‘മരക്കാര്‍’ ഒടിടിയിലും തിയേറ്ററിലുമെത്തിക്കാന്‍ ശ്രമം; ഇരട്ട റിലീസിനോട് നിലപാട് തേടി ഫിയോകിന്റെ റഫറണ്ടം

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ തിയേറ്ററില്‍ റിലീസ് ചെയ്യാനുള്ള ശ്രമം തുടരുന്നു. ആമസോണ്‍ പ്രൈം വീഡിയോയുമായുണ്ടാക്കിയ ഒടിടി കരാറില്‍ ഭേദഗതി വരുത്തി സിനിമ തിയേറ്ററില്‍ കൂടി എത്തിക്കാനാണ് ആന്റണി പെരുമ്പാവൂരും സഹനിര്‍മ്മാതാക്കളും ശ്രമിക്കുന്നത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ നിലപാട് ഗൗനിക്കാതെ 150ഓളം സിനിമാശാലകള്‍ മരക്കാര്‍ ടീമുമായി സംസാരിക്കുന്നുണ്ട്.

നിലവില്‍ ഡയറക്ട് ഒടിടി റിലീസ് അല്ലാത്ത സിനിമകള്‍ തിയേറ്ററിലെത്തി 42 ദിവസത്തിന് ശേഷമാണ് ഒടിടിയില്‍ പ്രദര്‍ശനത്തിന് നല്‍കുന്നത്. മരക്കാര്‍ മൂന്നോ നാലോ ആഴ്ച്ചകള്‍ തിയേറ്ററില്‍ സ്‌ക്രീന്‍ ചെയ്ത ശേഷം ആമസോണില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമോയെന്ന് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റിലീസാകുന്ന ചിത്രങ്ങളുടെ ഒടിടി സമയപരിധിയില്‍ മാറ്റം വരുത്താന്‍ ഫിലിം ചേംബര്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം റിലീസ് മുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്താനുണ്ട്.

ടീം മരക്കാര്‍

മരക്കാര്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തി. കേരളത്തില്‍ 200 തിയേറ്ററുകളോളം തങ്ങളുടെ സംഘടനയുടെ കീഴില്‍ വരുന്നുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പ്രിയദര്‍ശനോടും ആന്റണി പെരുമ്പാവൂരിനോടും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് നേതാവ് പറഞ്ഞിരുന്നു. മരക്കാര്‍ ഫിയോകിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണെന്നായിരുന്നു ഇതിനോട് കെ വിജയകുമാര്‍ പ്രതികരിച്ചത്.

ഇതിനിടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് സ്വീകരിച്ച കര്‍ശന നിലപാടുകളില്‍ നിന്ന് ഫിയോക് അയഞ്ഞുതുടങ്ങി. ഒടിടിയിലും തിയേറ്ററിലും ഒരേ സമയം സ്‌ക്രീനിങ്ങ് നടത്തുന്നതിനേക്കുറിച്ച് അംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ ഫിയോക് തീരുമാനിച്ചു. ജില്ലാ അടിസ്ഥാനത്തിലാണ് റഫറണ്ടം നടത്തുന്നത്. ചില ജില്ലകളില്‍ ഇതിനോടകം ഉടമകളുടെ യോഗം ചേര്‍ന്നുകഴിഞ്ഞു. കേരളത്തിലുള്ള 670 തിയേറ്റര്‍ സ്‌ക്രീനുകളില്‍ 400ല്‍ ഏറെയെണ്ണം ഫിയോകിന് കീഴിലാണ്.

ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഫിയോക് യോഗം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും വേണ്ടെന്നും ഫിയോക് നിലപാട് എടുത്തിരുന്നു. ഒടിടിയിലും തിയേറ്ററിലും ഒരേ സമയം സിനിമ റിലീസ് ചെയ്യുന്നതിനോടും സഹകരിക്കില്ല. മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളെ പുറത്താക്കാനും ഫിയോക് യോഗത്തില്‍ അന്ന് തീരുമാനമെടുത്തിരുന്നു.

UPDATES
STORIES