്‍ മാത്രമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘സിനിമ റിലീസ് ചെയ്യണോ, ഒടിടിയിലേക്ക് കൊടുക്കണോ എന്നതൊക്കെയുള്ള തീരുമാനം ഞങ്ങളാണ് എടുക്കേണ്ടത്. വിവാദങ്ങളുണ്ടായെന്ന് പറയുന്ന സമയത്ത് ആ തീരുമാനങ്ങളെടുത്തിട്ടില്ല. ഒടിടിക്ക് കൊടുക്കാനായിരുന്നെങ്കില്‍ രണ്ട് വര്‍ഷം മുമ്പേ ആകാമായിരുന്നു’, മോഹന്‍ലാല്‍ പറയുന്നതിങ്ങനെ.

തിയേറ്ററുകള്‍ ആദ്യഘട്ടത്തില്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറായിരുന്നതാണ്. രണ്ടാമത്തെ ലോക്ഡൗണിന് ശേഷം വീണ്ടും തിയേറ്റര്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ നഷ്ടമുണ്ടായാലും ചിത്രം തിയേറ്ററില്‍ തന്നെ കൊണ്ടുവരാനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

നസീറിനും ജയനും ശേഷവും സിനിമയുണ്ടായിരുന്നു എന്ന് മോഹന്‍ലാല്‍ മനസിലാക്കണമെന്നും മോഹന്‍ലാല്‍ ബിസിനസുകാരനാണെന്നുമുള്ള ഫിയോക്കിന്റെ പരാമര്‍ശത്തോടും അദ്ദേഹം മറുപടി പറഞ്ഞു. ‘നൂറുശതമാനം ഞാനൊരു ബിസിനസുകാരനാണ്. കഴിഞ്ഞ 43 വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന ആളാണ്. സൗജന്യമായി അഭിനയിക്കുന്ന വ്യക്തിയല്ല. ഞാന്‍ സിനിമ നിര്‍മ്മിക്കുന്നുമുണ്ട്. അതില്‍ പൈസ പോട്ടെ എന്ന് കരുതിയല്ല നിര്‍മ്മിക്കാറുള്ളത്. പക്ഷേ, ഞാന്‍ ചെയ്ത കാലാപാനി, വാനപ്രസ്ഥമടക്കമുള്ള വലിയ സിനിമകള്‍ സാമ്പത്തികമായി വലിയ നഷ്ടമുണ്ടായിട്ടുണ്ട്. അതൊക്കെ അങ്ങനെ സംഭവിച്ചു. 100 കോടി മുടക്കി ഒരു സിനിമയെടുക്കുമ്പോള്‍ 105 കോടി തിരിച്ചുകിട്ടണമെന്ന് പ്രതീക്ഷിക്കുന്നതില്‍ എന്താണ് കുഴപ്പം?’, മോഹന്‍ലാലിനെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ തിയേറ്റര്‍ റിലീസില്‍ തീരുമാനമായത്. മരക്കാര്‍ തിയേറ്റര്‍ പ്രദര്‍ശനം അടഞ്ഞ അധ്യായമാണെന്ന് ഫിയോകും ആന്റണി പെരുമ്പാവൂര്‍ തന്നേയും സ്ഥിരീകരിച്ചിരുന്നു. ആമസോണ്‍ പ്രൈമുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയത് രാജ്യത്തെ ഏറ്റവും വലിയ ഡയറക്ട് ഒടിടി ഡീലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആമസോണ്‍ സ്ട്രീമിങ്ങിനും ഏഷ്യാനെറ്റ് സംപ്രേഷണത്തിനും കൂടി ചേര്‍ന്ന് 90 കോടിയോളം രൂപ മരക്കാറിന് ലഭിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കിയാണ് മരയ്ക്കാര്‍ തിയേറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

UPDATES
STORIES